കനത്ത മഴ ഞായറാഴ്ചവരെ തുടരും : കേരളം വീണ്ടും മറ്റൊരു പ്രളയ കെടുതിയില്‍

കൊച്ചി : സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട പ്രളയക്കെടുതിയിക്ക് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇന്ന് ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഈ ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളപ്പൊക്ക, ഉരുള്‍പ്പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കസര്‍ഗോഡ് മുതല്‍ 12 ജില്ലകളിലാണ് ഇന്നലെ അവധി പ്രഖ്യാപിച്ചതെങ്കില്‍ കൊല്ലത്തും തിരുവനന്തപുരത്തും മഴ തുടരുന്ന സാഹചര്യത്തില്‍ ഈ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ചു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്.

മഴ കനത്തതോടെ മിക്ക ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും അതിശക്തമായ മഴ തുടരുമ്പോള്‍ നിരവധി ഉരുള്‍പൊട്ടലുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്തെ നിരവധി നദികളാണ് കരകവിഞ്ഞൊഴുകുന്നത്. പല ഡാമുകളും സംഭരണ ശേഷിയുടെ അടുത്തെത്തുന്നതും ഭീതിയുണ്ടാക്കുന്നുണ്ട്. മഴക്കെടുതിയില്‍ ഇതുവരെ 11 പേര്‍ മരിച്ചു.

വയനാട്ടിലെ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും 40 പേര്‍ മണ്ണിനടിയിലെന്ന് സംശയം. ഇവരെ കാണാനില്ല. വീടുകള്‍ തകര്‍ന്ന് ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനങ്ങള്‍ മണ്ണില്‍ പുതഞ്ഞ നിലയില്‍ ആയി. നിസഹായരായി നോക്കിനില്‍ക്കാനേ കഴിയുന്നുള്ളൂ എന്ന് നാട്ടുകാര്‍ പറയുന്നു. 70 ഓളം വീടുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ട് എന്നു നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. രണ്ട് എസ്റ്റേറ്റ് പാടികള്‍, മൂന്നു വീടുകള്‍, ഒരു മുസ്ലിം പള്ളി, ഒരു ക്ഷേത്രം, വാഹനങ്ങള്‍ എന്നിവ അകപ്പെട്ടതായി മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്ത് പെട്ടെന്ന് എത്താന്‍ കഴിഞ്ഞിട്ടില്ല. പത്തോളം പേരെ വയനാട് ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടുക്കിയില്‍ എട്ട് ഉരുള്‍പൊട്ടലുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് കരിമ്പയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇന്നലെ വൈകിട്ട് മുതല്‍ തുടങ്ങിയ കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും നിലമ്പൂര്‍ പട്ടണം പൂര്‍ണമായും ഒറ്റപ്പെട്ടു. ഇന്നലെ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ 60 ഓളം വീടുകള്‍ തകരുകയും മണ്ണിനിടയില്‍ പെട്ടുവെന്നാണ് സൂചിപ്പിക്കുന്നു.

രണ്ട് വശത്തും മലകള്‍ ഇടിഞ്ഞാണ് അപകടം രൂക്ഷമായത്. ഈ ഭാഗത്തേക്കുള്ള റോഡുകള്‍ ഒലിച്ചു പോയി. ചുങ്കത്തറ പാലം പൂര്‍ണമായും തകര്‍ന്നു. ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യം. കല്ലും മണ്ണും ഇടിഞ്ഞ് നിരവധി കെട്ടിടങ്ങളാണ് മണ്ണിനടിയിലായത്. ഇതില്‍ അകപ്പെട്ടവര്‍ എത്രയാണെന്നത് സംബന്ധിച്ച് സൂചനകളില്ല. ഇവിടെ ഇനിയും ഉരുള്‍പ്പെട്ടൊല്‍ ഉണ്ടായാല്‍ കൂടുതല്‍ വലിയ അപകട മുണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: