ഒറ്റ സ്‌കാനില്‍ വാഹനഉടമയുടെയും വാഹനത്തിന്റെയും പൂര്‍ണവിവരങ്ങള്‍; അടിമുടി മാറി ഡ്രൈവിംഗ് ലൈസന്‍സ്

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസന്‍സുകളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വരാന്‍ പോകുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം തയ്യാറാക്കിയ കരടുനിര്‍ദേശം വിവിധ സംസ്ഥാനങ്ങള്‍ അംഗീകരിക്കുന്ന പക്ഷം നവീന മാതൃകയിലുളള ഡ്രൈവിംഗ് ലൈസന്‍സുകളായിരിക്കും വാഹനഉടമകള്‍ക്ക് ലഭിക്കുക.

നിലവില്‍ ലാമിനേറ്റ് ചെയ്ത ഡ്രൈവിംഗ് ലൈസന്‍സുകളാണ് വാഹനഉടമകള്‍ക്ക് നല്‍കുന്നത്. ഇത് സുരക്ഷിതമല്ല എന്ന ആക്ഷേപം കാലങ്ങളായി നില്‍ക്കുന്നുണ്ട്. ഇതില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉദേശിക്കുന്നത്. ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡുകള്‍ക്ക് പകരം പോളി കാര്‍ബണേറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതീവ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് കാര്‍ഡില്‍ ക്യൂആര്‍ കോഡ് സംവിധാനവും ഒരുക്കാനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ട്.

നിയമലംഘനം നടത്തി വാഹനം ഓടിക്കുന്നവരെ കണ്ടുപിടിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് കൂടുതല്‍ വിശ്വാസ്യത ആര്‍ജിക്കാനും പുതിയ പരിഷ്‌കാരം സഹായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന മുറയ്ക്ക് വാഹനഉടമയുടെയും വാഹനത്തിന്റെയും പൂര്‍ണവിവരങ്ങള്‍ ലഭിക്കുമെന്നതാണ് പ്രത്യേകത. ഇത് രേഖകള്‍ കൈയില്‍ കൊണ്ടുനടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനും സഹായകമാകും.

പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നതിന് നിലവിലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് ഭേദഗതി ചെയ്യേണ്ടതായി വരും. നിലവില്‍ പുതിയ പരിഷ്‌കാരത്തിന് അനുകൂലമായ നിലപാടാണ് സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ ഇത് ഉടന്‍ തന്നെ നടപ്പിലാവുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: