ഒടുവില്‍ അണ്ണാ ഡി.എം.കെയുടെ ‘രണ്ടില’ ചിഹ്നം ഇ.പി.എസ്-ഒ.പി.എസ് വിഭാഗത്തിന്

 

അണ്ണാ ഡി.എം.കെയുടെ ഔദ്യോഗിക ചിഹ്നമായ ‘രണ്ടില’ മുഖ്യമന്ത്രി ഇ. പളനിസ്വാമി-ഉപമുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വം (ഇ.പി.എസ്-ഒ.പി.എസ്) വിഭാഗത്തിന് നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനം. പാര്‍ട്ടിയുടെ പരമോന്നത സമിതിയായ ജനറല്‍ കൗണ്‍സിലില്‍ ഇ.പി.എസ്-ഒ.പി.എസ് വിഭാഗങ്ങളെ പിന്തുണക്കുന്നവരുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് കമീഷന്‍ അന്തിമ തീരുമാനം എടുത്തത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ജയലളിതയുടെ മരണശേഷം അണ്ണാഡി.എം.കെ വി.കെ. ശശികലയുടെയും ഒ. പന്നീര്‍സെല്‍വത്തിന്റെയും നേതൃത്വത്തില്‍ പിളര്‍ന്നപ്പോഴാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ചിഹ്നം മരവിപ്പിച്ചത്. ചിഹ്നത്തിന് അവകാശവാദമുന്നയിച്ച് ഇരുവിഭാഗവും ലക്ഷക്കണക്കിനു സത്യവാങ്മൂലങ്ങള്‍ കമീഷനു മുമ്പാകെ സമര്‍പ്പിച്ചിരുന്നു.

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തിനും മറ്റു ചിഹ്നങ്ങളാണ് തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിച്ചത്. എടപ്പാടി കെ. പളനിസാമി നയിക്കുന്ന അമ്മ വിഭാഗവും ഒ. പന്നീര്‍സെല്‍വം നേതൃത്വം നല്‍കുന്ന പുരട്ച്ചി തലൈവി അമ്മ വിഭാഗവും ലയിച്ചതോടെ സത്യവാങ്മൂലങ്ങള്‍ പിന്‍വലിക്കാന്‍ ഇരുവിഭാഗവും തയാറായി. എന്നാല്‍, ദിനകരന്‍ പക്ഷം അവകാശവാദവുമായി രംഗത്തെത്തിയതോടെ വീണ്ടും തര്‍ക്കം ഉയര്‍ന്നു.

ഇതിനിടെ, അണ്ണാഡി.എം.കെയുടെ രണ്ടില ഏതു വിഭാഗത്തിനു അനുവദിക്കണമെന്നത് സംബന്ധിച്ച് വേഗത്തില്‍ തീരുമാനം വേണമെന്ന് ചൂണ്ടിക്കാട്ടി അണ്ണാഡി.എം.കെ പ്രവര്‍ത്തകന്‍ രാം കുമാര്‍ മദ്രാസ് ഹൈകോടതിയില്‍ ഹരജി നല്‍കി. ഹരജി പരിഗണിച്ച ഹൈകോടതിയുടെ മധുര ബെഞ്ച് ചിഹ്ന വിഷയത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 31നകം തീരുമാനമെടുക്കണമെന്ന്‌ െതരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, അണ്ണാഡി.എം.കെയിലെ പ്രശ്‌നമാണ് തീരുമാനം വൈകാന്‍ കാരണമെന്നും തങ്ങളുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നും ആണ് തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയെ ബോധിപ്പിച്ചത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: