കന്യാസ്ത്രീകളെ അടിച്ചമര്‍ത്താന്‍ നീക്കം; ഫ്രാങ്കോയ്ക്കെതിരെ തെരുവിലിറങ്ങിയ കന്യാസ്ത്രീക്കെതിരെ പ്രതികാര നടപടി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീക്കെതിരെ പ്രതികാര നടപടിയുമായി സഭാ നേതൃത്വം. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതികരണം നടത്തിയതിനും അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചതിനും കാര്‍ വാങ്ങിയതിനും വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. ഫ്രാങ്കോയ്ക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയ ലൂസി കളപ്പുരയ്ക്കലിനെതിരെയാണ് പ്രതികാര നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി മദര്‍ സുപ്പീരിയര്‍ ആന്‍ ജോസ് നോട്ടീസ് നല്‍കി. നാളെ സഭാ ആസ്ഥാനത്ത് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച സമരം നടത്തിയവരില്‍ പ്രധാനിയായിരുന്നു ലൂസി കളപ്പുര. ഇതിന് പിന്നാലെ സിസ്റ്റര്‍ നടത്തിയ പല വെളിപ്പെടുത്തലുകളും വന്‍ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. പുതുവര്‍ഷ ദിനത്തില്‍ വനിതാ മതിലിന് പിന്തുണ അറിയിച്ചും ചുരിദാര്‍ ധരിച്ചും രംഗത്തെത്തിയും സിസ്റ്റര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തതിനും മാധ്യമങ്ങളില്‍ എഴുതുകയും അഭിമുഖം കൊടുക്കയും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിതും ഡ്രൈവിംഗ് ലൈസന്‍സ് എടുത്തതും പുസ്തകം പ്രസിദ്ധീകരിച്ചതും തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തി സി. ലൂസിക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഈ നോട്ടീസിന് തൃപ്തികരമായ രീതിയില്‍ മറുപടി നല്‍കാത്ത പക്ഷം സിസ്റ്ററെ പുറത്താക്കുമെന്നാണ് ഭീഷണി. അതേസമയം, നോട്ടീസില്‍ പറഞ്ഞിരിക്കുന്നത് പോലെ അടുത്ത ദിവസം തന്നെ സഭയ്ക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കില്ലെന്നായിരുന്നു സിസ്റ്ററുടെ പ്രതികരണം.

‘കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തത് തെറ്റായ നടപടിയായി ഞാന്‍ കാണുന്നില്ല, ശരിയായ നടപടിയാണ് കാണുന്നത്. തിരുവസ്ത്രത്തിനുള്ളില്‍ കന്യാസ്ത്രീ അതിക്രമിക്കപ്പെട്ടപ്പോള്‍, ഒന്നല്ല അനേകം തവണ അതിക്രമിക്കപ്പട്ടപ്പോള്‍ എന്ത് കൊണ്ട് തിരുവസ്ത്രത്തിന് വിലകൊടുത്തില്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് തിരുവസ്ത്രത്തിന് വിലകൊടുക്കാന്‍ തോന്നുന്നത്. സിസ്റ്റര്‍ നീതിക്ക് വേണ്ടി കത്തോലിക്ക സഭയിലെ മേലദ്ധ്യക്ഷന്‍മാരെ സമീപിച്ചപ്പോള്‍ അവിടെയെല്ലാം നിരാകരിക്കപ്പെട്ടു. അങ്ങനെ വന്നപ്പോഴാണ് അഞ്ച് സിസ്റ്റര്‍മാരോടൊപ്പം നീതിക്ക് വേണ്ടി വാദിച്ചത്. അവിടെയെത്താന്‍ ഒരു സിസ്റ്റര്‍ക്കും കഴിഞ്ഞിട്ടില്ല ഒരു കത്തോലിക്ക് മേധാവിത്വത്തിനും കഴിഞ്ഞിട്ടില്ല. അവിടെയെത്താന്‍ കഴിഞ്ഞത് എനിക്ക് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന അഭിമാനമായാണ് കാണുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

‘എന്നെ പിന്തുണക്കാന്‍ കത്തോലിക്ക സഭ നേതൃത്വത്തില്‍ നിന്ന് ആരെയും കാണുന്നില്ല. എന്നെ അവഗണിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങള്‍ നടത്താന്‍ അവകാശമുണ്ടെന്നാണ് പലരും കരുതുന്നത്. തെറ്റുകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ, നീതിക്ക് വേണ്ടി വാദിക്കുന്നവരെ പിന്തുണക്കുമ്പോള്‍ നീ മിണ്ടണ്ട എന്നാണ് പറയുന്നത്. ഈ പ്രവര്‍ത്തികളില്‍ നിന്ന് മനസ്സിലാക്കുന്നത് മിണ്ടിയാല്‍ നിയപരമായി സന്യാസ ജീവിതത്തില്‍ നിന്ന് പുറത്താക്കപ്പെടും എന്ന ശാസനയാണ് നല്‍കുന്നത്. ഈ ശാസനയില്‍ നിന്ന് മനസ്സിലാക്കുന്നത് തിരുവസ്ത്രത്തിന്റെ ഉള്ളില്‍ നിന്ന് ആര്‍ക്കും എന്ത് തെറ്റും ചെയ്യാം എന്ന അനുവാദം നല്‍കുന്നത് പോലെയാണ് സഭയുടെ മൗനവും നടപടികളും.അതിന് ഒരിക്കലും കൂട്ട് നില്‍ക്കാനാവില്ല. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

‘ഒരു നവോത്ഥാനം സഭയ്ക്കുള്ളില്‍ നടക്കേണ്ടആവശ്യമുണ്ട്. അല്‍പ്പം പോലും വെളിച്ചം വീശാത്ത ചിന്തകള്‍ കൊണ്ട് ഒരു കന്യാസ്ത്രീ സമൂഹം കൊണ്ട് ഇനിയും നിലനില്‍ക്കുന്നത് വേദനാകരമാണ്. ഇത്രയും ആയ സ്ഥിതിക്കെങ്കിലും ഏഴായിരത്തോളം വരുന്ന സിസ്റ്റര്‍മാര്‍ സുരക്ഷിതരാണോ അന്വേഷിക്കാനും വീഴ്ച വരുന്നെങ്കില്‍ കാരണക്കാരെ കണ്ടെത്താനും തിരുത്താനും ധാര്‍മ്മിക ചുതലയുണ്ട്. ആ ചുമതലയുള്ളവരാണ അനാവശ്യമായ ആചാരങ്ങളുടേയും നിയമങ്ങളുടേയും പേരില്‍ നിലനില്‍ക്കുന്നത്. അതിനെ അപ്പാടെ മാറ്റി മറിക്കാന്‍ സന്യാസി സമൂഹം തയ്യാറാവേണ്ടി വരും. ഇന്ന് എത്ര സിസ്റ്റേഴ്സ് സുരക്ഷിതരായുണ്ട്. അവര്‍ നീതിക്ക് വേണ്ടി വാദിക്കുമ്പോള്‍ നിശബ്ദരാക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ചോദിക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: