ഐ.വി ശശിയുടെ സംസ്‌കാരം വ്യാഴാഴ്ച ചെന്നൈയില്‍; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

 

ജനപ്രിയ സംവിധായകന്‍ ഐ.വി ശശിയുടെ സംസ്‌കാരം ചെന്നൈയില്‍ നടക്കും. വ്യാഴാഴ്ച രാവിലെ 10ന് പോരൂര്‍ ശ്മശാനത്തിലായിരിക്കും സംസ്‌കാരം. ഓസ്‌ട്രേലിയയിലുള്ള മകള്‍ അനു എത്തിയ ശേഷമായിരിക്കും സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുക. നാളെ ഉച്ചയ്ക്കു ശേഷം മകള്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.

കോഴിക്കോട് സ്വദേശിയാണ് ഐ.വി ശശി. അതുകൊണ്ടുതന്നെ സംസ്‌കാരം നാട്ടില്‍ നടത്തുന്നതിനെ കുറിച്ചും ആലോചന നടന്നിരുന്നു. എന്നാല്‍ കുടുംബം ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ സാഹചര്യത്തില്‍ ചെന്നൈയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

മകളുടെ അടുത്തേക്ക് ഭാര്യ സീമയ്ക്കും മകനുമൊപ്പം ഇന്ന് രാത്രി യാത്ര തിരിക്കാനിരിക്കേയാണ് മരണം ഐ.വി ശശിയെ കവര്‍ന്നെടുത്തത്. യാത്രയ്ക്കുള്ള ടിക്കറ്റും വീല്‍ചെയര്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. ന്യൂസിലാന്‍ഡില്‍ ആയിരുന്ന മകന്‍ ഇന്നലെ രാത്രിയാണ് ചെന്നൈയിലെ വീട്ടില്‍ എത്തിയത്. ഇന്നു രാവിലെ അപ്രതീക്ഷിതമായാണ് മരണം കടന്നുവന്നത്. രോഗം മൂര്‍ഛിച്ച ഐ.വി ശശിയെ മകനും ഭാര്യയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഐവി ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ ഐവി ശശി അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത നല്‍കിയ സംവിധായകനായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തന്റേതായ ശൈലിയില്‍ 150 ലേറെ സിനിമകള്‍ക്ക് അദ്ദേഹം ചലച്ചിത്രഭാഷ്യം ചമച്ചു. ദേശീയോദ്ഗ്രഥനത്തിനുളള ദേശീയ അവാര്‍ഡ് ലഭിച്ച ആരൂഢം പോലുളള സിനിമകളിലൂടെ ജനമനസ്സുകളില്‍ അദ്ദേഹം ഇടം നേടിയിരുന്നു. ജെസി ഡാനിയല്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് സംവിധാന കലയ്ക്കായി ജീവിതം സമര്‍പ്പിച്ച ഐവി ശശി മലയാളപ്പെരുമയെ ദേശാതീതമായി ഉയര്‍ത്തി. വേര്‍പാടില്‍ കുടുംബാംഗങ്ങളോടൊപ്പം ദു:ഖം പങ്കിടുന്നു. മുഖ്യമന്ത്രി പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം സിനിമ സംവിധാനം ചെയ്ത സംവിധായകരില്‍ ഒരാളായിരുന്നു ഐവി ശശിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സാങ്കേതിക തികവോടെയും നിരവധി അഭിനേതാക്കളെ ഒരുമിച്ചണിനിരത്തിയും അദ്ദേഹം ചെയ്ത സിനിമകള്‍ മലയാള ചലച്ചിത്ര ലോകത്തിലെ നാഴികക്കല്ലുകളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗംമലയാള സിനിമാ ലോകത്തിനും സാംസ്‌കാരിക ലോകത്തിനും കനത്ത നഷ്ടമാണെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവെക്കാനുതകുന്ന മികച്ച സിനിമകളുടെ സൃഷ്ടാവായിരുന്നു ഐവി ശശിയെന്ന സംവിധായക പ്രതിഭയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കലാ സംവിധായകനെന്ന നിലയിലും അദ്ദേഹം മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. സാങ്കേതികമായി സിനിമാലോകം ഏറെയൊന്നും വികസിച്ചിട്ടില്ലാത്ത കാലത്ത് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന നിരവധി സിനിമകള്‍ ഐവി ശശിയുടെ സംവിധാന മികവില്‍ മലയാളികള്‍ കാണുകയും ആസ്വദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ മലയാള സിനിമാഭൂമികയ്ക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: