കനത്ത ആഘാതവും മുറിവും മരണകാരണമാകുന്നത് കൂടുതലും ‘O’ രക്ത ഗ്രൂപ്പുകാര്‍ക്കെന്നു പഠനം

‘O’ രക്ത ഗ്രൂപ്പുകാരെ ഞെട്ടിക്കുന്ന വാര്‍ത്തയുമായാണ് ഇത്തവണ ബയോ മെഡ് സെന്‍ട്രല്‍ (Biomed Central) ഗവേഷകരുടെ വരവ്. ശരീരത്തിനേല്‍ക്കുന്ന കനത്ത ആഘാതവും മുറിവും മരണകാരണമാകുന്നത് കൂടുതലും O ഗ്രൂപ്പുകാര്‍ക്കാണത്രെ! ജാപ്പനീസ് സ്വദേശികളായ 901 തീവ്രപരിചരണ രോഗികളിലാണ് ഗവേഷണം നടന്നത്. അപകട മരണ നിരക്ക് ഈ രക്ത ഗ്രൂപ്പുകാര്‍ക്ക് ആണെന്ന് തെളിയിക്കുന്ന ലേഖനം ക്രിട്ടിക്കല്‍ കെയര്‍ ( Critical Care) മാസികയിലാണ് പ്രസിദ്ധീകരിച്ചത്.

ആഴത്തിലേറ്റ മുറിവിലൂടെ മരണം അല്ലെങ്കില്‍ ദീര്‍ഘകാലവൈകല്യം സംഭവിക്കുന്നവരില്‍ 28% ശതമാനം O ഗ്രൂപ്പ് രക്തമുള്ളവരും 11% ഇതര രക്തഗ്രൂപ്പുകാരും ആയിരിക്കുമത്രെ. അപകടം സംഭവിക്കുമ്പോള്‍ കൂടുതല്‍ രക്തം വാര്‍ന്ന് പോകുന്നതും രക്തം കട്ടപിടിക്കാതിരിക്കുന്നതും O ഗ്രൂപ്പുകാരുടെ പ്രശ്നമാണ്. അപകടത്തിന് ശേഷം സുഖം പ്രാപിക്കുന്ന രോഗികളും അവരുടെ രക്തഗ്രൂപ്പും ബന്ധപ്പെടുത്തിയുള്ള പഠനത്തിനാണ് സംഘം ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നത്.

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വില്ലേബ്രാന്‍ഡ് (willebrand) ഫാക്ടര്‍ O രക്തഗ്രൂപ്പുകാരില്‍ താരതമ്യേന കുറവാണ്. ഇതാണ് രക്തം വാര്‍ന്നുപോകുന്നതിനും ചിലപ്പോള്‍ മരണത്തിനും വരെ കാരണമാകുന്നത്. അപകടത്തിലൂടെ രക്തം നഷ്ടപ്പെട്ട ഇതരഗ്രൂപ്പുകാര്‍ക്ക് O ഗ്രൂപ്പ് രക്തം നല്‍കുന്നതിലൂടെ രക്തപ്രവാഹം എങ്ങനെ നിയന്ത്രിക്കുന്നുവെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പരിശോധിക്കുന്നത്. പരിശോധനയ്ക്ക് വിധേയമായ എല്ലാവരും ജപ്പാന്‍ സ്വദേശികളാണ്. വ്യത്യസ്ത രാജ്യങ്ങളിലുള്ളവരെ പഠനത്തിന് വിധേയമാക്കാനാണ് അടുത്ത ശ്രമം. ഓരോ രക്തഗ്രൂപ്പും പ്രത്യേകമായി ഉള്‍പ്പെടുത്തിയുള്ള പഠനവും നടക്കാനിരിക്കുന്നതേയുള്ളു. O ഗ്രൂപ്പുകാരും ഇതര ഗ്രൂപ്പുകാരും എന്ന പഠനത്തിന്റെ റിപ്പോര്‍ട്ടാണ് നിലവില്‍ പ്രസിദ്ധീകരിച്ചത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: