ഒരു മാസത്തിലേറെയുള്ള അലച്ചില്‍; ഒടുവില്‍ വിതുമ്പലോടെ ഇല്‍സിയും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂവും

കാണാതായ ലിഗയ്ക്കായി സാധ്യമായ രീതിയിലുള്ള എല്ലാ അന്വേഷണങ്ങളുമാണ് കഴിഞ്ഞ ഒരു മാസമായി സഹോദരി ഇല്‍സിയും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂവും നടത്തിയത്. നഗരത്തിലെമ്പാടും ലിഗയുടെ ചിത്രമുള്ള പോസ്റ്റര്‍ ഒട്ടിച്ചും അധികൃതരെ കണ്ടും ഇവര്‍ കേരളത്തിലുടനീളം അന്വേഷണം നടത്തി. ഒടുവില്‍ പനത്തുറയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വിവരം പോലീസില്‍ നിന്ന് ലഭിക്കുമ്പോഴും ഇവര്‍ കാസര്‍കോട്ട് ലിഗയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു. ഉടന്‍ തിരുവനന്തപുരത്തെത്തിയ ഇല്‍സിയും ആന്‍ഡ്രൂവും ശനിയാഴ്ച രാവിലെ പനത്തുറയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത് വിതുമ്പലോടെയായിരുന്നു.

ജീര്‍ണിച്ച ശരീരത്തില്‍നിന്ന് വേര്‍പെട്ട തലയിലെ മുടിയുടെ നിറവും ഇട്ടിരുന്ന വസ്ത്രവും കണ്ടാണ് അത് ലിഗയെന്ന് അവര്‍ ഉറപ്പിച്ചത്. മൃതദേഹത്തിലുണ്ടായിരുന്ന ചെരുപ്പും ജാക്കറ്റും തന്റെ സഹോദരിയുടേതല്ലെന്നും അവര്‍ പറയുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ ഇരുവരും പോലീസിനോട് കയര്‍ത്തു സംസാരിച്ചു. ഇതേത്തുടര്‍ന്ന് ആന്‍ഡ്രൂവിനെ സംഭവസ്ഥലത്തുനിന്ന് മാറ്റി. പിന്നീട് ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തുന്നതിനൊപ്പം നടക്കുകയായിരുന്നു ഇല്‍സി. പോസ്റ്റ്മോര്‍ട്ടത്തിന് തങ്ങള്‍ നിയോഗിക്കുന്ന ഒരു ഡോക്ടറെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഇല്‍സി ഉന്നയിച്ചു. എന്നാല്‍ നിയമപരമായി അത് സാധ്യമല്ലെന്നു പോലീസ് പറഞ്ഞുവെങ്കിലും അവര്‍ തര്‍ക്കിച്ചു. ഇതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇല്‍സി തയ്യാറായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതിനുശേഷം പോലീസിന്റെ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് ഇല്‍സി മാധ്യമങ്ങളോട് പറഞ്ഞു.

ലിഗയ്ക്കായുള്ള അന്വേഷണം വെറും പ്രഹസനമായിരുന്നുവെന്നും തുടക്കംമുതല്‍ അന്വേഷണം പാളിയതിനാലാണ് തന്റെ സഹോദരിക്ക് ഇങ്ങനെ സംഭവിച്ചതെന്നും അവര്‍ പറഞ്ഞു. ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അന്വേഷണം നടത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. മൃതദേഹത്തില്‍ കണ്ട ജാക്കറ്റും ചെരിപ്പും തന്റെ സഹോദരിയുടെതല്ലെന്നും അതുകൊണ്ടുതന്നെ ഇത് കൊലപാതകമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.

പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ ഇല്‍സി പോസ്റ്റുമോര്‍ട്ടത്തിന് പ്രത്യേക ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമുന്നയിച്ചു. ഇതിനിടെ ആശുപത്രിയിലെത്തിയ സുരേഷ് ഗോപി എം.പി.യും ഇക്കാര്യത്തില്‍ ഇടപെട്ടു. നിയമപരമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് പോലീസ് മറുപടി നല്‍കി. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം നടത്തി. ഡി.എന്‍.എ. പരിശോധനയ്ക്കായി മൃതദേഹത്തിന്റെ വാരിയെല്ലിന്റെ ഭാഗവും പല്ലും അധികൃതര്‍ ശേഖരിച്ചു.

സഹോദരിയെ കണ്ടെത്താനായി തെരുവില്‍ പോസ്റ്റര്‍ പതിക്കുന്നതിനൊപ്പം അവരെ കണ്ടെത്തുന്നവര്‍ക്കായി ഒരു ലക്ഷം രൂപ പാരിതോഷികവും ഇല്‍സിയും ആന്‍ഡ്രൂവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ലിഗയെ കണ്ടുവെന്ന് സന്ദേശം ലഭിച്ച സ്ഥലങ്ങളിലൊക്കെ അവര്‍ അന്വേഷണം നടത്തി. ഇതിനിടെ കുളച്ചലിന് സമീപം ഒരു മൃതദേഹം കടല്‍ക്കരയില്‍ അടിഞ്ഞത് ലിഗയുടേതാണോയെന്നറിയാന്‍ ഇവര്‍ പോവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോവളത്തെ ഒരു ഹോട്ടലുടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആന്‍ഡ്രൂ ജോര്‍ദാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറു ദിവസത്തോളം ആശുപത്രിയിലായിരുന്ന ഇയാള്‍ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. പിന്നീട് ഭാര്യയെ കണ്ടെത്താനായി തിരികെ വരികയായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: