കഞ്ചാവിനെ ഔഷധങ്ങളുടെ പട്ടികയില്‍ പെടുത്തുന്ന നിയമത്തില്‍ ഒപ്പുവെച്ച് ആരോഗ്യമന്ത്രി

ഡബ്ലിന്‍ : ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം അയര്‍ലണ്ടില്‍ കഞ്ചാവിനെ ഔഷധങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ നിയമത്തില്‍ ആരോഗ്യമന്ത്രി ഒപ്പുവെച്ചു. അപസ്മാരം ഉള്‍പ്പെടുന്ന ചില പ്രത്യേക തരം രോഗങ്ങള്‍ക്ക് മാത്രമാണ് കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ അനുമതിയുള്ളത്. അയര്‍ലണ്ടില്‍ ഇത് നിയമവിധേയമായിരുന്നില്ല.

എന്നാല്‍ അതീവ ഗുരുതരമായ അപസ്മാര രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ കഴിയുന്ന നിയമം ആവശ്യപ്പെട്ടു ഒരുപാട് രോഗികള്‍ ആരോഗ്യമന്ത്രിയെ സമീപിച്ചിരുന്നു. അയര്‍ലണ്ടില്‍ ഇത് നിയമ വിധേയമല്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളില്‍ എത്തിയായിരുന്നു അയര്‍ലണ്ടിലെ വലിയൊരു വിഭാഗം രോഗികളും ചികിത്സ തേടിയിരുന്നത്.

മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, കീമോതെറാപ്പിയുമായി ബന്ധപ്പെട്ട് രോഗികള്‍ക്കുണ്ടാകുന്ന ഛര്‍ദി, തലകറക്കം, ഗുരുതരമായ അപസ്മാരം എന്നിവയ്ക്കാണ് അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ കഴിയുക. 5 വര്‍ഷത്തേക്ക് യുദ്ധകാല അടിസ്ഥാനത്തിലാണ് നിയമം നിലവില്‍ വരുന്നത്.

എന്നാല്‍ കഞ്ചാവ് നിയമ വിധേയമാകുന്നതോടെ ഇത് ദുരുപയോഗപ്പെടുമെന്ന ആശങ്കയും അയര്‍ലണ്ടിലെ തന്നെ ആരോഗ്യ വിദഗ്ധര്‍ പങ്കുവെച്ചിരുന്നു. എച്.എസ്.ഇ യിലെ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി പുതിയ നിയമത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: