ഒമാന്‍ കടലിടുക്കില്‍ നാല് കപ്പലുകള്‍ക്കു നേരെ അട്ടിമറിശ്രമം: യുഎഇ ഡബ്ല്യൂ.എ.എം വാര്‍ത്താ ഏജന്‍സി…

വിവിധ രാജ്യങ്ങളുടെ നാല് ചരക്കു കപ്പലുകള്‍ക്കു നേരെ അട്ടിമറിശ്രമം നടന്നതായി യുഎഇ. ഒമാന്‍ കടലിടുക്കില്‍ വെച്ചാണ് സംഭവമുണ്ടായതെന്നാണ് വിശദീകരണം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചുഎഇ അധികൃതര്‍ സ്ഥിതി ഏറെ ഗൗരവപ്പെട്ടതാണെന്ന് വ്യക്തമാക്കി. ഞായറാഴ്ച നടന്നെന്നു പറയപ്പെടുന്ന അട്ടിമറി ശ്രമത്തിനു പിന്നില്‍ ആരാണെന്ന് യുഎഇ വ്യക്തമാക്കിയിട്ടില്ല. യുഎഇയുടെ ഡബ്ല്യൂ.എ.എം വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ”ചരക്കു കപ്പലുകളില്‍ അട്ടിമറി നടത്താനും അവയിലെ ജീവനക്കാരുടെ ജീവന് ഭീഷണി വരുത്താനുമുള്ള ശ്രമത്തെ അങ്ങേയറ്റത്തെ ഗൗരവത്തോടെയാണ് കാണുന്നത്” -യുഎഇ വിദേശകാര്യമന്ത്രാലയം പറഞ്ഞതായി ഡബ്ല്യൂ.എ.എം റിപ്പോര്‍ട്ട് ചെയ്തു.

ഫുജൈറ തുറമുഖത്തിന്റെ കിഴക്ക് ഒമാന്‍ കടലിടുക്കില്‍ വെച്ചാണ് സംഭവമുണ്ടായതെന്ന് മന്ത്രാലയം പറയുന്നു. സംഭവത്തില്‍ തങ്ങളുടെ അന്വേഷണ ഏജന്‍സികള്‍ അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് അന്വേഷണം നടത്തി വരികയാണെന്ന് ഒമാന്‍ പറഞ്ഞു. കപ്പലുകളിലുണ്ടായിരുന്നവര്‍ക്ക് ജീവാപായമോ പരിക്കുകളോ ഉണ്ടായിട്ടില്ല. കപ്പലുകളിലെ കെമിക്കലുകളോ ഇന്ധനമോ ചോര്‍ന്നിട്ടുമില്ല.

മധ്യേഷ്യന്‍ കടലിലേക്ക് യുഎസ് തങ്ങളുടെ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് അബ്രഹാം ലിങ്കണ്‍’ അയച്ചതിനു പിന്നാലെയാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്. ബോംബര്‍ വിമാനങ്ങളുമായി ഒരു ദൗത്യസംഘത്തെയും ഇതോടൊപ്പം അയച്ചിട്ടുണ്ട്. ഒരു താക്കീതാണ് ഇതുവഴി തങ്ങള്‍ ഇറാന് നല്‍കുന്നതെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ വ്യക്തമാക്കിയിരുന്നു. യുഎസ്സിന്റെ താല്‍പര്യങ്ങള്‍ക്കു നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ അതിശക്തമായ തിരിച്ചടി പ്രതീക്ഷിക്കണമെന്ന സന്ദേശം ഇറാന് നല്‍കുകയാണ് തങ്ങളെന്ന് അദ്ദേഹം പറയുകയുണ്ടായി.

ഇറാന്റെ ഭാഗത്തു നിന്നും നേരിട്ടുള്ള ആക്രമണം തന്നെ വേണമെന്നില്ല തങ്ങള്‍ പ്രതികരിക്കാനെന്നും യുഎസ് പറയുന്നുണ്ട്. തങ്ങളുടെ കൈപ്പിടിയിലുള്ള ഏതെങ്കിലും സംഘടനകളെ ഉപയോഗിച്ച് ആക്രമണം നടത്തിയാലും അതിന്റെ ഉത്തരവാദിത്വം ഇറാനായിരിക്കും. ഹൂതികളെയോ ഹെസ്‌ബൊള്ളയെയോ ഉപയോഗിച്ച് ആക്രമണം നടത്തിയാലും ഇറാനുനേരെ യുഎസ്സിന്റെ ആക്രമണമുണ്ടാകും.

ഇതിനു പിന്നാലെ കഴിഞ്ഞദിവസം യുദ്ധവിമാനങ്ങളും പാട്രിയറ്റ് മിസൈലുകളുമായി അമേരിക്കയുടെ യുദ്ധക്കപ്പല്‍ യുഎസ്എസ് ആര്‍ലിംങ്ടണ്‍ ഗള്‍ഫിലേക്ക് നീങ്ങിയതായി പെന്റഗണ്‍ അറിയിച്ചു. യു എസ് ബി 52 ബോംബര്‍ വിമാനങ്ങള്‍ ഖത്തറിലെ യു എസ് താവളത്തിലെത്തിയതായും പെന്റഗണ്‍ അറിയിച്ചു.

അടുത്തിടെ യുഎസ്സും ഇറാനും തമ്മില്‍ നിലനിന്നു വന്നിരുന്ന സംഘര്‍ഷങ്ങള്‍ കൂടുതല്‍ ശക്തമായിരുന്നു. ഇറാന്റെ ‘ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്’ എന്ന അര്‍ധസൈനിക വിഭാഗത്തെ യുഎസ് ഭീകരസംഘടനയെന്ന് വിശേഷിപ്പിച്ചിരുന്നു. യുഎസ് പട്ടാളത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന് സമാനമായ വിശേഷണം നല്‍കിയാണ് ഇറാന്‍ പ്രതികരിച്ചത്. അമേരിക്ക ഉപരോധം ശക്തമാക്കിയാല്‍ ഹോര്‍മൂസ് കടലിടുക്ക് ഉപരോധിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ലോകത്തെ വിവിധ രാജ്യങ്ങളിലേക്കുള്ള എണ്ണ കപ്പലുകളില്‍ ഏറെയും ഇതുവഴിയാണ് കടന്നുപോകുന്നത്.

Share this news

Leave a Reply

%d bloggers like this: