ഐ.എസ്.എല്‍ രണ്ടാം സീസണില്‍ കൊമ്പന്മാര്‍ക്ക് ആദ്യ പരാജയം

കൊല്‍ക്കത്ത: ഐ.എസ്.എല്‍ രണ്ടാം സീസണില്‍ കൊമ്പന്മാര്‍ക്ക് ആദ്യ പരാജയം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് എതിരെ അത്‌ലറ്റികൊ ഡി കൊല്‍ക്കത്ത ഒന്നിനെതിരെ രണ്ടു ഗോള്‍ ജയം സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ ഫൈനല്‍ മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സിന് ചിതയൊരുക്കിയത് കൊല്‍ക്കത്തയായിരുന്നു. ഫുട്‌ബോള്‍ ഇതിഹാസം പെലെയെ സാക്ഷിയാക്കിയായിരുന്നു ടീമുകളുടെ പോരാട്ടം.

സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം മത്സരമായിരുന്നു കൊല്‍ക്കത്തയില്‍ അരങ്ങേറിയത്. സ്വന്തം മണ്ണില്‍ ഭേതപ്പെട്ട പ്രകടനം കാഴ്ചവച്ച ബ്ലാസ്‌റ്റേഴസ് കൊല്‍ക്കത്തയില്‍ കളിമറന്നു. കളി തുടങ്ങി ആറാം മിനിട്ടില്‍ കൊല്‍ക്കത്തയുടെ താരം ഇസുമിയില്‍നിന്നും ബ്ലാസ്‌റ്റേഴ്‌സിന് എതിരെ ആദ്യ ഗോള്‍ പിറന്നു. ഓര്‍ക്കാപ്പുറത്ത് ഗോള്‍വല കുലുങ്ങിയത് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ താളം തെറ്റിച്ചു. തുടര്‍ന്നങ്ങോട്ട് ആക്രമിച്ച് കളിക്കാനുള്ള മിക്ക ശ്രമങ്ങളും ഗ്രൗണ്ടിന് പകുതിയില്‍ ഒതുങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലേക്ക് ഒതുങ്ങി.

താരങ്ങളെ മാറ്റിയിറക്കി ഹെഡ് കോച്ച് പീറ്റര്‍ ടെയ്‌ലര്‍ പരീക്ഷണം തുടര്‍ന്നെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടില്ല. 53ാം മിനിട്ടില്‍ ലാറയുടെ കാലില്‍നിന്നും കൊല്‍ക്കത്തയ്ക്കായി രണ്ടാം ഗോള്‍ പിറന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിസന്ധിയിലായി. തുടര്‍ന്നങ്ങോട്ട് സ്വന്തം മണ്ണില്‍ കൊല്‍ക്കത്തയ്ക്ക് ലഭിച്ച കാണികളുടെ പിന്തുണയും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ മാനസികമായും തളര്‍ത്തി.
രണ്ടാം പകുതിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസഗോള്‍ പിറന്നത്. 80ാം മിനിട്ടില്‍ ഡഗ്‌നല്‍ കൊമ്പന്മാര്‍ക്കായി ഗോള്‍ മടക്കി.

ഇതോടെ ആവേശം വീണ്ടെടുത്ത ബ്ലാസ്‌റ്റേഴ്‌സ് കളിച്ചുമുന്നേറാന്‍ ശ്രമം നടത്തിയെങ്കിലും സമയം അനുവദിച്ചില്ല.

Share this news

Leave a Reply

%d bloggers like this: