ഐറിഷ് അതിര്‍ത്തി വ്യാപാരം സംബന്ധിച്ച തീരുമാനം ഉടന്‍ പ്രഖ്യാപിക്കണമെന്ന് ലിയോ വരേദ്കര്‍

ബ്രസല്‍സ്: ബ്രെക്‌സിറ്റിലെ ഐറിഷ് അതിര്‍ത്തി സംബന്ധിച്ച പദ്ധതി കഴിയുംവേഗം പ്രസിദ്ധീകരിക്കണമെന്ന് ബ്രിട്ടനോട് അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ആവശ്യപ്പെട്ടു. നവംബറില്‍ തന്നെ യൂറോപ്യന്‍ യൂണിയനുമായി ഒരു ഉടമ്പടിയിലെത്താന്‍ ഐറിഷ് അതിര്‍ത്തി പദ്ധതി വേഗത്തില്‍ പ്രസിദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്. ഒക്ടോബര്‍ 17-18 തിയ്യതികളില്‍ നടക്കുന്ന ഉച്ചകോടിക്കു മുമ്പുതന്നെ പദ്ധതി പ്രസിദ്ധീകരിക്കണമെന്ന് ലിയോ ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാരുമായി ലിയോ നടത്തിയ ചര്‍ച്ചകള്‍ക്കിടയിലാണ് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.

വിട്ടുവീഴ്ചകള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ടെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ഡോണള്‍ഡ് ടസ്‌ക് പറഞ്ഞു. യൂറോപ്യന്‍ യൂണിയനെ സോവിയറ്റ് യൂണിയനുമായി താരതമ്യം ചെയ്ത യുകെ വിദേശകാര്യമന്ത്രി ജെരെമി ഹണ്ടിന്റെ നിലപാടിനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. യുകെയുമായി കാനഡയുടേതിന് സമാനമായ കരാറിലെത്തിച്ചേരാനും യുറോപ്യന്‍ യൂണിയന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. യുറോപ്യന്‍ യൂണിയനും കാനഡയും തമ്മില്‍ നേരത്തെ ഉണ്ടാക്കിയ നികുതിരഹിത വിപണിക്കരാറിന് സമാനമായ ഒന്ന് പരീക്ഷിക്കാവുന്നതാണെന്ന് നേരത്തെ മുന്‍ ബ്രിട്ടിഷ് വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണ്‍ വാദിച്ചിരുന്നു. ഇതിന് കണ്‍സര്‍വ്വേറ്റീവ് പാര്‍ട്ടിയിലും സര്‍ക്കാരിലും വലിയ പിന്തുണ കിട്ടിയിരുന്നില്ല. ഈ നിര്‍ദ്ദേശങ്ങള്‍ യുകെയുടെ യൂറോപ്യന്‍ യൂണിയന്‍ ബ്രെക്‌സിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തള്ളുകയും ചെയ്തു.

യൂറോപ്യന്‍ കൗണ്‍സില്‍ തലവന്റെ ഈ പ്രസ്താവനയെ പിന്താങ്ങി ബോറിസ് ജോണ്‍സനും മറ്റ് ദൃഢ ബ്രെക്‌സിറ്റ് വക്താക്കളും ഉടന്‍ രംഗത്തെത്തി. തന്റെ ചെക്വേഴ്‌സ് പ്ലാനില്‍ നിന്നും പിന്മാറാന്‍ തെരേസ മേ ഇനിയും മടിക്കരുതെന്ന് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ഐറിഷ് അതിര്‍ത്തിപ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദ്ദേശമാണ് യൂറോപ്യന്‍ കൗണ്‍സില്‍ ഇപ്പോള്‍ മുമ്പോട്ടു വെച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ വ്യാപാരം നടക്കുന്ന ഐറിഷ് അതിര്‍ത്തിയെ ബ്രെക്‌സിറ്റാനന്തര കാലത്തും അതേപടി സംരക്ഷിക്കുക എന്ന ആലോചനയാണ് അയര്‍ലന്‍ഡിനുള്ളത്. വടക്കന്‍ അയര്‍ലാന്‍ഡിനു വേണ്ടി ഒരു പ്രത്യേക ഉടമ്പടി ആവശ്യമാണെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ തുടക്കം മുതല്‍ എടുത്തു വരുന്നത്. എന്നാല്‍ ബ്രിട്ടനില്‍ നിന്നും വേറിട്ടൊരു നിയമനിര്‍വ്വഹണ മേഖലയായി അയര്‍ലന്‍ഡിനെ മാറ്റുക എന്ന നിര്‍ദ്ദേശത്തോട് തെരേസ മേ യോജിക്കുന്നില്ല.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: