ഒടുവില്‍ ചൂഷണത്തില്‍ നിന്നും നേരിയ ആശ്വാസം; മുത്തൂറ്റിലെ തൊഴിലാളി സമരം വിജയിച്ചു: വാര്‍ത്ത അറിയാതെ മാധ്യമ മുത്തശ്ശി

കോഴിക്കോട് : മുത്തൂറ്റ് തൊഴിലാളി സമരം പിന്‍വലിക്കപ്പെട്ടതിനെത്തുടര്‍ന്ന് കേരളത്തിലെ 611 മുത്തൂറ്റ് ശാഖകളും വെള്ളിയാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു മാനേജ്‌മെന്റ് പ്രതിനിധികളും ഉറപ്പു നല്‍കി. ഇതോടെ 52 ദിവസമായി തുടരുന്ന സമരമാണ് അവസാനിച്ചത്. യൂണിയന്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ചിലത് മാത്രം അംഗീകരിച്ചു കൊണ്ടാണ് സമരം അവസാനിപ്പിച്ചത്. കേരളത്തിലെ ഒരു തൊഴില്‍ മേഖലയില്‍ ഉണ്ടായ ഈ സംഭവത്തെ മാധ്യമ മുത്തശ്ശി മുക്കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശമ്പള വര്‍ധനയാവശ്യപ്പെട്ടായിരുന്നു മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പില്‍ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.

തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മന്റ് അംഗീകരിച്ചതോടെ തൊഴിലാളി യൂണിയന്‍ സമരം അവസാനിപ്പിച്ചതായി സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു. ഇടക്കാല ആശ്വാസമായി 500 രൂപ നല്‍കാനും ചര്‍ച്ചയില്‍ തീരുമാനം ആയതായും മന്ത്രി ടി ഡി രാമകൃഷ്ണന്‍ വ്യക്തമാക്കി. വാര്‍ഷിക ഇന്‍ക്രിമെന്റ് 2019 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കൊടുത്തു തീര്‍ക്കാനും 2018 – 2019 ലെ വാര്‍ഷിക ബോണസ് ഉടന്‍ വിതരണം ചെയ്യാനും തീരുമാനമായതായി സിഐടിയു പ്രതിനിധികള്‍ അറിയിച്ചു. ഹൈക്കോടതി നിരീക്ഷകന്‍ ലിജി വടക്കേടത്തിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്.

52 ദിവസമായി തുടര്‍ന്ന സമരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മന്ത്രി ടി ഡി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിവന്ന അനുരജ്ജന ചര്‍ച്ചകള്‍ പലപ്പോഴായി പരാജയപ്പെട്ടതോടെ കോടതിയുടെ ഇടപെടല്‍ ആണ് ഇപ്പോള്‍ വിജയം കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനും സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടല്‍ നടത്തിയിരുന്നു. തൊഴില്‍വകുപ്പ് അഡീ. ലേബര്‍ കമ്മിഷണര്‍മാരായ ബിച്ചു ബാലന്‍, കെ. ശ്രീലാല്‍, രഞ്ജിത് പി. മനോഹര്‍, മേഖലാ കമ്മിഷണര്‍ ആര്‍.ഹരികുമാര്‍ എന്നിവരും അനുരഞ്ജന ചര്‍ച്ചയില്‍ പങ്കെടുത്തു.

പിരിച്ചുവിട്ട ജീവനക്കരെ തിരിച്ചെടുക്കല്‍, തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, തുടങ്ങി തൊഴില്‍ നിയമങ്ങള്‍ പാലിക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്കിയതോടെ സമരം പിന്വലിക്കുകയായിരുന്നു. സി ഐ ടി യു വിന്റെ കൂടി വിജയമായിട്ടാണ് ഈ തൊഴില്‍ സമരം കണക്കാക്കുന്നത്. സമരം നടന്ന സ്ഥാപനത്തില്‍ ബാങ്ക് മാനേജര്‍ക്ക് പോലും 14,000 രൂപവരെയാണ് മാസ ശമ്പളം ലഭിക്കുന്നത്. ഇതര ബാങ്കിങ് മേഖലയില്‍ മാനേജര്‍മാര്‍ 40,000 രൂപയ്ക്ക് മുകളില്‍ വേതനം കൈപ്പറ്റുമ്പോഴാണ് മുത്തൂറ്റിലെ ജീവനക്കാര്‍ എത്രയും കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നത്.

ഇതിലും താഴെയുള്ള പോസ്റ്റുകളില്‍ 5000 മുതല്‍ 6000 വരെയാണ് ശമ്പള നിരക്ക് എന്ന് ജീവനക്കാര്‍ പറയുമ്പോള്‍ തൊഴില്‍ മേഖലയില്‍ ഇവര്‍ നേരിടുന്ന ചൂഷണം വ്യക്തമാകും. ഈ തുകയ്ക്ക് ഈ കാലത്ത് ഒരു വാടകവീടുപോലും ലഭ്യമല്ലെന്ന് പേര് വെളുപ്പെടുത്താന്‍ ഇഷ്ടപെടാത്ത മുത്തൂറ്റിലെ ഒരു ജീവനക്കാരന്‍ വ്യക്തമാക്കി. തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്ത് ജീവിതം മുന്നോട്ട്‌കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണ് തങ്ങള്‍ യൂണിയന്റെ നേതൃത്വത്തില്‍ സമരം തുടങ്ങിയതെന്നും ജീവനക്കാര്‍ പറയുന്നു. മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ക്ക് യൂണിയന്‍ അംഗത്വം നേടാനും ഇനി തടസമുണ്ടാവില്ലെന്നും മുത്തൂറ്റ് ഫിനാന്‍സ് ഉറപ്പു നല്‍കി.

Share this news

Leave a Reply

%d bloggers like this: