ഐസിസ് തന്ത്രം മാറ്റുന്നുവെന്ന് സംശയം…ബ്രിട്ടനിലുള്ളവരോട് അവിടെ തന്നെ തുടരാന്‍ നിര്‍ദേശം

ലണ്ടന്‍: പാരീസ് ഭീകരാക്രമണത്തിന് പിന്നാലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ബ്രിട്ടണിലും സമാന ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തുള്ള ഐ.എസ് അനുഭാവികളോട് സുരക്ഷാ ഏജന്‍സികളില്‍നിന്നും മറഞ്ഞിരിക്കാന്‍ സിറിയയിലെ ഐ.എസ് ആസ്ഥാനത്തുനിന്നും കര്‍ശന നിര്‍ദേശം നല്‍കിയതായി മിറര്‍ യു.കെയാണ് റിപ്പോര്‍ട്ട് ചെയ്‌യുന്നത്. നിര്‍ദേശം ലഭിക്കുമ്പോള്‍ പുറത്തുവന്ന് പാരീസിലേതിന് സമാനമായ ആക്രമണം നടത്താനാണ് ഐ.എസിന്റെ ഉത്തരവ്.

അനുഭാവികളെ സിറിയയിലേക്ക് ആകര്‍ഷിച്ച് പോരാട്ടങ്ങളില്‍ പങ്കാളിയാക്കുന്ന രീതിയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കാതലായ മാറ്റംവരുത്തുന്നതിന്റെ സൂചനകളാണ് ഇതെന്ന വിലയിരുത്തലുമുണ്ട്. മറ്റ് രാജ്യങ്ങളില്‍നിന്ന് സിറിയയിലേക്ക് ഒളിച്ചുകടക്കുന്ന അനുഭാവികള്‍ സുരക്ഷാ ഏജന്‍സികളുടെ കണ്ണില്‍പ്പെടുന്നതിനാലും, സിറിയയില്‍നിന്ന് പോരാട്ടത്തിനായി ലോക രാജ്യങ്ങളിലേക്ക് കയറിപ്പറ്റുന്നതിലെ അപകട സാധ്യത ഒഴിവാക്കാനുമാണ് ഐ.എസിന്റെ ശ്രമം. വിദേശിയരായ ഐ.എസ് അനുഭാവികളെ അവരുടെതന്നെ രാജ്യത്ത് പോരാട്ടത്തിനായി നിയോഗിക്കുകവഴി പരമാവധി അപകട സാധ്യത ഒഴിവാക്കാന്‍ കഴിയുമെന്നും ഭീകരര്‍ വിലയിരുത്തുന്നു.

അതീവ സുരക്ഷിതമായി സോഷ്യല്‍ മീഡിയ ആപ്‌സിലൂടെയാണ് സിറിയയില്‍നിന്നും ബ്രിട്ടണിലെ അനുഭാവികള്‍ക്ക് ഭീകരര്‍ നിര്‍ദേശങ്ങള്‍ കൈമാറുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അവിശ്വാസികളെ മാത്രമേ കൊലപ്പെടുത്താവൂ എന്നും മുസ്ലിങ്ങളെ ആക്രമണങ്ങളില്‍നിന്ന് ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശമുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. വിഷയത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: