ഐറിഷ് സിറ്റിസണ്‍ഷിപ്പിലെ പുതിയ മാറ്റം; യാഥാര്‍ഥ്യമെന്ത്???

ഡബ്ലിന്‍: ഐറിഷ് പൗരത്വം നേടാന്‍ ചില പുതിയ നിബന്ധനകളുമായി ഹൈക്കോടതി വിധി. അയര്‍ലണ്ടില്‍ പൗരത്വവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഞെട്ടല്‍ ഉളവാക്കുന്ന ഒരു വിധി ന്യായം പ്രഖ്യാപിക്കപ്പെട്ടത്. ഐറിഷ് പൗരത്വം ലഭിക്കാന്‍ അപേക്ഷകര്‍ അപേക്ഷ നല്‍കുന്നതിന് മുന്‍പ് തുടര്‍ച്ചയായി ഒരു വര്‍ഷം അയര്‍ലണ്ടില്‍ താമസിച്ചിരിക്കണം എന്നാണ് പുതിയ നിബന്ധന. ഇതില്‍ ഒരു ദിവസം പോലും അയര്‍ലണ്ടില്‍ നിന്നും മാറി താമസിച്ചാല്‍ പൗരത്വം ലഭിക്കില്ല എന്നാണ് പുതിയ നിബന്ധന.

മുന്‍കാല നിയമം അനുസരിച്ച് അപേക്ഷ നല്‍കുന്നതിന് തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍ രാജ്യത്തിന് പുറത്ത് പോകാന്‍ 6 ആഴ്ച വരെ സമയം അനുവദിക്കപ്പെട്ടിരുന്നു. മരണം, രോഗം, അവധി ദിനങ്ങള്‍ തുടങ്ങി അടിയന്തിര ഘട്ടങ്ങളില്‍ അപേക്ഷകര്‍ക്ക് ഈ ഇളവുകള്‍ വലിയൊരളവില്‍ സഹായകവുമായിരുന്നു. മുന്‍കാല പൗരത്വ അപേക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ തീര്‍ത്തും അസാധുവായിരിക്കുമെന്ന് പ്രഖ്യാപിച്ച ജഡ്ജി മാക്‌സ് ബാരറ്റ് 1956 -ലെ നാഷണാലിറ്റി ആന്‍ഡ് സിറ്റിസണ്ഷിപ് നിയമപ്രകാരം പൗരത്വ അപേക്ഷകര്‍ക്ക് ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. മേലില്‍ ഇത്തരം ഇളവുകള്‍ അനുവദിക്കാന്‍ മന്ത്രിക്കോ ഡിപ്പാര്‍ട്‌മെന്റിനോ യാതൊരു അധികാരവും ഉണ്ടാകില്ലെന്നും ഉത്തരവില്‍ പറയുന്നു.

നിലവില്‍ അയര്‍ലണ്ടില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികള്‍ ഐറിഷ് പൗരത്വത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരില്‍ വലിയൊരു ശതമാനവും മുന്‍കാല നിയമപ്രകാരമുള്ള അവധികളും മറ്റും എടുത്തവരുമാണ്. ഇവര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇവര്‍ വീണ്ടും അപേക്ഷ നല്‍കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഈ വിധി ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുക ഐറിഷ് അതിര്‍ത്തികളിലുള്ളവരെയായിരിക്കും. അവര്‍ ഏതൊരാവശ്യങ്ങള്‍ക്കും തൊട്ടടുത്തുള്ള വടക്കന്‍ അയര്‍ലണ്ടിനെയാണ് ആശ്രയിക്കുന്നത്. ഈ വിധി അനുസരിച്ച് പൗരത്വ അപേക്ഷ നല്‍കുന്നവര്‍ക്ക് വടക്കന്‍ അയര്‍ലന്‍ഡ് പ്രദേശങ്ങളിലും പ്രവേശിക്കാന്‍ കഴിയില്ല.

Share this news

Leave a Reply

%d bloggers like this: