കന്യാസ്ത്രീയുടെ കൊലപാതകം:പ്രതിയെ നാളെ കോട്ടയത്തെത്തിക്കും

 

കോട്ടയം: പാലാ ലിസ്യൂ സിഎംസി മഠത്തില്‍ സിസ്റ്റര്‍ അമല (69)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സതീഷ് ബാബു(38)വിനെ ഞായറാഴ്ച കോട്ടയത്ത് എത്തിക്കും. വിമാനത്തില്‍ വിലങ്ങുവച്ച് കൊണ്ടുവരുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ടാണു യാത്ര വൈകാന്‍ കാരണം. വ്യോമയാന വകുപ്പിന്റെ അനുമതിയില്ലാതെ ഒരാളെ വിലങ്ങുവച്ച് വിമാനത്തില്‍ കൊണ്ടുവരാനാവില്ല. ഇതിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതിയും അഞ്ചു പോലീസുകാരുമടങ്ങുന്ന സംഘത്തിനു വിമാനത്തില്‍ അടുത്തടുത്തുള്ള സീറ്റുകള്‍ ലഭിക്കണം. ഇക്കാര്യങ്ങള്‍ എല്ലാം പൂര്‍ത്തിയായാലേ യാത്ര തുടങ്ങാനാവൂ.

ഇന്നു വൈകുന്നേരത്തോടെ നടപടികള്‍ പൂര്‍ത്തിയായാല്‍ ഞായറാഴ്ച രാവിലെ ഏഴിനുള്ള വിമാനത്തില്‍ കൊച്ചിയിലേക്കു പുറപ്പെടാന്‍ കഴിയും. എന്തായാലും കണക്ടഡ് പ്ലെയിനുകളില്‍ കയറാതെ നേരിട്ട് കൊച്ചിയിലെത്തുന്ന വിമാനത്തില്‍ യാത്ര ചെയ്യാനാണ് ഉന്നത ഉദ്യോഗസ്ഥരും നല്‍കിയ നിര്‍ദേശം. അതിനാല്‍ കൂടുതല്‍ സാധ്യത ഞായറാഴ്ച രാവിലെ പുറപ്പെടാനായിരിക്കും. ഞായറാഴ്ച രാവിലെ 10 ഓടെ പ്രതിയെ കൊച്ചിയില്‍ എത്തിക്കാനാവുമെന്നാണ് കരുതുന്നത്. അവിടെ നിന്ന് അതീവ സുരക്ഷാ സംവിധാനമുള്ള വാഹനത്തില്‍ കോട്ടയത്ത് എത്തിക്കും.

വെള്ളിയാഴ്ച പാലാ ഡിവൈഎസ്പി ഡി.എസ്. സുനീഷ് ബാബുവും സിഐ ബാബു സെബാസ്റ്റ്യനും നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. 16ന് അര്‍ധരാത്രിയോടെ മഠത്തിലെ മുറിയില്‍ ഉറങ്ങിക്കിടന്ന സിസ്റ്റര്‍ അമലയെ വളഞ്ഞ ഇരുമ്പുകമ്പിക്ക് അടിച്ചു കൊലപ്പെടുത്തിയശേഷം ആയുധം സമീപത്തെ കാടിനുള്ളില്‍ എറിഞ്ഞുകളഞ്ഞതായി ഇയാള്‍ വെളിപ്പെടുത്തി.

ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തോടു ചേര്‍ന്ന ഗസ്റ്റ് ഹൗസില്‍ ബുധനാഴ്ച രാത്രി എട്ടരയോടെ ഉത്തരാഖണ്ഡ് സ്‌പെഷല്‍ ബ്രാഞ്ച് പോലീസിന്റെ അറസ്റ്റിലായ പ്രതിയെ പാലായില്‍ നിന്നെത്തിയ പോലീസ് വെള്ളിയാഴ്ച രാവിലെ ഹരിദ്വാറിലെ റാണിപ്പുര്‍ കോട്‌വാലി പോലീസ് സ്റ്റേഷന്‍ ലോക്കപ്പിലാണ് ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തത്. സിസ്റ്റര്‍ അമലയുടെ കൊലപാതകം ഉള്‍പ്പെടെ വിവിധ മഠങ്ങളില്‍ കന്യാസ്ത്രീകളെ ആക്രമിച്ചതായി പ്രതി സമ്മതിച്ചുവെന്നു പോലീസ് പറഞ്ഞു. പ്രതിക്കു യാതൊരു മാനസിക വൈകല്യവും ഉള്ളതായി തോന്നുന്നില്ലെന്നും അക്ഷോഭ്യനായി ചോദ്യങ്ങള്‍ക്ക് മറുപടി നല്്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ഉത്തരാഖണ്ഡ് പോലീസ് കസ്റ്റഡിയില്‍നിന്നു പ്രതി സതീഷിനെ സിസ്റ്റര്‍ അമലയുടെ കൊലക്കേസ് രേഖകളുടെ അടിസ്ഥാനത്തില്‍ ഹരിദ്വാര്‍ ജില്ലാ കോടതി വെള്ളിയാഴ്ച കേരള പോലീസിനു കൈമാറാന്‍ അനുമതി നല്‍കുകയായിരുന്നു. അതിനു മുന്‍പ് ഹരിദ്വാര്‍ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് 1.30നു സതീഷിനെ ഉത്തരാഖണ്ഡ് പോലീസ് വിട്ടുകൊടുത്ത ജീപ്പില്‍ 400 കിലോമീറ്റര്‍ അകലെയുള്ള ഡല്‍ഹിയിലെത്തിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതി ഒളിച്ചുതാമസിച്ച വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പു നടത്തിയ ശേഷമായിരിക്കും കേരളത്തിലേക്ക് വിമാനത്തില്‍ എത്തിക്കുക. ഡല്‍ഹി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞശേഷമാണ് സതീഷ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി ട്രെയിനില്‍ ഹരിദ്വാറില്‍ എത്തിയത്. അന്നു രാത്രി അവിടെ റെയില്‍വെ സ്റ്റേഷനില്‍ കഴിഞ്ഞശേഷം ചൊവ്വാഴ്ച പകല്‍ നഗരത്തില്‍ സഞ്ചരിച്ച് വൈകുന്നേരത്തോടെ മലയാളികളുടെ ഉടമസ്ഥതയിലുള്ള അയ്യപ്പമന്ദിരത്തില്‍ എത്തിച്ചേര്‍ന്നതായി പോലീസ് വ്യക്തമാക്കി.

പാലാ ഡിവൈഎസ്പി ഡിവൈഎസ്പി ഡി.എസ്. സുനീഷ് ബാബു സിഐ ബാബു സെബാസ്റ്റിയന്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ തോമസ് സേവ്യര്‍, ഷെറിന്‍ സ്റ്റീഫന്‍, ബിജു കുര്യന്‍ എന്നിവരുടെ ടീം വ്യാഴാഴ്ച രാത്രി എട്ടിനു കൊച്ചിയില്‍നിന്നു വിമാനമാര്‍ഗം ഡല്‍ഹിയിലെത്തി വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നാണു ടാക്‌സി ജീപ്പില്‍ ഹരിദ്വാറിലെ അയ്യപ്പമന്ദിരത്തില്‍ എത്തിയത്. ഉത്തരാഖണ്ഡ് പോലീസിന്റെ നിര്‍ദേശപ്രകാരം മലയാളി സമാജം ഭാരവാഹികള്‍ വ്യാഴാഴ്ച രണ്ടു തവണ റാണിപ്പൂര്‍ പോലീസ് സ്റ്റേഷനിലെത്തി സതീഷിനോട് സംസാരിച്ചിരുന്നു. സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ പങ്കില്ലെന്നും പാലക്കാട്ടുണ്ടായ ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ടാണു തന്നെ അറസ്റ്റ് ചെയ്തതായി സംശയിക്കുന്നതെന്നുമാണു സതീഷ് അവരോടു പറഞ്ഞത്. വെള്ളിയാഴ്ച പാലാ ഡിവൈഎസ്പി തെളിവുകള്‍ മുന്നില്‍വച്ചു നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും കൃത്യം ചെയ്ത രീതി വെളിപ്പെടുത്തുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: