ഐ ക്യു ടെസ്റ്റില്‍ വീണ്ടും മലയാളി തിളക്കം; ഇത്തവണ മെന്‍സ ക്ലബ്ബിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത് നന്ദന പ്രകാശ്

ലണ്ടണ്‍: ബുദ്ധിശക്തിയുടെ അളവ് കോലായ ബ്രിട്ടിഷ് മെന്‍സ ഐക്യു ടെസ്റ്റില്‍ ഇടംപിടിച്ചു മലയാളി പെണ്‍കുട്ടി. ലണ്ടനിലെ പ്ലാഷ്നെറ്റ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന നന്ദന പ്രകാശ് എന്ന പത്താം ക്ലാസുകാരിയാണ് ഇത്തവണ പട്ടികയില്‍ ഇടംപിട്ടിച്ചത്. കൊല്ലം കുളത്തുപ്പുഴ സ്വദേശികളായ എന്‍ എസ് പ്രകാശ്-സിമി ദമ്പതികളുടെ മകളാണ്. ലോകത്തെ വലിയ ഐക്യു സംഘടനയായ മെന്‍സയുടെ ജീനിയസ് സ്‌കോറായ 142 സ്വന്തമാക്കിയാണ് നന്ദന അഭിമാന നേട്ടം കൈവരിച്ചത്. യുകെയിലെ 500 സ്‌കൂളുകളില്‍ നടത്തിയ നാഷണല്‍ എഞ്ചിനിയറിങ് മത്സരത്തിലും നന്ദന മുന്നിലെത്തിയിട്ടുണ്ട്.

ഓരോ വര്‍ഷവും മെന്‍സ ക്ലബ്ബിലേക്ക് ഇടംനേടുന്ന മലയാളി കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ലോകത്തില്‍ ഏകദേശം ഇരുപതിനായിരകത്തോളം പേര്‍ മാത്രമാണ് മെന്‍സ ക്ലബില്‍ ഇടം നേടിയിട്ടുള്ളത്. ഇതില്‍ 2015 ല്‍ ലണ്ടനിലെ മറ്റൊരു മലയാളി ബാലികയായ ലൊറയ്ന്‍ മിന്നാ ജോണ്‍, ലിഡിയ സെബാസ്റ്റിയന്‍ എന്നിവരും മുമ്പ് പട്ടികയില്‍ ഇടം നേടിയവരാണ്. അതിബുദ്ധിയും അസാമാന്യ വൈദഗ്ധ്യവും പ്രകടിപ്പിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കുന്ന ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനാണ് മെന്‍സ. ഉയര്‍ന്ന ഐ.ക്യു നിലവാരമുള്ളവരുടെ ആഗോള കൂട്ടായ്മയായ ‘മെന്‍സ ഇന്റര്‍നാഷണലില്‍’ 1.10 ലക്ഷത്തോളം പേരാണ് ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ഇതില്‍ അമ്പത് ശതമാനത്തോളം അമേരിക്കക്കാരാണ്. രണ്ടര വയസുമുതല്‍ 103 വയസുവരെയുള്ളവര്‍ ഇപ്പോള്‍ ഈ സംഘത്തിലുണ്ട്. ലോകപ്രശസ്തരായ പണ്ഡിതന്മാര്‍ തയാറാക്കുന്ന അതിസങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി 98 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടുന്നവര്‍ക്കാണ് മെന്‍സയില്‍ അംഗത്വം ലഭിക്കുക. പത്തര വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു മാത്രമേ പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ. അതിലും താഴെ പ്രായമുള്ളവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കണമെങ്കില്‍ എഡ്യുക്കേഷന്‍ സൈക്യാട്രിക് അസസ്‌മെന്റ് പാസാകണം. ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിങും ഈ ടെസ്റ്റില്‍ 160 സ്‌കോറുകള്‍ വീതം നേടിയിട്ടുണ്ട്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ടു പരീക്ഷകളില്‍ നിന്നാണ് അതിബുദ്ധിശാലികളെ തെരഞ്ഞെടുക്കുന്നത്.

അതിബുദ്ധിശാലികളുടെ വൈദഗ്ധ്യം സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കുക എന്നതാണ് ‘മെന്‍സ’ എന്ന സംഘടനയുടെ പ്രവര്‍ത്തന ലക്ഷ്യം. അംഗത്വം നേടിയ ബുദ്ധിശാലികള്‍ക്ക് പരസ്പരം ആശയ വിനിമയത്തിന് അവസരമൊരുക്കി വലിയ നേട്ടങ്ങള്‍ക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നതാണ് മെന്‍സയുടെ രീതി. ഇവരുടെ സംവാദങ്ങളിലും ചര്‍ച്ചകളിലും ഉരുത്തിരിയുന്ന വലിയ ആശയങ്ങള്‍ ലോകത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കാന്‍ മെന്‍സ വേദിയൊരുക്കും. ഓസ്‌ട്രേലിയക്കാരനായ അഭിഭാഷകന്‍ റോളണ്ട് ബെറിലും, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഡോ. ലാന്‍സ് വെയറും 1946ല്‍ ഓക്‌സ്‌ഫോര്‍ഡില്‍ രൂപം നല്‍കിയ സംരംഭമാണിത്.

Share this news

Leave a Reply

%d bloggers like this: