കന്യാസ്ത്രീകളുടെ സമരവും ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റും; അയര്‍ലന്റിലുള്‍പ്പടെ വിദേശ മാധ്യമങ്ങളിലും വന്‍ വാര്‍ത്താ പ്രാധാന്യം

ബലാല്‍സംഗക്കേസില്‍ അറസ്‌ററിലായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ വാര്‍ത്ത വിദേശമാദ്ധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായി. അയര്‍ലണ്ടിലെ മുഖ്യധാരാ മാധ്യമങ്ങളായ ഇന്‍ഡിപെന്‍ഡന്റ്, ഐറിഷ് എക്സാമിനര്‍ തുടങ്ങി എല്ലാ മാധ്യമങ്ങളിലും വാര്‍ത്ത ഇടംപിടിച്ചിരുന്നു. യൂറോപ്പിലെ മാത്രമല്ല ഗള്‍ഫ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ മാദ്ധ്യമങ്ങള്‍ എല്ലാംതന്നെ ബിഷപ്പിന്റെ ചിത്രത്തോടുകൂടിയ വിശദമായ വാര്‍ത്തയാണ് നല്‍കിയത്. വിദേശ ചാനലുകളും വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. ബിബിസി, സിഎന്‍എന്‍, ഡെയ്ലി മെയില്‍ തുടങ്ങിയവയിലും വിശദമായ റിപ്പോര്‍ട്ടുകളാണ് ഉണ്ടായിരുന്നത്.

ഒരു കന്യാസ്ത്രിയെ നിരവധി തവണ ബലാല്‍സംഗം ചെയ്തുവെന്നും അതിന്റെ പശ്ചാത്തലത്തില്‍ അധികാരികള്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടും കുറ്റാരോപിതനെ അറസ്‌ററ് ചെയ്യാന്‍ വിമുഖത കാട്ടിയപ്പോള്‍ അഞ്ചു കന്യാസ്ത്രീകള്‍ സമരവും നിരാഹാരവുമായി തെരുവില്‍ ഇറങ്ങിയെന്നും ഇതിനെ പിന്‍താങ്ങി പൊതുസമൂഹം കന്യാസ്ത്രികള്‍ക്ക് നീതി ലഭിയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരം ശക്തമാക്കിയെന്നും പരാതി നല്‍കി 85 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്‌ററു ചെയ്തില്ലെന്നുമുള്ള വിശദമായ റിപ്പോര്‍ട്ടുകളാണ് മിക്ക മാദ്ധ്യമങ്ങളും മുന്‍ പേജില്‍ത്തന്നെ നല്‍കിയിരുന്നത്. കൂടാതെ പ്‌ളാക്കാര്‍ഡുമേന്തി സമരം ചെയ്യുന്ന കന്യാസ്ത്രികളുടെ ഫോട്ടോയോയും വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരുന്നു. ഒടുവില്‍ പ്രതിയെ പൊലീസ് അറസ്‌ററ് ചെയ്തു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്‍ഡ്യയിലെ കത്തോലിക്കാ സഭയില്‍ പെണ്‍വിഷയവുമായി ബന്ധപ്പെട്ട് ഒരു സഭാ മേലധികാരിയെ ആദ്യമായിട്ടാണ് അറസ്‌ററ് ചെയ്തതെന്നും സൂചിപ്പിയ്ക്കുക മാത്രമല്ല വത്തിക്കാനില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും വാര്‍ത്തയില്‍ ഇടംപിടിപ്പിരുന്നു.

പീഢന വിഷയത്തില്‍ നീതിയ്ക്കായി കന്യാസ്ത്രീകള്‍ തെരുവിലിറങ്ങേണ്ടുന്ന അവസ്ഥയാണ് കേരളത്തിലെന്നും ചില മാദ്ധ്യമങ്ങള്‍ തുറന്നെഴുതി. പരാതി നല്‍കിയിട്ടും പോലീസ് പ്രതിയെ അറസ്‌ററുചെയ്യുന്നതില്‍ വൈകിപ്പിയ്ക്കുന്ന അസാധാരണ നടപടിയക്കെതിരെയാണ് കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയതെന്നും ചില പത്രങ്ങള്‍ കമന്റ് ചെയ്തു. അവസാന നിമിഷംവരെ ബിഷപ്പിനെ രക്ഷിയ്ക്കാന്‍ സഭാ നേതൃത്വം ശ്രമിച്ചുവെന്ന ആക്ഷേപവും ചില മാദ്ധ്യമങ്ങള്‍ ഉയര്‍ത്തിയത് വിശ്വാസികളോടുള്ള വെല്ലുവിളിയായിട്ടാണ് പത്രങ്ങള്‍ ചിത്രീകരിച്ചത്. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കുറിപ്പിലൂടെയും ലൈവ് വിഡിയോയിലൂടെയും ഒക്കെയായി നിറഞ്ഞു നിന്ന ബിഷപ്പ് ഫ്രാങ്കോ വിഷയം സഭയുടെയും മേലധികാരികളുടെയും നേര്‍ക്കാണ് വിരല്‍ ചൂണ്ടിയതെന്നും പത്രങ്ങള്‍ സൂചിപ്പിച്ചു.

 

Share this news

Leave a Reply

%d bloggers like this: