ഐറിഷ് ബോര്‍ഡറില്‍ അയവ് നല്‍കി ബ്രിട്ടന്‍ കസ്റ്റംസ് യൂണിയനില്‍ തുടരാനുള്ള ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍

ബ്രെക്‌സിറ്റില്‍ ഐറിഷ് അതിര്‍ത്തി സംബന്ധിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനുമായി രഹസ്യധാരണയുണ്ടാക്കിയെന്ന് സൂചന. ബ്രെക്‌സിറ്റ് ഡീലുകളെ സംബന്ധിച്ച് ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ബ്രെക്‌സിറ്റ് ഡീലുകള്‍ ബ്രിട്ടന് ലഭ്യമാക്കുന്നതിന് ബ്രിട്ടനെ ഇയു കസ്റ്റംസ് യൂണിയനില്‍ നിലനിറുത്തുന്നതിനുള്ള രഹസ്യ ധാരണയാണ് പ്രധാനമന്ത്രി തെരേസാ മേയും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും തമ്മിലുണ്ടായിരിക്കുന്നതെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ പുറത്ത് വിടുന്നത്.

കരാര്‍ വിവരങ്ങള്‍ നാളെ തെരേസ കാബിനറ്റില്‍ പറയുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐറിഷ് ബോര്‍ഡറില്‍ അയവ് നല്‍കി കസ്റ്റംസ് യൂണിയനില്‍ തുടരാനുള്ള കരാര്‍ എംപിമാര്‍ അംഗീകരിക്കുമോ എന്ന ചോദ്യം അതിനിടെ ശക്തമാകുന്നുണ്ട്. ചില ഇളവുകള്‍ ചര്‍ച്ചയിലൂടെ ബ്രസല്‍സിന്റെ ഭാഗത്ത് നിന്നും ലഭിച്ചുവെന്നും അത് പ്രകാരം ഇതിലൂടെ യുകെയെ ആകമാനം യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയനില്‍ നിലനിര്‍ത്താനാവുമെന്നും തെരേസ അവകാശപ്പെടുന്നു.

ട്രാന്‍സിഷന്‍ കാലത്ത് നിന്നും ഫൈനല്‍ ട്രേഡ് ഡീലിലേക്കെത്തുന്ന കാലത്തിനിടെ കടുത്ത ഐറിഷ് ബോര്‍ഡര്‍ ഒഴിവാക്കാനാണ് തെരേസ ഇതിലൂടെ പദ്ധതിയിട്ടിരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാത്തതിന്റെ പേരിലായിരുന്നു ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ മാസങ്ങളോളം വഴിമുട്ടിയിരുന്നത്. യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കുന്ന ഫൈനല്‍ സെറ്റില്‍മെന്റിന്റെ വിശദമായ വിവരം തെരേസ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോറിസ് ജോണ്‍സണ്‍ അവതരിപ്പിച്ച കാനഡ-സ്റ്റൈല്‍ ഡീലിനായിരിക്കും കൂടുതല്‍ സാധ്യതയെന്നും സൂചനയുണ്ട്.

ഐറിഷ് ബോര്‍ഡര്‍ വിഷയത്തെച്ചൊല്ലിയാണ് ഇരുപക്ഷത്തെയും ചര്‍ച്ചകള്‍ ധാരണയിലെത്താതെ പോകുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ മാത്രമായി കസ്റ്റംസ് യൂണിയനില്‍ നിലനിറുത്തി പ്രശ്‌നം പരിഹരിക്കാനുള്ള മേയുടെ ശ്രമങ്ങള്‍ നേരത്തെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പ്രമുഖ കക്ഷിയായ ഡിയുപി എതിര്‍ത്തിരുന്നു. അയര്‍ലന്‍ഡ് ബോര്‍ഡര്‍ വിഷയത്തില്‍ ഇരുപക്ഷവും വിട്ടുവീഴ്ച മനോഭാവം പ്രകടിപ്പിക്കാത്ത സ്ഥിതിക്ക് പുതിയ നീക്കമെന്നോണമാണ് ബ്രിട്ടനെ പൂര്‍ണ്ണമായും കസ്റ്റംസ് യൂണിയനില്‍ നിലനിറുത്തുക എന്ന തന്ത്രം മെയ് പയറ്റുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയും ഇക്കാര്യത്തില്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് മെയ് പക്ഷം.

എ എം

Share this news

Leave a Reply

%d bloggers like this: