ഐറിഷ് പൗരത്വ കേസ്; അപ്പീല്‍ കോടതിയില്‍ വാദം കേള്‍ക്കല്‍ നടപടികള്‍ ആരംഭിച്ചു; കോടതിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുന്നവരില്‍ മലയാളികളും…

ഡബ്ലിന്‍: ഐറിഷ് പൗരത്വം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കല്‍ നടപടികള്‍ അപ്പീല്‍ കോടതിയില്‍ ആരംഭിച്ചു. ഐറിഷ് പൗരത്വം ലഭിക്കണമെങ്കില്‍ അപേക്ഷകര്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് നിര്‍ബന്ധമായും എല്ലാ ദിവസവും അയര്‍ലണ്ടില്‍ തന്നെ ഉണ്ടായിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അപേക്ഷകര്‍ക്ക് ജസ്റ്റിസ് വകുപ്പ് നല്‍കിവന്ന ഇളവുകള്‍ മുഴുവന്‍ അസാധുവാക്കികൊണ്ടുള്ള ഉത്തരവാണ് ഹൈകോടതിയില്‍ നിന്നുമുണ്ടായത്. ഐറിഷ് പൗരത്വം ലഭിക്കാന്‍ അപേക്ഷ നല്‍കിയവര്‍ക്ക് വലിയ തിരിച്ചടി നല്‍കുന്ന കോടതിവിധി പുറത്തുവന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരകണക്കിന് അപേക്ഷകര്‍ അപ്പീല്‍ കോടതിയുടെ ഈ വിധിയില്‍മേലുള്ള പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ്.

ഇതോടെ സെപ്റ്റംബറിലും, ഡിസംബറിലും നടക്കാനിരുന്ന പൗരത്വം നല്‍കുന്ന ചടങ്ങുകളും നിര്‍ത്തലാക്കിയിരുന്നു. പൗരത്വ കേസില്‍ ജസ്റ്റിസ് വകുപ്പിന്റെ അധികാരം പോലും എടുത്തുകളയുന്ന നടപടിയ്‌ക്കെതിരെ സര്‍ക്കാരും രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ അഭിഭാഷകര്‍ വാദം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. അപ്പീല്‍ കോടതിയില്‍ നിന്നും പൗരത്വ അപേക്ഷകര്‍ക്ക് അനുകൂല വിധി പുറത്തുവരികയാണെങ്കില്‍ ഈ വിഷയത്തില്‍ മറ്റു നിയമനിര്‍മ്മങ്ങളൊന്നും ഉണ്ടാവില്ല. എന്നാല്‍ വിധി പ്രതികൂലമായാല്‍ നിയമ നിര്‍മ്മാണം വേണമെന്നാണ് ജസ്റ്റിസ് വകുപ്പിന്റെ നിലപാട്.

ഐറിഷ് പൗരത്വം ലഭിക്കാന്‍ അപേക്ഷ നല്‍കുന്നതിന് മുന്‍പ് ഒരു വര്‍ഷം കുറഞ്ഞ കാലയളവില്‍ അയര്‍ലണ്ടില്‍ നിന്നും വിട്ടുനില്‍ക്കുന്നത് നിയമ വിരുദ്ധമായി കണക്കാക്കിയിരുന്നില്ല; എന്നാല്‍ കോടതി ഉത്തരവ് പുറത്തുവന്നതോടെ ഇതുവരെ തുടര്‍ന്നുവന്ന നിയമം ശക്തമാകുകയായിരുന്നു. നിരവധി മലായാളികളും ഈ പ്രതിസന്ധിയില്‍പെട്ടിട്ടുണ്ട്. അപേക്ഷ നല്‍കുന്നതിനുമുന്പ് അയര്‍ലണ്ടില്‍ നിന്നും ഒരു ദിവസമെങ്കിലും വിട്ട് നിന്നവര്‍ക്ക് പൗരത്വം അനുവദിക്കപ്പെട്ടിട്ടുണ്ടെകില്‍ അത് അസാധുവാക്കാനും ഹൈ കോടതി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇതോട അപേക്ഷ നല്‍കിയവര്‍ മാത്രമല്ല പൗരത്വം ലഭിച്ചവരും, ലഭിക്കാന്‍ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിവരും പ്രതിസന്ധിയില്‍ പെടുകയായിരുന്നു. അപേക്ഷകരോട് അപ്പീല്‍ കോടതിയുടെ വിധിയ്ക്ക് വേണ്ടി കാത്തിരിക്കാനാണ് ജസ്റ്റിസ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിധിയും അപേക്ഷകര്‍ക്ക് തിരിച്ചടിയായാല്‍ സര്‍ക്കാര്‍ പൗരത്വ നിയമത്തില്‍ ഭേദഗതി നടപ്പാക്കുമെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

Share this news

Leave a Reply

%d bloggers like this: