ഓസ്ട്രേലിയയില്‍ നിന്നും ലണ്ടനിലേക്കും, ന്യുയോര്‍ക്കിലേക്കും നേരിട്ട് വിമാന സര്‍വീസ്: ദീര്‍ഘദൂര യാത്രയോടു മനുഷ്യശരീരത്തിന്റെ പ്രതികരണം അറിയാന്‍ പരീക്ഷണ പറക്കല്‍ ഉടന്‍

സിഡ്‌നി : ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്തു നിന്നും ലണ്ടനിലേക്കോ ന്യൂയോര്‍ക്കിലേക്കോ നേരിട്ട് വിമാന സര്‍വ്വീസെന്ന സ്വപ്നം ഉടന്‍ യാഥാര്‍ത്ഥ്യമാകും. അതിന്റെ ആദ്യപടിയെന്നോണം മൂന്ന് പരീക്ഷണ പറക്കലിനാണ് ഓസ്ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടാസ് തയ്യാറെടുക്കുന്നത്. ലണ്ടനില്‍ നിന്നോ ന്യൂയോര്‍ക്കില്‍ നിന്നോ നേരിട്ട് സിഡ്‌നിയിലേക്ക് 40 പേരുമായി ക്വാണ്ടാസ് വിമാനം പറക്കും. 19 മണിക്കൂറോളം സമയമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും ദീര്‍ഘദൂര യാത്രയോട് മനുഷ്യ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനാണ് പരീക്ഷണ പറക്കല്‍ നടത്തുന്നത്.

2023 ഓടെ ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നീ സ്ഥലങ്ങളില്‍നിന്നും സിഡ്നി, ബ്രിസ്ബേന്‍, മെല്‍ബണ്‍ എന്നീ മൂന്ന് ഓസ്ട്രേലിയന്‍ നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നടത്തുകയാണ് കമ്പനിയുടെ അടുത്ത ലക്ഷ്യമെന്ന് ക്വാണ്ടാസ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് പരീക്ഷണ പറക്കല്‍ നടത്തുക. യാത്രക്കാരോടൊപ്പം അവരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്താനായി മെഡിക്കല്‍ വിദഗ്ധരും ഉണ്ടാകും.

19 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫ്‌ലൈറ്റ് യാഥാര്‍ത്ഥ്യമായാല്‍, യാത്രക്കാര്‍ക്ക് അത് ചിലവേറിയ യാത്രയാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ സമയത്തിന്റെ വില കണക്കിലെടുക്കുമ്പോള്‍ ആളുകള്‍ കൂടുതല്‍ പണം നല്‍കാന്‍ തയ്യാറായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഉത്പാദനം പൂര്‍ത്തിയായ മൂന്ന് ബോയിംഗ് 787-9 ഡ്രീംലൈനറുകള്‍ സിയാറ്റിലിലെ ബോയിംഗിന്റെ ഫാക്ടറിയില്‍ നിന്ന് ലണ്ടനിലേക്കോ ന്യൂയോര്‍ക്കിലേക്കോ പറക്കും. അങ്ങിനെ വന്നാല്‍ അതായിരിക്കും ആദ്യത്തെ ദീര്‍ഘദൂര വിമാന സര്‍വ്വീസ്.

പരീക്ഷണ പറക്കല്‍ വിജയകരമായാല്‍ അത് വാണിജ്യാടിസ്ഥാനത്തില്‍ ഉടന്‍തന്നെ ആരംഭിക്കാനാണ് ക്വാണ്ടാസ് ആലോചിക്കുന്നത്. ക്വാണ്ടാസ് ജീവനക്കാരായിരിക്കും ടെസ്റ്റ് ഫ്‌ലൈറ്റുകളുടെ ഭാഗമാവുക. സിഡ്നി യൂണിവേഴ്സിറ്റിയിലെ ചാള്‍സ് പെര്‍കിന്‍സ് സെന്റര്‍, മോനാഷ് യൂണിവേഴ്സിറ്റി, അലേര്‍ട്ട്‌നെസ് സേഫ്റ്റി ആന്‍ഡ് പ്രൊഡക്ടിവിറ്റി കോപ്പറേറ്റീവ് റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ ദീര്‍ഘദൂര വിമാനത്തിന് ഉണ്ടായേക്കാവുന്ന വിവിധ ആഘാതങ്ങള്‍ പരിശോധിക്കും.

Share this news

Leave a Reply

%d bloggers like this: