ഐറിഷ് ജിഹാദി വധു ലിസ സ്മിത്ത് ആഴ്ചകള്‍ക്കകം അയര്‍ലണ്ടിലേക്ക്…

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടാന്‍ സിറിയയിലെത്തിയ ജിഹാദി വധു ആഴ്ചകള്‍ക്കകം തന്നെ അയര്‍ലണ്ടില്‍ തിരിച്ചെത്തുന്നു. തുര്‍ക്കി വിദേശ മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ലിസയെ കൂടാതെ മറ്റൊരു ഐറിഷ് ജിഹാദിയെയും അയര്‍ലണ്ടിലേക്ക് തിരിച്ചുവിടുമെന്നും തുര്‍ക്കി അറിയിച്ചു. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

അടുത്ത ദിവസങ്ങളില്‍ ഇത്തരത്തില്‍ ഇരുപത് യൂറോപ്യന്‍ ജിഹാദികളെയാണ് അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതെന്ന് തുരത്തി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ലിസയും അവരുടെ രണ്ട് വയസ്സ് പ്രായമായ പെണ്‍കുട്ടിയെയും അയര്‍ലണ്ടിലേക്ക് തിരിച്ചെത്തിക്കുമെന്ന് ഐറിഷ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇവര്‍ക്ക് അയര്‍ലണ്ടിലേക്ക് തിരിച്ചെത്താന്‍ ആവശ്യമായ നിയമ രേഖകളും മറ്റും തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

അയര്‍ലണ്ടില്‍ സേനയുടെ ഭാഗമായിരുന്ന ലിസ സ്മിത്ത് ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടാന്‍ പോവുകയും അതിന്റെ ഭാഗമായി ജിഹാദി വധുവായി മാറുകയും ചെയ്ത ക്രിമിനല്‍ കുറ്റത്തിനെതിരെ അയര്‍ലണ്ടില്‍ ഇവര്‍ അന്വേഷണം നേരിടും. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ എന്തെല്ലാം ജോലികളാണ് ചെയ്തിരുന്നതെന്നും ഭീകരവാദവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ചോദ്യം ചെയ്യപ്പെടും. രാജ്യത്തിന് പുറത്ത് ഭീകരവാദ വിരുദ്ധ നിയമം 2005 അനുസരിച്ച് ഉള്ള നിയമ നടപടികളും ലിസ നേരിടേണ്ടി വരും.

ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെ 20 ജിഹാദികളെ അവരുടെ നാടുകളിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് തുര്‍ക്കി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ഭീകരരെ സ്വീകരിക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതില്‍ ജര്‍മനി മാത്രമാണ് ചെറിയൊരു വിട്ടുവീഴ്ചക്ക് തയ്യാറായിരിക്കുന്നത്. എന്നാല്‍ ആധികാരികമായി ഇത് സ്ഥിരീകരിച്ചിട്ടുമില്ല.

ഇസ്ലാമിക് സ്റ്റേറ്റിനെ സിറിയയില്‍ നിന്നും തുരത്തുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലില്‍ 1200 വിദേശ പൗരന്മാരാണ് പിടിയിലായിട്ടുള്ളത്. ഇവരെയെല്ലാം തീറ്റിപ്പോറ്റാന്‍ കഴിയില്ലെന്നാണ് തുര്‍ക്കിയുടെ വാദം. ഇവരെ മാതൃരാജ്യങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ എങ്ങോട്ടു നാടുകടത്തുമെന്നത് അറിയില്ലെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: