ഒളികാമറ വിഷയത്തില്‍ എം കെ രാഘവനെതിരേ പിടി മുറുകുന്നു; കേസ് എടുക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ആവശ്യം…

കോഴിക്കോട്: കോഴിക്കോട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരേ കേസ് എടുക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ആവശ്യം. രാഘവനെതിരേ കേസ് എടുക്കുന്നതിന് ഡിജിപി നിയമോപദേശം തേടിയിരിക്കുകയാണ്. ഒരു ദേശീയ ചാനല്‍ പുറത്തുവിട്ട ഒളികാമറ ദൃശ്യങ്ങളില്‍ രാഘവന്‍ പണം ആവശ്യപ്പെടുന്നതായി ഉണ്ടായിരുന്നു. ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്നായിരുന്നു രാഘവനും യുഡിഎഫും അവകാശപ്പെട്ടിരുന്നതെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വീഡിയോ ദൃശ്യങ്ങള്‍ വ്യാജമല്ലെന്നു കണ്ടെത്തിയിരുന്നു.

ഇതിനു മുമ്പായി സിപിഎം രാഘവനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മാലാണ് കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിനോട് ഡിജിപി നിയമോപദേശം തേടിയിരിക്കുന്നത്. എം കെ രാഘവനെതിരേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു അയോഗ്യനാക്കണമെന്നായിരുന്നു സിപിഎം പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ പരാതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിന്‍ പ്രകാരം അന്വേഷണം നടത്താന്‍ കണ്ണൂര്‍ റേഞ്ച് ഐജിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി ഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഘവനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ളതിന് ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് ഉപദേശം തേടിയിരിക്കുന്നത്.

അതേസമയം ഒളികാമാറ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും എഡിറ്റ് ചെയ്ത വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നതെന്നും വീഡിയോയിലെ ശബ്ദത്തിലും കൃത്രിമം കാണിച്ചിട്ടുണ്ടെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് എം കെ രാഘവന്‍. രാഘവന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. എം കെ രാഘവനെതിരേയുള്ള ഐ ജി യുടെ അന്വേഷണ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്.

രാഷ്ട്രീയ സമര്‍ദ്ദത്താല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണിതെന്നും ഇതൊന്നും തെരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും ബാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി തനിക്കെതിരേ കേസ് എടുക്കാനുള്ള നീക്കം കോഴിക്കോട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും രാഷ്ട്രീയപ്രേരണയാല്‍ തയ്യാറാക്കിയ ഐജിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയുകയാണെന്ന് എം കെ രാഘവനും പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: