ഐസിസ് ബന്ധം: യു.പിയിലെ ഗള്‍ഫ് അഫ്ഗാന്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നു

മീററ്റ്: ഇറാക്കിലേയും സിറിയയിലേയും തീവ്രവാദ സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ പഠനത്തിനായി എത്തിയ, ഗള്‍ഫിലേയും അഫ്ഗാനിസ്ഥാനിലേയും വിദ്യാര്‍ത്ഥികളെ പൊലീസ് നിരീക്ഷിക്കുന്നു. മീററ്റ് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് അലോക് സിന്‍ഹയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആറ് ജില്ലകളിലെ എസ്.പിമാര്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നത്. നോയ്ഡ, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്റര്‍നെറ്ര് വഴി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാസന്പന്നരായ യുവാക്കളെ ഐസിസ്‌റിക്രൂട്ട് ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സിന്‍ഹ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ‘പുതുപ്പണക്കാരെ’ നിരീക്ഷിക്കാനും പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയ്ക്കുപരി ചെലവഴിക്കുന്നവരെയാണ് പ്രത്യേകം നിരീക്ഷിക്കുക. ഈ ജില്ലകളിലുള്ള സൈബര്‍ കഫേകളുടെ എണ്ണം കൃത്യമായി കണക്കാക്കി റിപ്പോര്‍ട്ട് നല്‍കണം. സംശയാസ്പദമായി ആരെങ്കിലും കഫേകളില്‍ എത്തുന്നുണ്ടോയെന്നും അറിയിക്കണം.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കണ്ടെത്താന്‍ വനം, ആരോഗ്യ മന്ത്രാലയങ്ങളുടെ സേവനവും പ്രയോജനപ്പെടുത്താം. മതപരമായ വൈരം വളര്‍ത്തുന്നവരേയും നിരീക്ഷിക്കും. ഈ ജില്ലകളില്‍ താമസിക്കുന്ന കൃഷിക്കാരുടെ വിവരങ്ങള്‍ എസ്എച്ച്.ഒമാര്‍ പരിശോധന നടത്തി ഉറപ്പു വരുത്തണം.

Share this news

Leave a Reply

%d bloggers like this: