കനത്ത തിരിച്ചടിയേറ്റ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ്, തെലങ്കാനയില്‍ ടിആര്‍എസ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടിതെറ്റി ബിജെപി. വോട്ടെണ്ണല്‍ പുരോഗമിക്കവേ ബിജെപിയ്ക്ക് വന്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് ഉണ്ടായിരിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനു എട്ട് അംഗങ്ങളുള്ള ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചതോടെ അവിടെയും ബിജെപി ഭരണത്തിന് അന്ത്യമാകുകയാണ്. തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തും. മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടും. മിസോ നാഷണല്‍ ഫ്രണ്ട് ആണ് ഇവിടെ മുന്നില്‍.

ഇഞ്ചോടിഞ്ച് പോരാട്ടം ഛത്തീസ്ഗഢില്‍ നടക്കുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. എപ്പോഴും നേരിയ വോട്ട് വിഹിതത്തില്‍ അധികാരം മാറുന്ന ഛത്തീസ്ഗഡ് ഇത്തവണയും തുണയ്ക്കുമെന്നാണ് ബിജെപി ഉറച്ചു വിശ്വസിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അവിടെയും മേല്‍ക്കൈ നേടി. മുഖ്യമന്ത്രി രമണ്‍സിംഗ് അടക്കം പിന്നിലാണ്. ബിജെപി വിജയപ്രതീക്ഷ വച്ച് പുലര്‍ത്തിയിരുന്ന മധ്യപ്രദേശിലും കോണ്‍ഗ്രസ് വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബിജെപിയാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ തെരെഞ്ഞെടുപ്പ് ഫലം അവര്‍ക്കു കനത്ത തിരിച്ചടിയാണ്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും ബി.ജെ.പി.യെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ 65 സീറ്റില്‍ 61-ഉം ബി.ജെ.പി.ക്ക് അനുകൂലമായിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ തീരുമാനമാകുമ്പോഴും തീര്‍ത്തും പ്രവചനാതീതമായ സ്ഥിതിയായിരുന്നു മധ്യപ്രദേശില്‍ വോട്ടിങ് ആരംഭിച്ച സമയം മുതല്‍ ഉണ്ടായിരുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബി.ജെ.പി കോട്ടയായി വിലയിരുത്തപ്പെടുന്ന മധ്യപ്രദേശിലെ പരാജയത്തിന് ബി.ജെ.പി കനത്ത വില നല്‍കേണ്ടി വരും.

മിസോറാമില്‍ അധികാരം പോയതും തെലുങ്കാനയില്‍ ടിഡിപിയുമായി സഖ്യമുണ്ടായിട്ടും തിരിച്ചടി നേരിട്ടതും കോണ്‍ഗ്രസിനു കല്ലുകടിയായി. ഇവിടങ്ങളില്‍ ബിജെപി എതിരാളികളല്ല എന്നതാണ് ആശ്വാസം. പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം ദേശീയതലത്തില്‍ ശക്തിപ്പെടാന്‍ കോണ്‍ഗ്രസ് മുന്നേറ്റം വഴിയൊരുക്കും.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് 92 സീറ്റിലും ബി.ജെ.പി 82 സീറ്റിലും ലീഡ് ചെയ്യുന്നു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 110 സീറ്റിവും ബി.ജെ.പി 107 സീറ്റിലും ലീഡ് ചെയ്യുന്നു.
ഛത്തീസ്ഗഢ്- കോണ്‍ഗ്രസ്- 65, ബി.ജെ.പി- 17
തെലങ്കാന -കോണ്‍ഗ്രസ്- 22, ടി.ആര്‍.എസ് 89.
മിസോറാമില്‍ കോണ്‍ഗ്രസ് 6 ,എം.എന്‍.എഫ് 29 സീറ്റിലും ലീഡ് ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: