ഐറിഷ് പൗരത്വം ലഭിക്കാന്‍ ഐറിഷ് ഭാഷ പ്രാവീണ്യം നിര്‍ബന്ധമാക്കിയേക്കും.

ഡബ്ലിന്‍: ഐറിഷ് പൗരത്വം ലഭിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ടമെന്റ്. 3500 ആളുകള്‍ക്ക് പൗരത്വം നല്‍കുന്ന ചടങ്ങില്‍ വെച്ച് നീതിന്യായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇത് സംബന്ധിച്ച സൂചന നല്‍കുകയായിരുന്നു. കില്ലെര്‍ണിയില്‍ വെച്ച് നടന്ന പൗരത്വ ചടങ്ങില്‍ 160 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഐറിഷ് പൗരത്വം നല്‍കി.

നിലവില്‍ പൗരത്വം ലഭിക്കാന്‍ ഐറിഷ്-ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം ആവശ്യമില്ലെങ്കിലും ഉടന്‍തന്നെ ഭാഷ പ്രാവീണ്യം നിര്‍ബന്ധമാക്കുന്ന വ്യവസ്ഥകള്‍ ആരംഭിച്ചേക്കും. പൗരത്വം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഐറിഷ് ഇംഗ്ലീഷ് ഭാഷകള്‍ സ്വായത്തമാക്കാന്‍ പൗരത്വം ആര്‍ജ്ജിക്കുന്നവര്‍ക്ക് കഴിയുന്നില്ലെന്ന കണ്ടെത്തലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് ജസ്റ്റിസ് വകുപ്പ് അസിസ്റ്റന്റ് പ്രിസിപ്പല്‍ റെയിന്‍മെന്‍ഡ് മറെ അറിയിച്ചു.

ഐറിഷ് അല്ലെങ്കില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിക്കുക, അതുമല്ലെങ്കില്‍ ഐറിഷ് ഭാഷയില്‍ മാത്രം പ്രാവീണ്യം നിര്‍ബന്ധമാക്കുക തുടങ്ങിയ അഭിപ്രായങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. അയര്‍ലണ്ടില്‍ എത്തുന്ന കുടിയേറ്റക്കാര്‍ക്ക് പ്രാവീണ്യം തെളിയിക്കാന്‍ എളുപ്പമായതിനാലും, ഇംഗ്ലീഷ് ഭാഷ അയര്‍ലണ്ടിലെ സംസാര ഭാഷ ആയതിനാലും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിച്ചാല്‍ മതിയെന്ന് ചില ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുമ്പോള്‍ ഐറിഷ് ഭാഷാ സ്‌നേഹികളായ ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ പൗരത്വം ലഭിക്കാന്‍ ഐറിഷ് ഭാഷ പ്രാവീണ്യം നിര്‍ബന്ധമാക്കണമെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഭൂരിപക്ഷ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഐറിഷ് പൗരത്വം ലഭിക്കാന്‍ ഭാഷാ പ്രാവീണ്യം കൂടി പരിശോധിക്കപ്പെടും.

ഡികെ

Share this news

Leave a Reply

%d bloggers like this: