കണ്ണൂര്‍ വിമാനത്താവളം: 12 റൂട്ടുകളില്‍ 26 ആഭ്യന്തര സര്‍വീസുകള്‍, സന്നദ്ധത അറിയിച്ച് വിമാന കമ്പനികള്‍

 

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ 12 ആഭ്യന്തര റൂട്ടുകളിലായി 26 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ആഭ്യന്തര വിമാനയാത്രാ സൗകര്യവും കണക്ടിവിറ്റിയും മെച്ചപ്പെടുത്താനുദ്ദേശിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ (ഉഡെ ദേശ് കാ ആം നാഗ്രിക്) പദ്ധതി പ്രകാരമാണിത്. വ്യോമയാന മന്ത്രാലയം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയവയുമായി ഒപ്പുവച്ച എംഒയു (ധാരണാപത്രം) പ്രകാരം ഇന്‍ഡിഗോ എല്ലാ ദിവസവും ഹുബ്ലി, ഡല്‍ഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നടത്തും. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വയബിളിറ്റി ഗ്യാപ് ഫണ്ടിംഗ് (വിജിഎഫ്) നടത്തും. വിജിഎഫ് ഇല്ലാതെ ഇന്‍ഡിഗോ ചെന്നൈ, ബംഗളൂരു, ഹിന്‍ഡണ്‍ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേയ്ക്കും സ്പൈസ് ജെറ്റ് ചെന്നൈ ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേയ്ക്കും തിരിച്ചും സര്‍വീസ് നടത്തും.

വിമാനകമ്പനികള്‍ക്ക് ചിലവിനനുസരിച്ചുള്ള വരുമാനം ലഭിക്കാത്ത സാഹചര്യത്തിലാണ് വിജിഎഫ് നല്‍കുന്നത്. വിജിഎഫില്‍ 20 ശതമാനം സംസ്ഥാനവും ബാക്കി കേന്ദ്രവുമാണ് വഹിക്കുക. വര്‍ഷത്തില്‍ 48.94 കോടി രൂപയാണ് കണ്ണൂര്‍ഡ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് വിജിഎഫ് നല്‍കേണ്ടി വരുക. ഇതില്‍ 9.78 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. മുംബയ്, ഹൈദരാബാദ്, ഷോലാപൂര്‍ തുടങ്ങിയ റൂട്ടുകളുടെ ടെണ്ടറുകള്‍ ഉടന്‍ വിളിക്കുമെന്നും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കെഐഎഎല്‍) വൃത്തങ്ങള്‍ ദ ഹിന്ദുവിനോട് പറഞ്ഞു.

അബുദാബിയിലേയ്ക്ക് ജെറ്റ് എയര്‍വേയ്സും സൗദി അറേബ്യയിലെ ദമാമിലേയ്ക്ക് ഗോ എയറും (ഇന്‍ഡിഗോയുടെ അന്താരാഷ്ട്ര സര്‍വീസ്) എല്ലാ ദിവസവും സര്‍വീസ് നടത്തും. ഈ എയര്‍ലൈനുകല്‍ ട്രാഫിക് റൈറ്റ്സ് വാങ്ങിക്കഴിഞ്ഞു. ദോഹ, കുവൈറ്റ്, റിയാദ്, മസ്‌കറ്റ്, അബു ദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേയ്ക്ക് സര്‍വീസ് നടത്താന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ, എമിറേറ്റ്സ്, എതിഹാദ്, ഖത്തര്‍ എയര്‍വേയ്സ്, ഗള്‍ഫ് എയര്‍, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഒമാന്‍ എയര്‍, എയര്‍ അറേബ്യ തുടങ്ങിയവയെല്ലാം കണ്ണൂരിലേയ്ക്ക് സര്‍വീസ് നടത്താന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. കിയാല്‍ എംഡി ബാലകിരണിന്റെ അധ്യക്ഷതയില്‍ ജനുവരി 19ന് ചേര്‍ന്ന യോഗത്തിലാണ് വിമാന കമ്പനികളുടെ പ്രതിനിധികള്‍ ഇക്കാര്യത്തില്‍ താല്‍പര്യം അറിയിച്ചത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: