ഒത്തൊരുമയുടെ ഭിന്ന മുഖങ്ങള്‍

ഒരു സംഘടനയെ വിമര്‍ശിക്കുക മാത്രമല്ല അവര്‍ ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കേണ്ടതും ഒരു സമൂഹത്തിന്റ്‌റെ കടമയാണ് . ഒരു ഓണാഘോഷ പരിപാടിക്കിടയില്‍ നടന്ന ചില കാര്യങ്ങള്‍ കഴിഞ്ഞ ദിവസം എഴുതിയിടേണ്ടി വന്നു .അതില്‍ പങ്കെടുത്ത വ്യക്തി എന്ന നിലയിലും അവിടെ പറഞ്ഞ കാര്യങ്ങളിലൂടെ, ആ സംഘടനയില്‍ അംഗമല്ലാത്തതിന്റ്‌റെ പേരില്‍ സംശയതിന്റ്‌റെ കണ്‍കോണുകള്‍ ഞങ്ങളുള്‍പെടുന്ന ഒരു ചെറിയ കൂട്ടത്തിന്റെ മേല്‍ വന്നു പതിച്ചപ്പോള്‍, സമൃദ്ധിയുടെ ഉത്സവ വേദിയില്‍ നിന്ന് വേദനയോടെ ഇറങ്ങേണ്ടി വന്നത് കൊണ്ടുമാണ് അതെഴുതിയത് . ഒരു സംഘടന അവരുടെ പ്രതിസന്ധികളില്‍ നിന്ന് വികാരനിര്‍ഭരമായി അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അതെങ്ങനെയൊക്കെയാണ് കേള്‍വിക്കാരിലേക്ക് എത്തുന്നതെന്നും , അതിലൊന്നും ഉള്‍പ്പെടാത്ത ആരെയൊക്കെയാണ് അത് വിഷമിപ്പിക്കുന്നതെന്നും അവര്‍ അറിയണമെന്ന് തോന്നി അല്ലാതെ യാതൊരു ദുരുദ്ദേശവും ആ എഴുത്തിനു പിന്നിലില്ലായിരുന്നു . ആ പ്രശ്‌നം തിങ്കളാഴ്ച രാവിലെ ആ സംഘടനയില്‍ നിന്നും വന്ന ഒരു ഫോണ്‍കോളോടു കൂടി അവസാനിച്ചതാണ്…. വിമര്‍ശനങ്ങളോട് ഒരു സംഘടന എത്ര പ്രഫഷണലിസത്തോടെയാണ് പ്രതികരിക്കേണ്ടത് എന്ന് അവരില്‍ നിന്ന് കണ്ടു പഠിക്കണം . ഈ വിമര്‍ശനങ്ങളിലൂടെ അവര്‍ക്ക് കിട്ടുന്ന ഒരു ഊര്‍ജ്ജമുണ്ട് . ഒരു ആവേശമുണ്ട് . അത് എന്നിലെ സംഘാടകയ്ക്ക് തൊട്ടറിയാനാവും .ആ ഊര്‍ജ്ജത്തില്‍ നിന്ന് തെറ്റുകള്‍ തിരിച്ചറിഞ്ഞു വളരുക . ഇന്ന് നിങ്ങള്‍ അറിയപ്പെടുന്ന സംഘടനയാണ് . നാളെ ഇതിലും മികച്ചവരായി അയര്‍ലണ്ടിന്റ്‌റെ സാംസ്‌കാരിക ഭൂപടത്തില്‍ പുതിയ വിജയ ഗാഥകള്‍ രചിക്കുമ്പോള്‍ കയ്യടിക്കുവാന്‍ ഞങ്ങള്‍ മാത്രമല്ല അയര്‍ലണ്ടിലെ മലയാളി സമൂഹം മുഴുവനുമുണ്ടാകും .

പിന്നെ വീണ്ടും നിങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ഖേദം ഉണ്ട്. പക്ഷെ നമുക്കിടയിലെ പ്രശ്‌നം പറഞ്ഞു തീര്‍ത്തപ്പോഴും അതറിയാതെ ഇതിനിടയില്‍ ‘കലക്ക വെള്ളത്തില്‍ മീന്‍ പിടിച്ച ‘ചില കൂട്ടരുണ്ട്.. ! അവരോടു രണ്ടു വാക്ക് പറയാതെ ഇതവസാനിപ്പിക്കുവന്‍ കഴിയില്ല .ഒരാള്‍ക്ക് ചെയ്യാനാവുന്നതില്‍ വച്ച് ഏറ്റവും നാണം കെട്ട പണിയാണ് ആള്‍ക്കാരെ തമ്മില്‍ തല്ലിക്കുക എന്നത് .സംഘടനകള്‍ ഇവിടെ നശിക്കുന്നുണ്ടെങ്കില്‍ അതിനു പ്രധാന കാരണം ഇങ്ങനെ ഇടയില്‍ കിടന്ന് രണ്ടു വള്ളത്തില്‍ കാല്‍ ചവിട്ടി നിന്ന് മീന്‍ പിടിക്കുന്നവരാണന്നു തിരിച്ചറിയാനുള്ള സാമാന്യബോധമെങ്കിലും അയര്‍ലണ്ടിലെ മലയാളി സമൂഹം കാണിക്കേണ്ടതുണ്ട് .ഓരോ എഴുത്തും സത്യസന്ധമാവണം , ആത്മാര്‍ത്ഥമാവണം .facebook ലെ likes ഉം shares ഉം hits ഉം കൂട്ടാന്‍ വേണ്ടി ഏത് അറ്റം വരെ പോകുവാനും തയ്യാറാകുന്നവരെയാണ് നാം ഭയക്കേണ്ടത് .സത്യസന്ധമായ ഓര്‍മ്മപ്പെടുത്തലുകളെയല്ല .ഒരു വിമര്‍ശനമോ എതിരഭിപ്രായമോ ഉയര്‍ന്നു വന്നാല്‍ തകര്‍ന്നു പോകുവാന്‍ മാത്രം ദുര്‍ബലമാണ് അയര്‍ലണ്ടിലെ സംഘടനകള്‍ എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ് .അങ്ങനെ കരുതുന്നത് പോലും അവരോടു ചെയ്യുന്ന വലിയ അവഹേളനമാണ് . അവര്‍ ഈ സമൂഹത്തില്‍ ചെയ്യുന്ന കലാ സാംസ്‌കാരിക സംഭാവനകളെ വിലകുറച്ചു കാണലാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അവരെ അപമാനിക്കുന്നതിനു തുല്യമാണ് .

ഒരു ശരാശരി മലയാളിയുടെ കാഴ്ചപ്പാടിലൂടെ സംഘടനകള്‍ ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റ്‌റെ കാരണങ്ങള്‍ ചികയുമ്പോള്‍ തെളിഞ്ഞു വരുന്ന ചില രേഖാ ചിത്രങ്ങളുണ്ട്. അവയിലൊന്ന് കുടുംബ സംഗമങ്ങള്‍ സംഘടനകള്‍ ആയി പരിണമിക്കുമ്പോള്‍ സംഘാടകരില്‍ തന്നെ വരുന്ന അവ്യക്തതയാണ് . മറ്റൊന്ന് സംഘടനകള്‍ വളരുമ്പോള്‍ സംഘാടകര്‍ കാണിക്കുവാന്‍ മറന്നു പോകുന്ന പ്രഫഷണലിസവും , പിന്നെ ഉള്ളില്‍ നിന്നും പുറത്തു നിന്നുമുള്ള കുതി കാല്‍ വെട്ടും പാര വെയ്പ്പും . ഒരു സംഘാംഗത്തില്‍ നിന്നും സംഘാടകനിലേക്കുള്ള ദൂരം വളരെ വലുതാണ് . ഒരു സംഘാടകന്‍ അദ്ദേഹത്തിന്റ്‌റെ സമയവും കഴിവും സംഘടനക്കു വേണ്ടി അര്‍പ്പിച്ച ആളാണ് . ആ കാലാവധി ഒരു വര്‍ഷത്തില്‍ നിന്നും നാലും അഞ്ചും വര്‍ഷങ്ങള്‍ ആവുമ്പോള്‍ അവര്‍ക്ക് തന്നെ മടുക്കും , വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ സ്വീകരിക്കുവാനുള്ള ക്ഷമ നശിക്കും .കുറ്റം മുഴുവന്‍ ഒരു സമൂഹത്തിന് മേല്‍ പഴി ചാരി പിന്മാറും .

അതില്‍ സമൂഹത്തിനു ഒരു കുറ്റവും ഇല്ല എന്നല്ല . അതിനെക്കാളുപരി ആ കുറ്റങ്ങളെയും പരാതികളെയും അതിജീവിച്ച് ഒരു സംഘടന വിജയത്തേരിലേറുമ്പോള്‍ മാത്രമാണ് കുതികാല്‍ വെട്ടി പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സമൂഹത്തിലെ ഒരു വിഭാഗത്തെ അക്ഷരാര്‍ത്ഥത്തില്‍ പരാജയപ്പെടുത്തുന്നത് .അങ്ങനെയാണ് അക്കൂട്ടരെ പരാജയപ്പെടുത്തേണ്ടതും .പ്രശ്‌നങ്ങളെയും പരാജയങ്ങളെയും അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്യാതെ ഒരു പ്രസ്ഥാനവും ഒരു നാട്ടിലും ഒരു കാലത്തും വേരോടിയിട്ടില്ല എന്നു ഓര്‍ക്കണം . മാര്‍ഗങ്ങള്‍ നിരവധിയാണ് , ഏതു സ്വീകരിക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മളും .സമൂഹത്തിന്റ്‌റെ നേര്‍ക്കാഴ്ച ആവേണ്ട മാധ്യമങ്ങള്‍ മാധ്യമ ധര്‍മത്തിന്റെ ബാലപാഠങ്ങള്‍ മറന്നു വെറും സ്തുതി പാടകര്‍ മാത്രമാവുമ്പോള്‍ വഞ്ചിതരാകുന്നത് ഒരു സമൂഹം തന്നെയാണ് .ഇവിടെ ആര്‍ക്കും ആരോടും ഒരു ഭിന്നതയും ഇല്ല….!!! അഭിപ്രായ വ്യത്യാസങ്ങളെ ഉള്ളൂ..സ്വകാര്യ ലാഭങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ വളച്ചൊടിച്ചു വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഇടയില്‍ ഭിന്നതയും സ്പര്‍ദ്ധയും വളര്‍ത്തി രസിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല . ഇത്രയും മാന്യമായി മാത്രമേ പ്രതികരിക്കുവാന്‍ ആകൂ .അതൊരു ബല ഹീനത ആയി കാണണം .

മിട്ടു ഷിബു

Share this news

Leave a Reply

%d bloggers like this: