അദാനിയുടെ സ്വപ്ന പദ്ധതിയായ ഓസ്‌ട്രേലിയന്‍ ഖനി പ്രൊജക്ടിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കി

 

സിഡ്‌നി: ലോകത്തെ ഏറ്റവുംവലിയ കല്‍ക്കരി ഖനന പദ്ധതിയായ കാര്‍മിക്കല്‍കോള്‍ ആന്‍ഡ് റെയ്ല്‍ പ്രൊജക്റ്റിനായി ഇന്ത്യയിലെ അദാനിഗ്രൂപ്പിന് നല്‍കിയ പാരിസ്ഥിതിക അനുമതി ഓസ്‌ട്രേലിയന്‍ കോടതി റദ്ദാക്കി. നിലവിലുള്ള ആവാസ വ്യവസ്ഥയെ പദ്ധതി ഗുരുതരമായി ബാധിക്കുമെന്നും, കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനെ തുടര്‍ന്നുമാണ് ഓസ്‌ട്രേലിയന്‍ കോടതിയുടെ ഈ തീരുമാനം.

ലോകപൈതൃക പട്ടികയില്‍ ഒന്നായ ഗ്രേറ്റ്ബാരിയര്‍ റീഫിലെ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ, കരാര്‍ ഒപ്പുവച്ച ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പരിഗണിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിലെ മാകെ കണ്‍സര്‍വേഷന്‍ ഗ്രൂപ്പ് എന്ന പരിസ്ഥിതി സംഘടനയാണ് പദ്ധതിക്കെതിരേ കോടതിയെ സമീപിച്ചത്. അതേസമയം കോടതിവിലക്ക് സാങ്കേതിക പിഴവ് ആയിരിക്കുമെന്നും ഉടന്‍ പിന്‍വലിക്കാനാകുമെന്ന് കരുതുന്നതായും അദാനി ഗ്രൂപ്പ് അറിയിച്ചു.

2014 ജൂലൈയിലാണ് 16.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 62000 കോടിരൂപ) ചെലവ് വരുന്ന ഏറെ വിവാദമായ ഈ പദ്ധതിക്ക് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അദാനി ഗ്രൂപ്പിന് അനുമതി നല്‍കിയത്. ഓസ്‌ട്രേലിയുടെ വടക്ക് കിഴക്കന്‍ പ്രദേശമായ ക്യൂന്‍സ്‌ലാന്റിലെ കല്‍ക്കരിഖനനം, 189 കിലോമീറ്റര്‍ വരുന്ന റെയില്‍പ്പാത നിര്‍മാണം, തുറമുഖത്തിന്റെ പുനരുദ്ധാരണം എന്നിവയുള്‍പ്പെടുന്ന പദ്ധതിക്കായി എസ്ബിഐ നേരത്തെ 6000 കോടി രൂപ അദാനിക്ക് വായ്പ അനുവദിച്ചതും ഏറെ വിവാദമായിരുന്നു. ഇതോടെ കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി ഓസ്‌ട്രേലിയയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പദ്ധതിക്കെതിരേ ഉയര്‍ത്തിയ പ്രതിഷേധങ്ങളും ഫലം കണ്ടിരിക്കുകയാണ്.
-എജെ-

Share this news

Leave a Reply

%d bloggers like this: