കത്തോലിക്കാ സഭകള്‍ക്കെതിരെ നിലപാടെടുത്ത് ചൈനീസ് ഭരണകൂടം; രഹസ്യമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സഭകളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നവര്‍ക്ക് പാരിതോഷികം…

ബെയ്ജിംഗ്: നിയമവിരുദ്ധമായി ചൈനയില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സംഘടനകളുടെ (അതായത് വത്തിക്കാനെ അംഗീകരിക്കുന്ന അണ്ടര്‍ഗ്രൗണ്ട് സഭയുടെ) വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ചൈനീസ് ഭരണകൂടം. വിശ്വാസസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ചൈനയുമായി വത്തിക്കാന്‍ ഒപ്പുവെച്ച കരാര്‍ നിഷ്ഫലമായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ചര്‍ച്ചയായിരിക്കുകയാണ് ഗ്വാങ്ഷൗ നഗരസഭാ അധികൃതര്‍ കൈക്കൊണ്ട നടപടി.

ഗ്വാങ്ഷൗ ഭരണകൂടത്തില്‍ മതപരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന വിഭാഗമാണ് ഈ നീക്കത്തിനു പിന്നില്‍. വിവരങ്ങള്‍ ചോര്‍ത്തികൊടുക്കുന്നവര്‍ക്കും നിമയപരമല്ലാത്ത മതസംഘടനാ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്കും 10,000 ചൈനീസ് കറന്‍സിയാണ് വാഗ്ദാനം. കൂടാതെ അനുമതിയില്ലാതെ നിര്‍മിച്ചിരിക്കുന്ന മതസ്ഥാപനങ്ങള്‍, അവ നിലനില്‍ക്കുന്ന സ്ഥലം, മതതീവ്രവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്കും പാരിതോഷികമുണ്ട്.

ഗ്വാങ്ഷൗ നഗരത്തില്‍ നിയമവിരുദ്ധമായി ആരാധനാ സൗകര്യം ഒരുക്കുകയും മതസ്ഥാപനങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന സംഘടനകളെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. കത്തോലിക്കാവിശ്വാസത്തെ അടിച്ചമര്‍ത്തുന്നതിനുള്ള ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന്റെ ഏറ്റവും പുതിയ നീക്കമായാണ് ഈ നടപടി ചൂണ്ടിക്കാട്ടപ്പെടുന്നത്. രാജ്യത്ത് മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ നീക്കവും. അതേസമയം ചൈനീസ് ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെന്നും ഭരണകൂടവുമായി രജിസ്റ്റര്‍ ചെയ്യാത്ത, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേല്‍നോട്ടം എത്താത്ത മതസംഘടനകളെയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും വ്യാഖ്യാനങ്ങളുണ്ട്.

ഭരണകൂടത്തിന് വിധേയപ്പെട്ട് പ്രവര്‍ത്തിക്കുന്ന പാട്രിയോട്ടിക്ക് സഭ, വത്തിക്കാനെ അംഗീകരിക്കുന്ന അധോതല (അണ്ടര്‍ഗ്രൗണ്ട്) സഭ എന്നിങ്ങനെ ചൈനയിലെ സഭയെ രണ്ടായി തിരിക്കാം. ചൈന കമ്മ്യുണിസ്റ്റ് ഭരണത്തിലായതിനെ തുടര്‍ന്ന് ബിഷപ്പുമാരെ നിയമിക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിലാണ് ചൈന കത്തോലിക്കാ സഭയുമായി ഇടഞ്ഞത്. മിഷനറിമാരെ മുഴുവന്‍ പുറത്താക്കിയ കമ്മ്യൂണിസ്റ്റ് ഭരണകൂടം കത്തോലിക്കാ സഭയ്ക്കു നിരോധനമേര്‍പ്പെടുത്തി. ബദലായി, പാപ്പയെ അംഗീകരിക്കാത്തതും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതുമായ കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്‍ രൂപീകരിച്ച് ചൈനയുടെ ഔദ്യോഗിക സഭയായി മാറ്റി.

പാട്രിയോട്ടിക് സഭയ്ക്കു മാത്രമേ ചൈനയില്‍ പൊതു ആരാധനാസ്വാതന്ത്ര്യമുള്ളൂ. പാപ്പയോടു കൂറുപുലര്‍ത്തുന്ന ഭൂരിപക്ഷ വിഭാഗത്തിനു വസതികളില്‍ പ്രാര്‍ത്ഥന നടത്താനേസാധിക്കൂ. എന്നാല്‍, ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അണ്ടര്‍ഗ്രൗണ്ട് സഭാംഗങ്ങള്‍ ശക്തമായ പീഡനമാണ് നേരിടുന്നത്. സംഘടനാംഗങ്ങളും നേതാക്കളും തടവിലടക്കപ്പെടുന്നതും ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നതും സാധാരണവുമാണിപ്പോള്‍.

Share this news

Leave a Reply

%d bloggers like this: