കട്ടപ്പനയില്‍ നിന്നും വിവാഹ ശേഷം കോഴിക്കോട്ടെത്തിയ ജോളി ഒരു ക്രിമിനല്‍ ആണെന് വിശ്വസിക്കാനാകാതെ ബന്ധുക്കളും, സുഹൃത്തുക്കളും

കോഴിക്കോട് : കേരളത്തെ ഞെട്ടിച്ച 6 കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ജോളി ഒരു ക്രിമിനല്‍ ആണെന്ന് വിശ്വസിക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് ബന്ധുക്കളും, സുഹൃത്തുക്കളും പറയുന്നു. പഠനകാലത്തും വളരെ ശാന്തസ്വഭാവക്കാരിയായിരുന്നെനും ആണ് ജോളിയുടെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ വഴിവിട്ട ജീവിതവും, സ്വത്തിനോടും, പണത്തിനോടുമുള്ള ആര്‍ത്തിയാണ് ജോളിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ആര്‍ക്കും സംശയം തോന്നാതെ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ജോളി 6 കൊലകളും നടത്തിയിത്. ജോളിയുടെ പെരുമാറ്റത്തില്‍ യാതൊരു സംശയവും തോന്നിയിട്ടില്ലെന്ന് കുടുംബവും അയല്‍ക്കാരും സാക്ഷ്യം പറയുന്നു.

22 വര്‍ഷം മുന്‍പാണ് റോയി തോമസുമായുള്ള പ്രണയ വിവാഹത്തെ തുടര്‍ന്നാണ് ജോളി കോഴിക്കോട്ടെത്തുന്നത്. 993 മുതല്‍ 1996 വരെ പാലായിലെ ടൗണ്‍ പ്രവര്‍ത്തിച്ചിരുന്ന പാരലല്‍ കോളജിലായിരുന്നു ജോളി പഠിച്ചത്. ബികോം വിദ്യാര്‍ത്ഥിനിയായ ജോളി പാലായില്‍ ഹോസ്റ്റലിലായിരുന്നു കഴിഞ്ഞിരുന്നത് എന്നും സഹപാഠികള്‍ ഓര്‍ക്കുന്നു. റോയിയുടെ അമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിന്റെ ബന്ധുവായിരുന്നു ജോളി.ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ് അവര്‍ റോയിയെ പരിചയപ്പെട്ടത്. ഈ പരിചയം പ്രണയമായി. പിന്നീടത് വിവാഹത്തിലും കലാശിച്ചു. സ്വത്തിനായി ജോളി വ്യാജ ഒസ്യത്ത് ചമച്ചതാണ് റോയിയുടെ സഹോദരങ്ങളായ റോജോ തോമസിനും റെഞ്ചി തോമസിനും സംശയം ജനിപ്പിച്ചത്.

ഒസ്യത്തില്‍ തങ്ങളുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ലാത്ത ചിലര്‍ സാക്ഷികളായി ഒപ്പിട്ടതായി ഇരുവരിലും സംശയം ബലപ്പെടുത്തിയത്. ടോം തോമസിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് തന്നെ 2 ഏക്കര്‍ സ്ഥലം വില്‍പ്പന നടത്തിച്ച് ജോളി 18 ലക്ഷത്തോളം തുക കൈക്കലാക്കിയിരുന്നു. കൊലയ്ക്ക് പിന്നാലെ മറ്റ് സ്ഥലങ്ങളും വീടും കൈക്കലാക്കാനുള്ള ശ്രമത്തിനിടെയാണ് ജോളിയുടെ നീക്കത്തിനെതിരെ റോയിയുടെ സഹോദരങ്ങള്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. എന്നാല്‍ പോലീസ് ഇടപെടുന്നത് ഒഴിവാക്കാന്‍ ജോളി തന്ത്രപരമായി തന്നെ നീങ്ങി. സ്വത്ത് സഹോദരങ്ങളുമായി ഭാഗം വെയ്ക്കാന്‍ അവര്‍ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഏക്കറോളം വരുന്ന സ്ഥലവും വീടും ഭാഗം വെയ്ക്കാന്‍ തിരുമാനമായി.

ജോളി അറസ്റ്റ് ചെയ്യപ്പെട്ടതോടെ അവരുടെ കുട്ടികള്‍ പൊന്നാമറ്റം വീട് വിട്ട് ഇറങ്ങി. പിതാവിന്റെ സഹോദരിക്കൊപ്പമാണ് കുട്ടികള്‍ പോയത്. ജോളിയുടെ അറസ്റ്റോടെ രണ്ടാം ഭര്‍ത്താവ് ഷാജുവും വീട് വിട്ട് ഇറങ്ങിയിരുന്നു. കുടുംബാംഗങ്ങള്‍ ഒഴിഞ്ഞതോടെ പോലീസ് വീട് പൂട്ടി മുദ്ര വെച്ചു. പ്രതികളോ സഹായികളോ തെളിവ് നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്ന ആശങ്കയിലാണ് പോലീസ് നീക്കം.അതേസമയം കേസില്‍ ജോളിയുമായി ബന്ധമുള്ള മൂന്ന് പേരെ ഇന്ന് ക്രൈബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. രണ്ട് പ്രാദേശി രാഷ്ട്രീയ നേതാക്കളേയും ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരേയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്. വ്യാജ വില്‍പത്രം തയ്യാറാക്കാന്‍ ജോളിക്ക് സഹായം നല്‍കിയ അഭിഭാഷകരേയും റവന്യൂ ഉദ്യോഗസ്ഥരേയും പോലീസ് നിരീക്ഷിച്ച് വരികയാണ്.

കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും തെളിവുകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം ജോളിയുടെ രണ്ടാം ഭര്‍ത്താവിന് കേസില്‍ യാതൊരു പങ്കുമില്ലെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്. ജോളി ഓരോ കൊലപാതകവും നടത്തിയത് വളരെ ആസൂത്രിതമായിരുന്നു. പലരും, പല ഇടങ്ങളില്‍ മരണപെട്ടപ്പോള്‍ എല്ലാം അവിടെ ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നു .ഇവര്‍ സയനൈഡ് എപ്പോഴും കൈവശം കരുതിയിട്ടുണ്ടാകാം എന്നാണ് പോലീസിന്റെ നിഗമനം. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും എന്നാണ് റൂറല്‍ എസ്. പി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: