ഓര്‍മയുടെ കളിവഞ്ചിയില്‍ മഴതുള്ളി കിലുക്കം; സര്‍ഗ്ഗവാസനയെ കോര്‍ത്തിണക്കി ഐറിഷ് മലയാളികള്‍ക്കിടയില്‍ പുതുമ തേടുകയാണ് ബ്ലോഗര്‍ സ്വാതി ശശിധരന്‍

വ്യത്യസ്ഥത ആഗ്രഹിക്കുന്ന അയര്‍ലണ്ട് മലയാളി സമൂഹത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന പേരുകളില്‍ ഒന്നാണ് സ്വാതി ശശിധരന്‍. സ്മൃതി ചെപ്പുകള്‍ക്കുള്ളില്‍ ഒളിഞ്ഞു കിടന്ന; തടയാന്‍ കഴിയാത്ത ഏതോ അന്തര്‍ധാരയെ അനുവാചകന് മുന്നില്‍ തുറന്നിടുകയാണ് സ്വാതി. മൂന്ന് വയസ്സില്‍ തുടങ്ങിയ സാഹിത്യ കമ്പം പടര്‍ന്ന് പന്തലിച്ച് ഒരു എഴുത്തുകാരി എന്ന നിലയിലേക്ക് വളരാന്‍ സാധിച്ചതിന്റെ ആഹ്ലാദം പങ്കിടുകയാണിവര്‍.

ഇതിനോടകം ബ്ലോഗര്‍ ആയി പേരെടുത്ത സ്വാതി തന്റെ രചന വൈഭവം ‘Rain drops on my memory Yacht ‘ എന്ന തലക്കെട്ടോടെ പുസ്തക രൂപത്തിലേക്ക് മാറ്റിയപ്പോള്‍ ഈ വര്‍ഷത്തെ ഫൊക്കാന അവാര്‍ഡ് തേടിയെത്തിയത് അയര്‍ലന്‍ഡ് മലയാളികളെ ആവേശത്തിലാഴ്ത്തി. അക്ഷരങ്ങളെ അറിഞ്ഞു തുടങ്ങിയ കാലം തൊട്ട് തുടങ്ങിയ സാഹിത്യ വാസന സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം മാറ്റിവെയ്ക്കേണ്ടി വന്നെങ്കിലും സ്വതസിദ്ധമായ കഴിവുകളെ കാലങ്ങള്‍ക്കിപ്പുറം കൈമോശം വന്നില്ലെന്ന് തെളിയിക്കുകയാണിവര്‍. തിരക്ക് പിടിച്ച ജീവിതയാത്രയിലും സ്വാതിയുടെ സാഹിത്യ മോഹങ്ങള്‍ക്ക് ഭര്‍ത്താവ് സജീവ് പിന്തുണ പ്രഖ്യാപിച്ചതോടെ തന്റെ ഭാവനകള്‍ക്ക് വീണ്ടും ചിറക് മുളക്കുകയായിരുന്നെന്ന് സ്വാതി പറയുന്നു.

തിരുവനന്തപുരത്തെ ഒരു യാഥാസ്ഥിതിക കുടുംബത്തിലെ ഏക മകളായ സ്വാതിയെ പക്ഷെ സാഹിത്യ പരീക്ഷണങ്ങള്‍ക്ക് വിടാന്‍ വീട്ടുകാര്‍ തയ്യാറല്ലായിരുന്നു. രക്ഷിതാക്കളുടെ ആഗ്രഹങ്ങള്‍, അതിലുപരി സാമൂഹിക പദവി നിലനിര്‍ത്തുക എന്ന ബാധ്യത സ്വാതിയെ സമ്മര്‍ദ്ദത്തിലാഴ്ത്തി. എഞ്ചിനീയറിംഗ്- മെഡിസിന്‍ പഠനം ജീവിതത്തിന്റെ അവസാന വാക്കായി കരുതിപ്പോന്ന 90 കളില്‍ സാഹിത്യത്തിലുള്ള തുടര്‍പഠനം സ്വാതിക്ക് നിഷേധിക്കപ്പെട്ടു.

അങ്ങിനെ കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ കാലത്താണ് സമാന മേഖലയില്‍ ജോലി ചെയ്യുന്ന സജീവിനെ പരിചയപ്പെടുന്നത്. സജീവ് ജീവിത സഹയാത്രികനായി മാറിയതോടെ 2005 ഓടെ ഇവര്‍ അയര്‍ലണ്ടിലെത്തി. അയര്‍ലണ്ടിന്റെ മനോഹാരിത വീണ്ടും സ്വാതിയിലെ സാഹിത്യകാരിയെ പുറത്തെടുത്തു. ഇവിടുത്തെ ഭൂപ്രകൃതിയും- സംസ്‌കാരവും എഴുത്തിന്റെ മറ്റൊരു വാതില്‍ സ്വാതിക്ക് മുന്നില്‍ തുറന്നിട്ടു.

തന്റെ സര്‍ഗ്ഗവാസനകളെ കോര്‍ത്തിണക്കാന്‍ വളക്കൂറുള്ള മണ്ണായി അയര്‍ലന്‍ഡ് മാറിയതോടെ സ്വാതിയെന്ന ബ്ലോഗര്‍ പിറവി എടുക്കുകയായിരുന്നു. ഭര്‍ത്താവ് സജീവ് അച്ചുതനും, മക്കള്‍ ആദ് വിക, ആന്‍ വിധക്കും ഒപ്പം തന്റെ പുതിയ കലാസൃഷ്ടിയെക്കുറിച്ച് വാചാലയാകുകയാണിവര്‍. അയര്‍ലണ്ടിന്റെ പ്രത്യേകതകളില്‍ എഴുത്തുകാരി എന്ന നിലയില്‍ സ്വാതിയെ സ്വാധീനിച്ചത് രണ്ടു കാര്യങ്ങളാണ്. അതില്‍ ഒന്ന് സ്വാതന്ത്രമാണ്, രണ്ടാമത് സ്ത്രീകളെ ബഹുമാനിക്കുന്ന സാംസ്‌കാരിക തനിമയാണ് അയര്‍ലണ്ടിന്റേത്.

എ.എം

Share this news

Leave a Reply

%d bloggers like this: