ഐറിഷ് പാസ്‌പോര്‍ട്ട് അപേക്ഷരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്; പാസ്‌പോര്‍ട്ട് പുതുക്കല്‍ അടുത്തമാസം മുതല്‍ ഓണ്‍ലൈനിലൂടെ

ഡബ്ലിന്‍ : അയര്‍ലന്റിലെ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ദ്ധിച്ചതിനാല്‍ ഇരുന്നൂറോളം ക്ലറിക്കല്‍ ജീവനക്കാരെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ഇരുന്നൂറ്റമ്പത് പേരെ ജോലിയില്‍ പ്രവേശിപ്പിച്ചതിനു പുറമെയാണ് പുതിയ റിക്രൂട്ട്‌മെന്റ്. ബ്രിട്ടന്റെ ഇ.യു പിന്മാറ്റം ഐറിഷ് പൗരത്വത്തിന്റെ ഡിമാന്റ് ഉയര്‍ത്തിയിട്ടുണ്ട്.

യു.കെയില്‍ നിന്നുള്ള ഐറിഷ് പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 74 ശതമാനവും വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഐറിഷ് പാസ്‌പോര്‍ട്ട് ആവശ്യക്കാരുടെ എണ്ണം 77 ശതമാനവും വര്‍ദ്ധിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആവശ്യക്കാരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നതായി ഐറിഷ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.

പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളില്‍ ഉപഭോക്തൃ സേവനങ്ങള്‍ വിപുലീകരിച്ചും, ജോലിക്കാരെ പുതുതായി നിയമിച്ചുമാണ് വിദേശകാര്യ വകുപ്പ് പാസ്‌പോര്‍ട്ട് അപേക്ഷകരുടെ തിരക്ക് നിയന്ത്രിച്ച് വരുന്നത്. വടക്കന്‍ അയര്‍ലന്റിലെ രാഷ്ട്രീയ പ്രതിസന്ധിയും റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിനോട് ജനങ്ങള്‍ക്ക് പ്രിയം തോന്നാനുള്ള പ്രധാനകാരണങ്ങളാണ്.

കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത 730,000 പാസ്പോര്‍ട്ടുകള്‍ എന്ന അയര്‍ലണ്ടിന്റെ സര്‍വ്വകാല റെക്കോര്‍ഡിനെ മറികടക്കുന്നതായിരിക്കും 2017 ലെ പാസ്‌പോര്‍ട്ട് വിതരണമെന്ന് അപേക്ഷകരുടെ എണ്ണം ചൂണ്ടിക്കാട്ടി പാസ്‌പോര്‍ട്ട് ഓഫീസുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 2015 വര്‍ഷത്തേക്കാളും ഒന്‍പത് ശതമാനം വര്‍ദ്ധനവാണ് അപേക്ഷകരുടെ എണ്ണത്തില്‍ 2016 ല്‍ ഉണ്ടായത്.

അതുത്തമാസം മുതല്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍ നടപടികള്‍ ഓണ്‍ലൈന്‍ വഴി ക്രമീകസരിക്കാനും യഥാസമയം സ്റ്റാറ്റസ് അറിയുവാനുമുള്ള സംവിധാനങ്ങള്‍ ഒരുങ്ങികൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴിയുള്ള വെബ്ബ് ചാറ്റിങ്ങിലൂടെയും അപേക്ഷകര്‍ക്ക് ഇനി മുതല്‍ വിരല്‍ തുമ്പിലൂടെ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും.

ഐറിഷ് പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നതിലൂടെ യൂറോപ്പിലേക്കുള്ള കവാടം തുറന്നുകിട്ടുമെന്നതാണ് അപേക്ഷകരുടെ എണ്ണം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം. യു.കെ യെ സംബന്ധിച്ച് അയര്‍ലന്റിലേക്കുള്ള നോട്ടം ബ്രക്സിറ്റിന്റെ വരവോടെ കൂടിവരികയാണ്. ഇ.യു നിയമങ്ങളില്‍ നിന്നും വ്യതിചലിച്ചുള്ള ബ്രിട്ടന്റെ നയങ്ങളില്‍ തൊട്ടടുത്ത ഇ.യു രാജ്യമെന്ന നിലയില്‍ ഏക ആശ്രയം അയര്‍ലണ്ട് മാത്രമാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: