ഓണ്‍ലൈനിലെത്തുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം ഉടന്‍

ഡബ്ലിന്‍: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സംരക്ഷണം ഉറപ്പു വരുത്തുന്ന നിയമ നിര്‍മ്മാണം ഉടന്‍ തന്നെ നടപ്പില്‍ വരുത്തുമെന്ന് കമ്മ്യുണിക്കേഷന്‍ മിനിസ്റ്റര്‍ ഡെന്നീസ് നോട്ടന്‍. ഇന്റര്‍നെറ്റിന്റെ ഉപയോഗം കുട്ടികള്‍ക്കിടയില്‍ സുരക്ഷിതത്വം കുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കവെ ആണ് മന്ത്രി നിയമ നിര്‍മ്മാണം നടത്തേണ്ട ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിയത്. 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഒഴിവാക്കപ്പെടണമെന്ന് അനുശാസിക്കുന്ന വിവര സാങ്കേതിക നിയമമായിരിക്കും പ്രാബല്യത്തില്‍ വരിക. ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ആയിരിക്കും.

സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഒഴിവാക്കിയതുകൊണ്ട് മാത്രം കുട്ടികള്‍ സംരക്ഷിക്കപ്പെടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടനും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. ഇന്റര്‍നെറ്റിലൂടെ അപരിചിതരുമായി ബന്ധം സ്ഥാപിച്ച് അപകടത്തില്‍പ്പെടുന്ന കുട്ടികള്‍ അയര്‍ലണ്ടില്‍ വര്‍ധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന കുട്ടികളുടെ ഉത്തരവാദിത്വം സാമൂഹ്യമാധ്യമങ്ങള്‍ക്ക് തന്നെയാണെന്ന് കുട്ടികളുടെ സംരക്ഷണ ചുമതലയുള്ള മന്ത്രി കാതറിന്‍ സബോണും അഭിപ്രായപ്പെടുന്നു.

13 വയസ്സിന് താഴെയുള്ള കുട്ടികളെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തില്‍ നിന്നും വിലക്കുന്ന നിയമവും മന്ത്രിസഭയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ രക്ഷിതാക്കളില്‍ നിന്നും, അധ്യാപകരില്‍ നിന്നും അഭിപ്രായങ്ങള്‍ ആരാഞ്ഞശേഷം നിയമം പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: