ഓഖി ദുരന്തം: സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് ലത്തീന്‍ സഭ

ഓഖി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ സഭ രംഗത്ത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വലിയ അലംഭാവമാണ് കാട്ടുന്നതെന്ന് ആര്‍ച്ച് ബിഷപ് സൂസെപാക്യം കുറ്റപ്പെടുത്തി. ദുരന്തം കഴിഞ്ഞ് നാല് മാസം പൂര്‍ത്തിയാകുമ്പോള്‍ 49 പേര്‍ക്ക് മാത്രമാണ് സഹായം ലഭിച്ചതെന്ന് സൂസെപാക്യം പറഞ്ഞു.

തമിഴ്നാട് സര്‍ക്കാര്‍ എല്ലാ ദുരിതബാധിതര്‍ക്കും സഹായം നല്‍കിക്കഴിഞ്ഞു. എന്നാല്‍ നാല് മാസം കഴിഞ്ഞിട്ടും കേരളത്തില്‍ 49 പേര്‍ക്ക് മാത്രമാണ് സഹായം ലഭിച്ചത്. സഹായങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഇക്കാര്യത്തില്‍ സംസ്ഥാനം തമിഴ്നാട് സര്‍ക്കാരിനെ മാതൃകയാക്കണം. തമിഴ്നാട് സര്‍ക്കാര്‍ പത്തുലക്ഷം വീതം 117 പേര്‍ക്ക് നല്‍കി. എന്നാല്‍ ഇവിടെ സഹായം ലഭിച്ചവര്‍ക്ക് തുക കിട്ടാന്‍ ട്രഷറിക്ക് മുന്‍പില്‍ കാത്തികിടക്കേണ്ട സ്ഥിതിയാണ്.

ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ലഭിച്ചിട്ടില്ല. സര്‍ക്കാരിന്റേത് നിരുത്തരവാദപരമായ നിലപാടാണ്. ഇരകളെ സഹായിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടായി. മൗനത്തെ നിസ്സഹായതയായി കാണുകയാണെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

ഓഖി ദുരിതാശ്വാസത്തില്‍ സര്‍ക്കാര്‍ വാക്കുപാലിക്കുന്നില്ല. വിഷയവുമായി സര്‍ക്കാരിനെ സമീപിക്കുന്ന പ്രതിനിധികള്‍ക്ക് നിരാശയും അമര്‍ഷവുമുണ്ട്. താന്‍ മുഖ്യമന്ത്രിയുമായി പലതവണ ബന്ധപ്പെട്ടു. അപ്പോഴൊക്കെ അനുഭാവപൂര്‍ണമായ സമീപനമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ പ്രാവര്‍ത്തികമാകുന്നില്ല. 100 കോടിയുടെ പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സഭ. എന്നാല്‍ സര്‍ക്കാരിന്റെ സഹകരണമില്ലെങ്കില്‍ അത് പൂര്‍ണമായ ലക്ഷ്യത്തില്‍ എത്തില്ല. ഇതിനായി വരും ദിവസങ്ങളില്‍ സര്‍ക്കാരിനെ വീണ്ടും സമിപിക്കും.

ദുരിതബാധിതര്‍ക്ക് ജോലി, വീട്, ചികിത്സ ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളാണ് സര്‍ക്കാര്‍ നല്‍കിയത്. ഒന്നും നടപ്പായിട്ടില്ല. ഓഖി ഫണ്ടിനായി സമാഹരിച്ച തുകയെ കുറിച്ച് സോഷ്യല്‍ ഓഡിറ്റ് ഉണ്ടാകണം. സൂസെപാക്യം പറഞ്ഞു.

മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ സഭയ്ക്ക് ഒരു നിക്ഷിപ്ത താത്പര്യവുമില്ല. എന്നാല്‍ പല തീരുമാനങ്ങള്‍ കോടതിയില്‍ നിന്നും വരുന്നതില്‍ ആശങ്കയുണ്ട്. സഭയ്ക്ക് ഇക്കാര്യത്തിലുള്ള സദുദ്ദേശ്യം സര്‍ക്കാര്‍ മനസിലാക്കുകയാണ് വേണ്ടതെന്നും സൂസെപാക്യം കൂട്ടിച്ചേര്‍ത്തു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: