ഓപ്പറേഷന്‍ തോര്‍: നിരവധി കേസില്‍ പ്രതികളായ മൂന്നുപേര്‍ അറസ്റ്റില്‍

 

ഡബ്ലിന്‍: മോഷണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗാര്‍ഡയുടെ ഓപ്പറേഷന്‍ തോര്‍ ( Operation Thor) തുടങ്ങി. ഇതിന്റെ ഭാഗമായി മീത്, വെസ്റ്റ്മീത്, ഓഫ്‌ലെ എന്നിവിടങ്ങളില്‍ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുള്ള മൂന്നു കള്ളന്‍മാര്‍ പിടിയിലായി.

ഇന്നലെ ടൗണില്‍ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയ 30 കാരനാണ് പിടിയിലായവരില്‍ ഒരാള്‍. ഇയാള്‍ ടാക്‌സിക്കാരനില്‍ നിന്ന് പണം പിടിച്ചുപറിക്കുകയും കാര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ഒരു ഹാന്‍ഡ് ബാഗ് തട്ടിയെടുക്കുകയും ഫാര്‍മസിയിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം അപഹരിക്കുകയും ചെയ്തിരുന്നു.

രണ്ടാമത്തെയാളും മുപ്പതുവയസിനടുത്തു പ്രായമുള്ളയാളാണ്. ഓഫ്‌ലയിലെ ബിറില്‍ നിന്ന് കാറും ഹാന്‍ഡ്ബാഗും മോഷ്ടിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് അപകടസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ ബിര്‍ ഗാര്‍ഡ സ്റ്റേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

40 വയസുപ്രായമുള്ള മൂന്നാമത്തെയാളെ ഒക്ടോബര്‍ 15 ന് മീതിലെ ഒരു ഷോപ്പില്‍ ആയുധവുമായെത്തി മോഷണം നടത്തിയതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടുപേര്‍ ഷോപ്പിലേക്ക് ആയുധവുമായി ചെന്ന് ജീവനക്കാരെ ഭയപ്പെടുത്തി പണവുമായി കടന്നുകളയുകയായിരുന്നു.

ഡബ്ലിനിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമായതിനെതുടര്‍ന്ന് ഈ മാസം മുതലാണ് ഓപ്പറേഷന്‍ തോര്‍ ആരംഭിച്ചിരിക്കുന്നത്. സംഘടിത കുറ്റകൃത്യം നടത്തുന്നവരെയും സ്ഥിരം മോഷ്ടാക്കളെയും പിടികൂടാനാണ് പദ്ധതിയുടെ ലക്ഷ്യം.
-എജെ-

Share this news

Leave a Reply

%d bloggers like this: