ഐറിഷ് ബജറ്റ് – 2019 ഇന്ന്; എന്തൊക്കെ പ്രതീക്ഷിക്കാം ?

ഡബ്ലിന്‍: 2019 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഐറിഷ് ബജറ്റ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ധനമന്ത്രി പാസ്‌ക്കല്‍ ഡോനഹൊ ഡയലില്‍ അവതരിപ്പിക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ജനപ്രിയ പദ്ധതികള്‍ ഉള്‍പ്പെടുത്തി ഉദാരമായ ബജറ്റായിരിക്കും ഡോണഹൊ അവതരിപ്പിക്കുകയെന്നാണ് സൂചനകള്‍. ജനങ്ങളും ബജറ്റിലെ പ്രഖ്യാപനങ്ങളെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. റെവന്യൂ വര്‍ധനവിന്റെ വെളിച്ചത്തില്‍ മൊത്തത്തില്‍ 1.4 ബില്യണ്‍ യൂറോയ്ക്കും 1.5 ബില്യണ്‍ യൂറോയ്ക്കും ഇടയ്ക്കുള്ള ബജറ്റ് പാക്കേജാണ് ധനകാര്യ മന്ത്രി മനസ്സില്‍ കാണുന്നതെന്ന് ഉറപ്പിക്കാം. എല്ലാ മേഖലകളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അയര്‍ലണ്ടിന്റെ സാമ്പത്തിക സ്ഥിതിയെ ഒരു പരിധി വരെ വളര്‍ച്ചയുടെ വഴിയില്‍ എത്തിച്ച കഴിഞ്ഞ കാല ബഡ്ജറ്റുകളില്‍ നിന്നും വ്യത്യസ്തമായി, അടിമുടി വളര്‍ച്ചയുടെ, ദീര്‍ഘവീക്ഷണമാണ് ഈ ബഡ്ജറ്റിലൂടെ ഡോനഹൊ ലക്ഷ്യമിടുന്നത്.

2009 ല്‍ ഇല്ലാതാക്കിയ ക്രിസ്തുമസ് ബോണസ് പുനസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് ബോണസ് ഭാഗികമായി പുനസ്ഥാപിച്ചതിന്റെ തുടര്‍ച്ചയാണിത്. കഴിഞ്ഞ വര്‍ഷം ഇത് 85 ശതമാനം തിരികെ കൊണ്ടുവന്നിരുന്നു. ഈ വര്‍ഷം അത് ഇരട്ടിയാകും.

ഹോട്ടല്‍, റസ്റ്റോറന്റ് മേഖലയിലെ വാറ്റ് നിരക്കുകള്‍ 9% ശതമാനത്തില്‍ നിന്ന് 13.5% വരെ വര്‍ദ്ധിപ്പിക്കും. ഹെയര്‍ഡ്രെസ്സിങ്ങിലും വാറ്റ് നിരക്കുകള്‍ 9% ശതമാനത്തില്‍ നിന്ന് 13.5 ശതമാനമായി വര്‍ധിക്കും. അതേസമയം ന്യൂസ് പേപ്പര്‍, സ്പോര്‍ട്ട്‌സ് ഇനങ്ങള്‍ക്ക് 9% ശതമാനത്തില്‍ തുടരും. 20 സിഗരറ്റുള്ള ഒരു പാക്കറ്റ് സിഗരറ്റിന്റെ എക്സൈസ് തീരുവ 50 സെന്റ് ഉയര്‍ത്തും. കഴിഞ്ഞ ബജറ്റിലും ഇതേ വര്‍ദ്ധനവ് ഉണ്ടായിരുന്നു.

മിനിമം കൂലി 25 സെന്റ് വര്‍ധിപ്പിച്ച് മണിക്കൂറിന് 9.80 സെന്റ് എന്ന കണക്കിലാകും. 2യ ശതമാനം വരുന്ന യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ്ജിന്റെ നിലവിലുള്ള ബാന്‍ഡ് 12,012 യൂറോയ്ക്ക് മുകളിലും 19,372 യൂറോയ്ക്ക് താഴെയുമാണ് ആണ്. ഇതില്‍ 500 യുറോ കൂടി ഉയര്‍ത്തുന്നതോടെ പരിധി 19,800 യൂറോയിലെത്തും. ഇതിലൂടെ 90,000 പേര്‍ നികുതിയില്‍ നിന്ന് ഒഴിവാകും. കൂടാതെ 4.75% യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ്ജ് 4.5 ശതമാനമായി കുറയ്ക്കും. ഇതോടെ കൂടിയ ടാക്‌സ് ബാന്‍ഡ് പരിധി 750 യൂറോ വര്‍ധിച്ച് 35,300 യൂറോയിലെത്തും. നിലവിലെ വരുമാന പരിധി ഒരാള്‍ക്ക് 34,550 യൂറോയും വിവാഹിതരായവര്‍ക്ക് (ഒരാള്‍ മാത്രം ജോലി ചെയ്യുന്നു) 43,550 യൂറോയുമാണ്. 2020 തോടെ ഇത് ഒരു വ്യക്തിക്ക് 37,500 യൂറോയും ദമ്പതികള്‍ക്ക് 46,500 യൂറോയുമായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി വരേദ്കര്‍ വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്.

സ്വയം തൊഴില്‍ വരുമാനക്കാര്‍ക്ക് പ്രതിവര്‍ഷം 200 യൂറോ അധിക നികുതി ചുമത്തിയിട്ടുണ്ട്. നിലവില്‍ 1200 യൂറോയുള്ള ഹോം കെയറര്‍ നികുതി പ്രതിവര്‍ഷം 300 യൂറോ വര്‍ധിപ്പിച്ചിട്ടുണ്ട്. മോര്‍ട്ടഗേജ് പലിശ നിരക്കുകളിലെ ഇളവുകള്‍ 50 ശതമാനം എന്ന തോതില്‍ തുടരും. സേവിങ്സിലെ DIRT 2 ശതമാനം വര്‍ധിപ്പിച്ച് 35 ശതമാനമാക്കിയിട്ടുണ്ട്.

കാര്‍ബണ്‍ ടാക്സിലെ വര്‍ദ്ധനവ് ഉണ്ടാകുമോ എന്നും എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. 2014 മെയ് മുതല്‍ ടണ്ണിന് 20 യൂറോ എന്ന നിരക്ക് ഇപ്പോഴും തുടരുകയാണ്. ഇത് 30 യൂറോയായി വര്‍ധിപ്പിക്കുമോ എന്ന് കണ്ടറിയാം. കാര്‍ബണ്‍ ടാക്‌സ് വര്‍ധനവിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പെട്രോള്‍, ഡീസല്‍, ഹീറ്റിങ് ഫ്യൂവല്‍ എന്നിവയുടെ വിലയും ഇതിന് ആനുപാതികമായി ഉയരുമെന്ന ആശങ്കയാണ് വിദഗ്ദര്‍ പങ്കുവയ്ക്കുന്നത്.

ഭവന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള 300 മില്യണ്‍ യൂറോയുടെ പുതിയ സ്‌കീം അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്‌കീമിലേക്കുള്ള വരുമാന യോഗ്യത ഒരു വ്യക്തിക്ക് 50,000 യൂറോയും ദമ്പതികള്‍ക്ക് 75,000 യൂറോയും ആയിരിക്കും. പുതിയ വീട് പണിയുന്നവര്‍ക്ക് 50,000 യൂറോയുടെ ഡിസ്‌കൗണ്ട് ഇതിലൂടെ പ്രതീക്ഷിക്കാവുന്നതാണ്.

നാഷണല്‍ ട്രീറ്റ്മെന്റ് പര്‍ച്ചെഴ്‌സ് ഫണ്ട് അടുത്ത വര്‍ഷം 20 മില്യണ്‍ യൂറോ വര്‍ധിപ്പിക്കും. പ്രത്യേക പരിഗണന ആവശ്യമുള്ള കുഞ്ഞുങ്ങളെ ചികിത്സിക്കുന്നതിന് 100 തെറാപ്പിസ്റ്റുകളെ നിയമനം നടത്തും. ഇതിനായി മൂന്ന് മില്യണ്‍ വകയിരുത്തിയിട്ടുണ്ട്. സൗജന്യ ജിപി കെയര്‍ 10,000 പേരിലേക്ക് കൂടി എത്തിക്കും. 70 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള പ്രിസ്‌ക്രിഷന്‍ ചാര്‍ജില്‍ 50 സെന്റ് കുറവ് വരുത്തും. ഡ്രഗ് പേയ്മെന്റ് സ്‌കീമിലേക്കുള്ള പരിധി 10 യൂറോ കുറച്ച് മാസം 124 യൂറോ ആക്കിയിട്ടുണ്ട്. അബോര്‍ഷന്‍ സേവനങ്ങള്‍ക്കായി 14 മില്യണും മെന്റല്‍ ഹെല്‍ത്ത് മേഖലയില്‍ 55 മില്യണ്‍ യൂറോയും വകയിരുത്തിയിട്ടുണ്ട്.

പാരന്റല്‍ ലീവില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യതകളും പ്രതീക്ഷിക്കുനുണ്ട്. പിതാവിനും മാതാവിനും അടുത്ത വര്‍ഷം മുതല്‍ പാരന്റല്‍ ലീവില്‍ രണ്ട് ആഴ്ച കൂടി കൂട്ടിയേക്കാം.

 

 

 

 

 

 

 

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: