ഓണാഘോഷ പരിപാടിയ്ക്ക് തിരുവാതിര അവതരിപ്പിച്ച് കന്യാസ്ത്രീകള്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കന്യാസ്ത്രീകളുടെ പൊതു സമൂഹവുമായുള്ള ബന്ധപ്പെടലും അവരുടെ സ്വാതന്ത്ര്യത്തിന്റെ പരിമിതികളെ കുറിച്ചുമൊക്കെ നിരന്തരം ചര്‍ച്ച നടക്കുന്ന വേളയില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് രണ്ട് കന്യാസ്ത്രീകള്‍ അവതരിപ്പിക്കുന്ന തിരുവാതിര വൈറലായിരിക്കുകയാണ്. കോളജ് കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വൈദികരുടെ വീഡിയോ പലപ്പോഴൂം കണ്ടിട്ടുണ്ട്. കന്യാസ്ത്രീ മഠത്തിനുള്ളില്‍ നടക്കുന്ന ഓണാഘോഷ പരിപാടികള്‍ ആരും തന്നെ കണ്ടിട്ടുമില്ല. ഇതാ, കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ സഹപ്രവര്‍ത്തകരായ അധ്യാപകര്‍ക്കൊപ്പം തിരുവാതിര അവതരിപ്പിക്കുകയാണ് അവിടെ സേവനം ചെയ്യുന്ന രണ്ട് കന്യാസ്ത്രീകള്‍.

കൃത്യമായ ചുവടുകളോടെയാണ് അവരും മറ്റുള്ളവര്‍ക്കൊപ്പം കളിക്കുന്നത്. തിരുവാതിരയുടെ എല്ലാ ഭംഗിയും അവര്‍ പകര്‍ന്നുനല്‍കുന്നു. സഭാ വസ്ത്രത്തിനു മുകളില്‍ കസവ് മുണ്ട് സാരിപോലെ ചുറ്റിയാണ് അവരും തിരുവാതിരയ്ക്ക് ഒരുങ്ങിയത്. കൈതപ്പൂ മണമെന്റെ ചഞ്ചലാക്ഷി… ഇന്നു നിന്‍ മാരന്‍ വന്നു മധുരം തന്നു…’ എന്ന പ്രശസ്തമായ ഗാനത്തോടെയാണ് അവരുടെ ചുവടുവയ്പ്പ്.

നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ മുന്നിലാണ് തിരുവാതിര അരങ്ങേറിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ നല്‍കിയ പുതിയ അനുഭവം കുട്ടികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വലിയ ആരവത്തോടെ കൈയടിച്ചാണ് കുട്ടികള്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടുന്ന അധ്യാപക സംഘത്തിന്റെ തിരുവാതിരയെ സ്വീകരിച്ചത്.

Share this news

Leave a Reply

%d bloggers like this: