ഒഫീലിയയുടെ ദുരിതം വിട്ടുമാറാതെ അയര്‍ലണ്ട്; 130,000 ഉപഭോക്താക്കള്‍ക്ക് ഇനിയും വൈദ്യുതി ലഭ്യമായിട്ടില്ല; സ്‌കൂളുകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും

 

ഒഫീലിയ കൊടുങ്കാറ്റിന്റെ ദുരിതത്തില്‍ നിന്ന് അയര്‍ലണ്ട് ഇനിനും മുക്തമായിട്ടില്ല. ഡബ്ലിനില്‍ ലുവാസ് സേവനങ്ങള്‍ പുനരാരംഭിച്ചു. തിങ്കളാഴ്ച കനത്ത ചുഴലിക്കാറ്റിലും പേമാരിയിലും വൈദ്യുതി നഷ്ടപെട്ട വീടുകളില്‍ പകുതിയിലേറെയും പവര്‍ പുനഃസ്ഥാപിച്ചുവെന്ന് ESB നെറ്റ്വര്‍ക്ക് വ്യക്തമാക്കി. വൈദ്യുതി വിച്ഛേദിക്കപ്പെട്ട 330,000 വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും 55 ശതമാനം പുനഃസ്ഥാപിച്ചുവെന്ന് കമ്പനി പറഞ്ഞു. 130,000 ഉപഭോക്താക്കള്‍ ഇപ്പോഴും ഇരുട്ടിലാണ്. ഈ പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണികള്‍കള്‍ക്ക് കാലതാമസം നേരിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. കെറി, ലാവോസ്, ഗാല്‍വേ, ക്ലെയര്‍, വെസ്റ്റ് മീത്ത് എന്നീ കൌണ്ടികളില്‍ പവര്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ വൈദ്യുതി പ്രതിസന്ധി തുടരുകയാണ്, രാജ്യത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗങ്ങളിലാണ് ദുരിതം തുടരുന്നത്. തിങ്കളാഴ്ച 385,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടിരുന്നു, 2014-ല്‍ അയര്‍ലണ്ടില്‍ ആഞ്ഞടിച്ച ഡാര്‍വിന്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളേക്കാള്‍ ഭീകരമായിരുന്നു ഒഫീലിയ വരുത്തി വെച്ചത്.

തകര്‍ന്ന മരങ്ങള്‍ക്കും അവശിഷ്ടങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്നതിനാല്‍ വൈദ്യുത ലൈനുകളില്‍ അറ്റകുറ്റപണികള്‍ നടത്താന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. പൊട്ടിവീണ പവര്‍ ലൈനുകള്‍ തൊടരുതെന്നും 1850 372 999 എന്ന നമ്പറിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും കമ്പനി ജനങ്ങളോട് പറയുന്നു.
അപ്‌ഡേറ്റുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് PowerCheck പരിശോധിക്കാം.

ഒഫീലിയ കൊടുങ്കാറ്റില്‍ അയര്‍ലന്‍ഡിലെങ്ങും ജനജീവിതം താറുമാറായി. ഡബ്ലിന്‍, ഷാനണ്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള 200 സര്‍വീസുകള്‍ റദ്ദാക്കി. മൂന്നു ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി നിലച്ചു. ഇതുവരെ മൂന്നുപേര്‍ മരിച്ചു. മരങ്ങള്‍ കടപുഴകി വീണു രാജ്യത്തെങ്ങും ഗതാഗതം തടസ്സപ്പെട്ടു. അരനൂറ്റാണ്ടിനിടയില്‍ അയര്‍ലന്‍ഡിലുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്.

ഒഫീലിയ ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കൊടുങ്കാറ്റില്‍, കാറുകളില്‍ മരം വീണ് ഒരു പുരുഷനും സ്ത്രീയും മരിച്ചപ്പോള്‍, കടപുഴകിയ മരം മുറിച്ചുമാറ്റുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് മറ്റൊരാള്‍ മരിച്ചത്.

അര നൂറ്റാണ്ടിനിടെ അയര്‍ലന്‍ഡില്‍ വീശുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണിത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപംകൊണ്ട ഒഫീലിയെ യുഎസിലെ ഹരിക്കേന്‍ സെന്റര്‍ കാറ്റഗറി ഒന്നിലേക്കു താഴ്ത്തിയിട്ടുണ്ട്. ബ്രിട്ടന്റെ ഭാഗമായ വടക്കന്‍ അയര്‍ലന്‍ഡും വെയില്‍സും തെക്കുപടിഞ്ഞാറന്‍ സ്‌കോട്‌ലന്‍ഡും കൊടുങ്കാറ്റ് ഭീഷണിയിലാണ്. ചുഴലിക്കൊടുങ്കാറ്റ് വരുംദിവസങ്ങളില്‍ കൂടുതല്‍ ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷ.

മണിക്കൂറില്‍ 190 കി.മീ. വേഗത്തിലാണു കൊടുങ്കാറ്റ്. ഉരുള്‍പൊട്ടലും കടല്‍ക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. പടിഞ്ഞാറന്‍ നഗരമായ ഗാല്‍വെ വെള്ളത്തില്‍ മുങ്ങിയെങ്കിലും ഇന്നലെ സ്ഥിതി മെച്ചപ്പെട്ടു. പലയിടത്തും കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി. പ്രധാന നഗരങ്ങളെല്ലാം ആളൊഴിഞ്ഞ നിലയിലാണ്.

രാജ്യമെമ്പാടുമുള്ള യാത്രാ സേവനങ്ങള്‍ ഇന്ന് മുതല്‍ സാധാരണ നിലയിലേക്കെത്തും. കഴിഞ്ഞ രണ്ടു ദിവസം അടച്ചിട്ട പ്രൈമറി, സെക്കണ്ടറി സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറന്നിട്ടുണ്ട്. അതേസമയം രാജ്യത്തുടനീളം ഏകദേശം 110,000 ആളുകളില്‍ ഫോണും ബ്രോഡ്ബാന്‍ഡ് സേവനവും വിച്ഛേദിക്കപെട്ടുണ്ട്.

 

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: