കണ്ണൂരില്‍ ബോംബിനൊപ്പം ആയുധങ്ങള്‍ നിര്‍മിക്കാനും പ്രത്യേക സംഘം

ഇരിട്ടി (കണ്ണൂര്‍): രാഷ്ട്രീയ എതിരാളികളെ വകവരുത്താനായി ബോംബിനൊപ്പം പ്രത്യേകതരം ആയുധങ്ങള്‍ നിര്‍മിക്കാനും ജില്ലയില്‍ പ്രത്യേക സംഘം. പ്രത്യേക അച്ചില്‍ നിര്‍മിച്ച ആയുധങ്ങള്‍കൊണ്ട് പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യം ഒന്നു പകച്ചുനില്‍ക്കുകയാണ്. ഇത്തരത്തിലുള്ള ആയുധങ്ങള്‍ കൊണ്ട് ശരീരത്തിലേല്‍പ്പിക്കുന്ന മുറിവുകളാണ് ചികിത്സ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.

ഇരുതല മൂര്‍ച്ചയുള്ള വാളുകളും എസ് ആകൃതിയിലുള്ള കത്തികളും മഴുവുമാണ് രാഷ്ട്രീയ എതിരാളികളുടെ മേല്‍പ്പതിക്കുന്നത്. ഇത്തരം ആയുധങ്ങള്‍ നിര്‍മിക്കാന്‍ പ്രത്യേകസംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. എസ് ആകൃതിയിലുള്ള കത്തികള്‍ മാംസപേശികള്‍ക്കും കുടലിലിലും ആന്തരികാവയവങ്ങള്‍ക്കും ഒരുപോലെ ഗുരുതരമായ മുറിവേല്‍പ്പിക്കുന്നതിനാലാണ് ഇത്തരം കത്തി ഉപയോഗിക്കുന്നത്.

ഇരുതല മൂര്‍ച്ചയുള്ള വാള്‍ ഉപയോഗിക്കുന്നത് ആക്രമണത്തിനിരയാകുന്നയാള്‍ പ്രാണരക്ഷാര്‍ഥം വാളില്‍ കയറിപ്പിടിച്ചാല്‍ കൂടുതല്‍ മുറിവ് സംഭവിക്കാനാണ്. സ്റ്റീല്‍ ബോംബ്, നാടന്‍ ബോംബ്, ഐസ്‌ക്രീം ബോംബ്, തേങ്ങാ ബോംബ് എന്നിവയാണ് ഇതുവരെ കണ്ണൂരില്‍ ഉപയോഗിച്ചിട്ടുള്ള ബോംബുകള്‍. ഇതില്‍ സ്റ്റീല്‍ ബോംബാണ് ഏറെ പ്രഹരശേഷിയുള്ളത്. ചെറിയ സ്റ്റീല്‍ പാത്രങ്ങളില്‍ നിര്‍മിക്കുന്ന ബോംബിന്റെ പ്രധാന കൂട്ട് ലെയ്ത്തുകളില്‍ ഇരുമ്പ് ഡ്രില്‍ ചെയ്യുമ്പോഴുള്ള സ്പ്രിംഗ് ടൈപ്പിലുള്ള ചീളുകളാണ്. ഇത് ഹൈഡ്രോക്ലോറിക് ആസിഡില്‍ മുക്കി വച്ച് പ്രഹരശേഷി വര്‍ധിപ്പിച്ച ശേഷമാണ് ബോംബില്‍ ഉപയോഗിക്കുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ശരീരത്തില്‍ തുളച്ചുകയറുന്ന ചീളുകള്‍ മുറിവ് ഉണക്കുകയില്ലെന്ന് മാത്രമല്ല ശസ്ത്രക്രിയയിലൂടെയും ഈ ചീളുകള്‍ ശരീരത്തു നിന്ന് നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടാണ്.

ശരീരമാസകലം വെട്ടും ബോംബേറുമേറ്റ് ആശുപത്രികളില്‍ എത്തുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ഏതു ഭാഗത്താണ് അടിയന്തര ചികിത്സ നടത്തേണ്ടതെന്നറിയാതെ ഡോക്ടര്‍മാര്‍ കുഴങ്ങുകയാണ്. അക്രമികള്‍ ഉപയോഗിക്കുന്ന ആയുധങ്ങളില്‍ പലപ്പോഴും പ്രത്യേക രാസവസ്തു ഉപയോഗിക്കുന്നതിനാല്‍ മുറിവുണങ്ങാന്‍ വളരെ കാലതാമസം ഉണ്ടാകും. ആക്രമിക്കപ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ലഭിച്ചാലും ഇരകള്‍ വൈകല്യത്തോടെ ജീവിതാന്ത്യംവരെ ജീവിക്കേണ്ടതായി വരുന്നു.

രാഷ്ട്രീയ ആക്രമണത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ ഇത്തരം അംഗവൈകല്യവുമായി കണ്ണൂരില്‍ ജീവിക്കുന്നുണ്ട്. ബോംബ് നിര്‍മിക്കുന്ന സാഹചര്യത്തിലോ ആക്രമണത്തിലോ ഉണ്ടാകുന്ന സ്‌ഫോടനത്തില്‍ പരിക്കേറ്റ് എത്തുന്നവര്‍ക്ക് ഒരേസമയം ഒന്നിലധികം ശസ്ത്രക്രിയകള്‍ തന്നെ വേണ്ടിവരും. വെടിമരുന്ന്, കുപ്പിച്ചില്ല്, ആണി തുടങ്ങിയവയാണ് ബോംബിലെ അസംസ്‌കൃത വസ്തുക്കള്‍ എന്നതിനാല്‍ ഇവ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുമ്പോള്‍ തന്നെ ദിവസങ്ങളോളം വിവിധ ശസ്ത്രക്രിയ ആവശ്യമായി വരും.

-എജെ-

Share this news

Leave a Reply

%d bloggers like this: