ഒസിഐ കാര്‍ഡ് പുതുക്കിയോ? ഇന്ത്യന്‍ ഗവണ്‍മെന്റ് നിയമം ശക്തമാക്കുന്നു; ഈസ്റ്ററിന് നാട്ടിലെത്താന്‍ തയ്യാറെടുക്കുന്നവര്‍ ജാഗ്രതൈ…

ന്യൂ ഡല്‍ഹി: ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഒസിഐ കാര്‍ഡ് വിമാന യാത്രയില്‍ നിര്‍ബന്ധമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ ഉള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ച് നല്‍കുന്ന ആജീവനാന്ത വിസയാണ് ഒസിഐ. ഇന്ത്യയിലേക്ക് ഉള്ള യാത്രയില്‍ അത്ര നിര്‍ബന്ധമല്ലാതിരുന്ന ഈ വിസ ഇപ്പോള്‍ പല എയര്‍പോര്‍ട്ടുകളിലും ചെക്ക്-ഇന്‍ സമയത്ത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

യു.കെ എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ ഒസിഐ കാര്‍ഡുകള്‍ നിര്‍ബന്ധമായും അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് വിമാനം കയറുമ്പോഴും ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യുമ്പോഴും ഒസിഐ കാര്‍ഡ് ചോദിച്ചേക്കാം. 20 വയസ്സിന് താഴെ ഉള്ളവരും 50 വയസ്സിന് മുകളിലുള്ളവരും പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒസിഐ കാര്‍ഡ് കൂടി പുതുക്കണം. ഈ പ്രായപരിധിക്ക് ഇടയില്‍പ്പെടുന്നവര്‍ക്ക് കാര്‍ഡ് പുതുക്കേണ്ടതില്ല.

മുഖത്തും ശരീരത്തിലും ഉണ്ടാകുന്ന ജീവശാസ്ത്രപരമായ മാറ്റങ്ങള്‍ കണക്കിലെടുത്ത് പുതിയ പാസ്‌പോര്‍ട്ടിനൊപ്പം ഒസിഐ കൂടി പുതുക്കി സൂക്ഷിക്കണമെന്നാണ് ഇന്ത്യന്‍ ഇമിഗ്രെഷന്‍ നിയമം അനുശാസിക്കുന്നത്. 20 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഒസിഐ കാര്‍ഡ് പുതുക്കേണ്ടതില്ല. എന്നാല്‍, പുതിയൊരു കാര്‍ഡ് വേണമെന്നുള്ളവര്‍ക്ക് അതിന് അപേക്ഷിക്കുകയും ചെയ്യാം.

പാസ്‌പോര്‍ട്ടിനൊപ്പം ഒസിഐ കൂടി പുതുക്കണം എന്ന നിയമം അത്ര കര്‍ശനമായിരുന്നില്ല. എന്നാല്‍ അടുത്ത കാലത്ത് എയര്‍പോര്‍ട്ടില്‍ ചെക്ക്-ഇന്‍ സമയത്ത് ഒസിഐ കാര്‍ഡ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഒസിഐ രെജിസ്‌ട്രേഷന്‍ ഇല്ലാത്തവരെ ഇമിഗ്രെഷന്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തേക്കാം.

ഒസിഐയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രായപരിധിയില്‍പ്പെട്ടവര്‍ മാത്രം ഇത് പുതുക്കി എന്ന് ഉറപ്പ് വരുത്തുക. പ്രത്യേകിച്ച് ഈസ്റ്ററിന് നാട്ടിലെത്തേണ്ടവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. എയര്‍പോര്‍ട്ടില്‍ ഉണ്ടായേക്കാവുന്ന അസൗകര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ പാസ്പോട്ടിനൊപ്പം ഒസിഐ കൂടി പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

ഡികെ

Share this news

Leave a Reply

%d bloggers like this: