ഒരേ എണ്ണയില്‍ പാചകം: പരമാവധി മൂന്നുതവണ മാത്രം, ടിപിസി 25 ശതമാനത്തില്‍ കൂടരുത്; കര്‍ശനനിര്‍ദേശവുമായി സര്‍ക്കാര്‍

ഹോട്ടലുകളിലും മറ്റു ഭക്ഷണശാലകളിലും ഒരേ എണ്ണയില്‍ തന്നെ വീണ്ടും പാചകം ചെയ്യുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ഗൗരവം കണക്കിലെടുത്ത് ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുകയാണ് അധികൃതര്‍. ഒരേ എണ്ണ തന്നെ വീണ്ടും പാചകത്തിന് ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയിലെ ടോട്ടല്‍ പോളാര്‍ കോമ്പൗണ്ട് 25 ശതമാനത്തിലധികമാകരുതെന്നാണ് അതോറിറ്റി നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പാകം ചെയ്ത എണ്ണയില്‍ അവശേഷിക്കുന്ന ഉപ്പ്, ഭക്ഷ്യവസ്തുവിലെ രാസഘടകങ്ങള്‍, അക്രൈലമിഡ് തുടങ്ങിയവയുടെ സാന്നിധ്യമാണ് ടിപിസി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

കൂടുതല്‍ തവണ എണ്ണ ഉപയോഗിക്കുമ്പോള്‍ എണ്ണയുടെ ഘടനയില്‍ വലിയ മാറ്റങ്ങളുണ്ടാകും. ആഹാരസാധനങ്ങളുടെ അംശം ചേരുന്നതുകൊണ്ടും തുടര്‍ച്ചയായി ചൂടാവുന്നതുകൊണ്ടും കാലപ്പഴക്കം കൊണ്ടുമാണ് ഈ മാറ്റങ്ങളുണ്ടാകുന്നത്. ഉപയോഗിച്ച എണ്ണയിലെ ടിപിസി പരമാവധി എത്രയാണെന്ന് നിജപ്പെടുത്തുകയാണ് അതോറിറ്റി ചെയ്തിരിക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുകയാണ് സുരക്ഷിതം. ഒന്നോ രണ്ടോ ദിവസത്തിനുളളില്‍ പരമാവധി മൂന്നുതവണ ഒരേ എണ്ണയില്‍ പാചകം ചെയ്താല്‍ വലിയ ദോഷമില്ല.

ഭക്ഷ്യവസ്തുക്കളുടെ കച്ചവടം നടത്തുന്ന വന്‍കിടക്കാര്‍ പാചകത്തിന് ശേഷം വരുന്ന എണ്ണ വ്യാവസായികാവശ്യങ്ങള്‍ക്ക് നല്‍കുന്നതാണ് രീതി. ഈ എണ്ണ കുറഞ്ഞവിലയ്ക്ക് ചില ഹോട്ടലുകാരും ചെറുകിട കച്ചവടക്കാരും വാങ്ങി ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിലാണ് അതോറിറ്റി പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: