ഒബാമയെ ഉള്‍പ്പെടെ വധിക്കാന്‍ ശ്രമിച്ച ഭീകരസംഘം യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ സൈന്യത്തോടൊപ്പം കാവല്‍ നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍…

യുഎസ് – മെക്‌സിക്കോ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റക്കാരെ തടയാനായി പ്രവര്‍ത്തിക്കുന്ന സായുധ സംഘം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ ഉള്‍പ്പടെ വധിക്കാന്‍ പരിശീലിക്കപ്പെട്ട ഒരു ഭീകരസംഘടനയാണെന്ന് റിപ്പോര്‍ട്ടുകള്‍. മെക്‌സിക്കോയില്‍ നിന്നും യുഎസ്സിലേക്കുള്ള അനധികൃത കുടിയേറ്റങ്ങളുടെ എണ്ണം നിയന്ത്രണാതീതമായപ്പോള്‍ തങ്ങള്‍ അതിര്‍ത്തി സൈന്യത്തെ സഹായിക്കുകയാണെന്നാണ് ഈ സംഘം അവകാശപ്പെട്ടിരുന്നത്.

ഒബാമയേയും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോര്‍ജ്ജ് സോറോസിനെയും ഈ ഗ്രൂപ്പ് വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് എഫ്ബിഐ വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ മൂന്നുപേരും ‘ആന്റിഫാ’ ആണെന്നതായിരുന്നുവത്രെ ഈ ഭീകര ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. (ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്ക് പിന്തുണ നല്‍കുകയും തീവ്ര ഇടതുപക്ഷത്തെ സഹായിക്കുന്നവരെയും വലതുപക്ഷത്തിന് ഭീഷണി ആയവരെയുമാണ് ‘ആന്റിഫാ’ എന്ന് വിളിക്കാറുള്ളത്).

മെക്‌സിക്കോ അതിര്‍ത്തിയില്‍ യുണൈറ്റഡ് കോണ്‍സ്റ്റിറ്റിയൂഷനല്‍ പാട്രിയെറ്റ്‌സ് (UCP) എന്ന സംഘം നടത്തിവരുന്ന അക്രമങ്ങള്‍ക്കെതിരെ ദീര്‍ഘകാലങ്ങളായി പരാതികള്‍ ഉയര്‍ന്നിരുന്നു. കുടിയേറ്റക്കാരോട് അപമര്യാദയായി പെരുമാറുകയും അവരെ തട്ടിക്കൊണ്ടുപോകുകയോ അന്യായമായി തടവില്‍ വയ്ക്കുകയോ ചെയ്യുന്നത് ഇവിടങ്ങളില്‍ പതിവായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള കുടിയേറ്റ കുടുംബങ്ങളോട് ഈ സംഘം മനുഷ്യത്വവിരുദ്ധമായാണ് പെരുമാറിയിരുന്നതെന്നാണ് ആക്ഷേപം.

പരാതികളെ തുടര്‍ന്ന് സംഘത്തലവന്‍ ലാറി മിച്ചല്‍ ഹോപ്കിന്‌സിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സാധാരണ യുഎസ് സൈന്യത്തിന്റെ യൂണിഫോമിനോട് സാദൃശ്യമുള്ള വസ്ത്രം ധരിച്ച് ആയുധങ്ങളുമേന്തിയാണ് ഡൊണാള്‍ഡ് ട്രംപ് മതില്‍ പണിയാനിരിക്കുന്ന യുഎസ് – മെക്‌സിക്കോ അതിര്‍ത്തിയില്‍ ഈ സംഘം കാവല്‍ നിന്നിരുന്നത്. ന്യൂ മെക്‌സിക്കോ ഡെമോക്രാറ്റിക് ഗവര്‍ണ്ണര്‍ മിഷേല്‍ ലജന്‍ ഗ്രിഷാം ഈ ഗ്രൂപ്പിനെതിരെ അന്വേഷണം ആരംഭിക്കണമെന്ന് ഉത്തരവിട്ടതിന് തൊട്ടു പിന്നാലെയാണ് ഹോപ്കിന്‌സിന്റെ അറസ്റ്റ് നടക്കുന്നത്.

അഭയം അന്വേഷിച്ചുവരുന്നവരെയും കുടിയേറ്റക്കാരായി എത്തുന്നവരെയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ഒരു തരത്തിലും അനുവദിക്കാനില്ല എന്ന് ഗ്രിഷാം പരസ്യപ്രസ്താവന ഇറക്കിയിരുന്നു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടി യൂണിയന്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ ഈ ഗ്രൂപ്പ് കുടിയേറ്റക്കാരെ തട്ടികൊണ്ട് പോകുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 5,600-ഓളം കുടിയേറ്റക്കാരെ തടയാന്‍ അമേരിക്കന്‍ അധികൃതരെ ഈ സംഘം സഹായിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: