ഐറിഷ് സാമ്പത്തിക രംഗം വരും വര്‍ഷങ്ങളില്‍ കുതിപ്പ് തുടരും; തൊഴിലവസരങ്ങള്‍ 60 ശതമാനം വരെ വര്‍ധിച്ചേക്കും: ഇ.എസ്.ആര്‍.ഐ റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സാമ്പത്തിക രംഗം വരും വര്‍ഷങ്ങളില്‍ മികച്ച നിലവാരത്തില്‍ എത്തുമെന്ന് ഇ.എസ്.ആര്‍.ഐ. യുടെ പ്രവചനം. 2018-ല്‍ തൊഴിലില്ലായ്മ 5 ശതമാനത്തിന് താഴെ എത്തുമെന്ന് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. ഇതോടൊപ്പം പുതിയ തൊഴിലവസരങ്ങള്‍ 60 ശതമാനത്തിലേറെ വര്‍ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ഈ വര്‍ഷം കയറ്റുമതിയില്‍ വന്‍ വളര്‍ച്ച നേടിയ രാജ്യം വരും വര്‍ഷങ്ങളില്‍ ഉത്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറയ്ക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ബ്രക്സിറ്റ് തൊടുത്തുവിട്ട വെല്ലുവിളികള്‍ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തിയത് രാജ്യത്തെ ഉല്പാദന മേഖലയാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യു.കെ യൂണിയനില്‍ നിന്നും പിന്മാറുന്നതോടെ ചില കരാറുകളില്‍ ഉണ്ടാവുന്ന മാറ്റം അയര്‍ലന്‍ഡിന് ക്ഷീണമേല്പിക്കുമെന്നും ഇ.എസ്.ആര്‍.ഐ പറയുന്നു. എങ്കിലും 2019-ല്‍ ഉണ്ടാകുന്ന പൂര്‍ണമായ ബ്രക്സിറ്റ് നടപടി ഫലപ്രദമായി നേരിടാനുള്ള കരുത്ത് അയര്‍ലന്‍ഡ് നേടും എന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യൂറോപ്പിന് പുറത്തേക്ക് വ്യാപാര ബന്ധങ്ങള്‍ ദൃഡമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇത് വിജയം കണ്ടാല്‍ അടുത്ത 3 വര്‍ഷത്തിനുള്ളില്‍ യൂറോപ്പിലെ വന്‍ സാമ്പത്തിക ശക്തിയായി അയര്‍ലന്‍ഡ് മാറിയേക്കും. ലോകത്തിലെ പ്രധാന കമ്പനികളെല്ലാം തന്നെ യൂറോപ്പില്‍ വെച്ച് തിരഞ്ഞെടുക്കുന്നത് അയര്‍ലണ്ടിനെയാണ്.

കോര്‍പ്പറേഷന്‍ ടാക്‌സ് പരമാവധി കുറച്ചുകൊണ്ട് നിലനില്‍ക്കുന്ന ഏക യൂറോപ്യന്‍ രാജ്യം എന്ന ബഹുമതിയും അയര്‍ലന്‍ഡിന് തന്നെയാണ്. ഇത് ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കാനാണെങ്കിലും സാമ്പത്തിക രംഗത്ത് കുതിച്ചുചാട്ടം നടത്താന്‍ അയര്‍ലണ്ടിനെ പ്രാപ്തമാക്കുകതന്നെ ചെയ്യുമെന്നാണ് പുതിയ സര്‍വേ ഫലം വ്യക്തമാക്കുന്നത്. വര്‍ക്കിങ് പോപ്പുലേഷന്‍ കുറഞ്ഞുവരുന്ന പ്രതിഭാസം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്. ഇത് കണക്കിലെടുത്ത് പൊതുമേഖലയിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നടപടികളും സര്‍ക്കാര്‍ ത്വരിതപ്പെടുത്തി വരികയാണ്.

കഴിഞ്ഞ 2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂറോസോണ്‍ സാമ്പത്തിക ബെല്‍റ്റില്‍ നിന്നും അല്പം അകന്നുമാറിയ അയര്‍ലന്‍ഡ് പിന്നീടുള്ള വര്‍ഷങ്ങളില്‍ സാമ്പത്തിക മേഖലയില്‍ വളര്‍ച്ച നേടി ശക്തമായി തിരിച്ചെത്തുകയായിരുന്നു. വില വര്‍ധന, വസ്തുവിലയില്‍ ഉണ്ടായ വര്‍ദ്ധനവ്, ഭവന പ്രതിസന്ധി തുടങ്ങി രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയാല്‍ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി തന്നെ അയര്‍ലന്‍ഡ് മാറും എന്നുള്ളതിന് സംശയമില്ല.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: