ഒപ്പേറ സൈറ്റ് വികസനത്തിലൂടെ ലീമെറിക്കില്‍ 3000 തൊഴിലവസരങ്ങള്‍: ഇന്ത്യന്‍ കമ്പനികളും ലീമെറിക്കില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു.

ലീമെറിക്: അയര്‍ലണ്ടിലെ ഇന്ത്യന്‍ തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത് സുവര്‍ണ്ണാവസരം. പുതിയ പദ്ധതിയിലൂടെ ഇന്ത്യന്‍ കമ്പനികളും ലീമെറിക്കില്‍ നിക്ഷേപം നടത്തിയേക്കും. ലീമെറിക് സിറ്റിയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്നത് 3000 തൊഴിലവസരങ്ങള്‍. നഗരത്തിന്റെ സമഗ്ര വികസനത്തിന് സഹായം നല്‍കുന്നതാകട്ടെ യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും.

സിറ്റി സെന്ററില്‍ 3.7 ഏക്കറില്‍ പടുത്തുയര്‍ത്തുന്ന ഒപ്പേറ സൈറ്റിന് തൊഴില്‍മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കാന്‍ കഴിയും. നിമ്മാണത്തിന് 75 യൂറോ മില്യണ്‍ നിക്ഷേപം നടത്തുമെന്ന് ഇ.ഐ.ബി വ്യക്തമാക്കി. അയര്‍ലന്‍ഡിന് വേണ്ടി ഇ.ഐ.ബി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയാണിത്. ഇതോടെ ഡബ്ലിന്‍ കഴിഞ്ഞാല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുന്ന നഗരം എന്ന സ്ഥാനവും ലീമെറിക്കിന് സ്വന്തം. പൊതു-സ്വകാര്യ മേഖലക്ക് തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കപ്പെടുന്നത്.

നഗരത്തിലെ കാല്‍നട യാത്രക്കാരെ പോലും പരിഗണിക്കുന്ന രീതിയിലായിരിക്കും ഒപ്പേറ സൈറ്റ് നിര്‍മ്മിതി. സൈറ്റിനോട് ചേര്‍ന്ന് പൊതു പാര്‍ക്കുകളും സ്ഥാപിക്കപ്പെടും. റേറ്റ്ലാന്‍ഡ് സ്ട്രീറ്റ്, പാട്രിക് സ്ട്രീറ്റ്, എലന്‍ സ്ട്രീറ്റ്, മൈക്കിള്‍ സ്ട്രീറ്റ് തുടങ്ങിയ പ്രധാന നഗരവീഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനമാണ് ലക്ഷ്യമിടുന്നത്.

ബ്രക്സിറ്റ് അയര്‍ലണ്ടിനുമേല്‍ ഏല്‍പ്പിക്കുന്ന ആഘാതത്തെ 80 ശതമാനത്തോളം തടഞ്ഞു നിര്‍ത്താന്‍ പുതിയ പദ്ധതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം. രാജ്യത്ത് ഇത് ആദ്യമായാണ് ഒറ്റയടിക്ക് ഇത്രയധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒരു ലക്ഷത്തില്‍ പരം അവസരങ്ങള്‍ ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ഏഷ്യയില്‍ നിന്നും ജപ്പാനും ഒപ്പേറ സൈറ്റില്‍ നിക്ഷേപം നടത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ട്. കൂടാതെ ഇന്ത്യയിലെ വന്‍കിട ടെക്നോളജി ഫാര്‍മസ്യുട്ടിക്കല്‍ കമ്പനികളും ലീമെറിക്കില്‍ ശാഖകള്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: