കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍; വ്യാപാരബന്ധം ശക്തമാക്കുന്ന കരാറുകളില്‍ ഒപ്പുവയ്ക്കും

 

ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തി. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനായി കുടുംബസമേതമാണ് ട്രൂഡോ ന്യൂഡല്‍ഹിയിലെത്തിയത്. രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം സുദൃഡമാക്കുന്നതും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യാത്ര ആരംഭിക്കുന്നതിന് മുമ്പ് ട്രൂഡോ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ആയതിന് ശേഷമുള്ള ട്രൂഡോവിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. തന്റെ മന്ത്രിസഭയിലെ സിഖ് മന്ത്രിമാര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയിരിക്കുന്നത്.

ഞായറാഴ്ച താജ്മഹല്‍ കണ്ടുകൊണ്ടായിരിക്കും ഒരാഴ്ച നീളുന്ന ഇന്ത്യവാസത്തിന് ട്രൂഡോവും കുടുംബവും തുടക്കമിടുന്നത്. തിങ്കളാഴ്ച ഗുജറാത്ത് സന്ദര്‍ശിക്കുന്ന കാനഡ സംഘം, സബര്‍മതി ആശ്രമത്തിലെത്തും. സംസ്ഥാനത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നടക്കുന്ന സംവാദത്തിന് ട്രൂഡോ നേതൃത്വം വഹിക്കും. അക്ഷര്‍ദാം ക്ഷേത്രത്തിലും അടുത്ത ദിവസങ്ങളില്‍ അമൃത്സറില്‍ സുവര്‍ണക്ഷേത്രത്തിലും ഡല്‍ഹിയില്‍ ജമാമസ്ജിദിലും സന്ദര്‍ശനം നടത്തും.

മുംബൈയിലും കനേഡിയന്‍ പ്രധാനമന്ത്രി എത്തും. ബിസിനസ് മേധാവികളുമായും ബോളിവുഡ് പ്രതിനിധികളുമായും നടത്തുന്ന കൂടിക്കാഴ്ചയാണ് മുംബൈയിലെ പരിപാടി. ഫെബ്രുവരി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക കൂട്ടുകെട്ടിനുള്ള കരാര്‍ ഇതിലൂടെ സാധ്യമാകും എന്നാണ് വിലയിരുത്തല്‍.

തുണിത്തരങ്ങള്‍, മരുന്നുകള്‍, രാസവസ്തുക്കള്‍, മുത്തുകള്‍, സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയവ ഇന്ത്യയില്‍നിന്ന് കാനഡ ഇറക്കുമതി ചെയ്യുന്നുണ്ട്. പച്ചക്കറികള്‍, പേപ്പര്‍, ഇരുമ്പ്, ഉരുക്ക് തുടങ്ങിയവയാണ് അവര്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: