ഐറിഷ് അതിര്‍ത്തി പ്രതിസന്ധി: ബ്രക്സിറ്റ് ചര്‍ച്ച അനിശ്ചിതത്തില്‍

വടക്കന്‍ അയര്‍ലണ്ടും ഐറിഷ് റിപബ്ലിക്ക് തമ്മിലുള്ള അതിര്‍ത്തിയെ കുറിച്ച് കൃത്യമായ നിലപാട് വേണമെന്ന അയര്‍ലണ്ട് പ്രധാനമന്ത്രി ലിയോ വരാദ്കര്‍ കര്‍ശന നിലപാടെടുത്തതോടെ സ്വീഡനിലെ ഗോദന്‍ബര്‍ഗില്‍ നടന്ന യുറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിയിലെ ബ്രക്സിറ്റ് ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായി. ചര്‍ച്ചകള്‍ ഇനിയും നീണ്ടുപോകാനുള്ള സാധ്യതകളാണ് കാണുതെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ബ്രക്സിറ്റ് ചര്‍ച്ചകളിലെ പ്രധാനപ്പെട്ട സാധ്യതകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഏകപക്ഷീയമായി തള്ളിക്കളയുന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് ചുവപ്പ് വരവരയ്ക്കാന്‍ അയര്‍ലണ്ട് പ്രധാനമന്ത്രിയും യുറോപ്യന്‍ യൂണിയന്‍ നേതാക്കളും നിര്‍ബന്ധിതരായതെന്നാണ് ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

ഐറിഷ് പ്രശ്നത്തിലോ സാമ്പത്തിക ഒത്തുതീര്‍പ്പുകള്‍ സംബന്ധിച്ചോ എന്തെങ്കിലും അന്തിമതീരുമാനങ്ങള്‍ക്ക് ഇപ്പോള്‍ സാധ്യതയുണ്ടെന്ന് പറയാനാവില്ലെന്ന് വരാദ്ക്കര്‍ വ്യക്തമാക്കി. അയര്‍ലണ്ടില്‍ നിയതമായ അതിര്‍ത്തി ഉണ്ടാവില്ല എന്നാല്‍ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ വ്യാപാര ചര്‍ച്ചകള്‍ക്ക് താന്‍ പിന്തുണ നല്‍കില്ലെും അദ്ദേഹം പറഞ്ഞു. വിവാഹമോചനവും അതേസമയം പരസ്യ ബന്ധവുമാണ് ബ്രിട്ടണ്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. യുറോപ്യന്‍ യൂണിയന്‍ നേതാക്കളും വരാദ്ക്കറുടെ നിലപാടിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. അയര്‍ലണ്ട് അതിര്‍ത്തിയെ സംബന്ധിച്ചും സാമ്പത്തിക പരിഹാരങ്ങള്‍ സംബന്ധിച്ചും വ്യക്തമായ പുരോഗതി കൈവരിക്കേണ്ടതുണ്ടെന്ന് യുറോപ്യന്‍ കൗണ്‍സില്‍ തലവന്‍ ഡൊണാള്‍ഡ് ടസ്‌ക് ബ്രിട്ടണ് മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുകെ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് എന്ന് ബ്രക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസിന്റെ പ്രസ്താവനയെയും അദ്ദേഹം പരിഹസിച്ചു.

ഉച്ചകോടിയുടെ മുന്നോടിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ, സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്വെന്‍ തുടങ്ങി നിരവധി നേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാല്‍ വിഷയത്തില്‍ എന്തെങ്കിലും തരത്തിലുള്ള പുരോഗതി കൈവരിക്കണമെങ്കില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് യു കെ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് കാര്യത്തില്‍ താന്‍ ബോധവതിയാണെന്ന് യുകെ പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ യോജിച്ചുള്ള മുന്നേറ്റമാണ് വേണ്ടതെന്നും അതിലൂടെ മാത്രമേ യുകെയ്ക്കും യൂറോപ്യന്‍ യൂണിയനും ഏറ്റവും അനുകൂലമായ ഉടമ്പടി ഉരുത്തിരിയൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പൗരന്മാരുടെ അവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നല്ല പുരോഗതിയാണ് ഉണ്ടായിട്ടുള്ളതെങ്കിലും അയര്‍ലണ്ടിന്റെയും സാമ്പത്തിക പരിഹാരങ്ങളുടെയും കാര്യത്തില്‍ ഒരുപാട് മുന്നോട്ട്് പോകാനുണ്ടെന്നും ടസ്‌ക് വ്യക്തമാക്കി. ഡിസംബര്‍ ആദ്യവാരത്തോടെയെങ്കിലും ഈ രണ്ട് വിഷയങ്ങളിലും നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാവണമെന്ന് മുമ്പ് നടന്ന ഒരു ഉഭയകക്ഷി ചര്‍ച്ചയില്‍ താന്‍ മേയോട് ആവശ്യപ്പെട്ടിരുന്നതാണെന്നും ടസ്‌ക് കൂട്ടിച്ചേര്‍ത്തു. അടുത്ത വെള്ളിയാഴ്ച ഇരുനേതാക്കളും കണ്ടുമുട്ടുമ്പോള്‍ കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ഭാവിയിലെ വാണിജ്യ ബന്ധങ്ങളും പരിവര്‍ത്ത കാലവധിയും ചര്‍ച്ച ചെയ്യപ്പെടു ബ്രക്സിറ്റ് ചര്‍ച്ചകളുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാണെന്ന് പ്രസിഡന്റ് പറഞ്ഞു. കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നപക്ഷം ബ്രസല്‍സില്‍ ഡിസംബര്‍ 14-15 തീയതികളില്‍ നടക്കുന്ന അടുത്ത ഉച്ചകോടിയില്‍ ഈ ചര്‍ച്ചകള്‍ ആരംഭിക്കാവുന്നതാണ്. എന്നാല്‍ മറ്റ് വിഷയങ്ങളിലുള്ള പുരോഗതിയെ അനുസരിച്ചിരിക്കും അത്. വളരെ സൂക്ഷിച്ചാണ് ഇക്കാര്യത്തില്‍ താന്‍ മുന്നോട്ട് പോകുന്നതെങ്കിലും പ്രതീക്ഷ കൈവിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഡിസംബര്‍ ആദ്യവാരം എന്ന് യുറോപ്യന്‍ യൂണിയന്‍ അന്ത്യശാസനം തെരാസ മേയ്ക്ക് ശ്വാസം വിടാനുള്ള സമയം നല്‍കുമെന്ന്് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേകിച്ചും സാമ്പത്തിക പരിഹാരങ്ങള്‍ പോലെയുള്ള പ്രശ്നങ്ങളില്‍ യൂറോപ്പിലും തന്റെ ക്യാബിനറ്റ് അംഗങ്ങള്‍ക്കിടയിലും ഒരു പൊതുധാരണ ഉണ്ടാക്കാന്‍ അവര്‍ക്ക് ഈ സമയം കൊണ്ട് സാധിച്ചേക്കും. ഇക്കാര്യത്തില്‍ അടുത്ത വെള്ളിയാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് യുറോപ്യന്‍ യൂണിയന്റെ മുഖ്യ മധ്യസ്ഥന്‍ മൈക്കിള്‍ ബ്രാണിയര്‍ നേരത്തെ യുകെയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏതായാലും യുറോപ്യന്‍ യൂണിയനുമായുള്ള യുകെയുടെ സാമ്പത്തിക നഷ്ടപരിഹാരം, യുകെയിലുള്ള യൂറോപ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍, യൂറോപ്പിലുള്ള ബ്രട്ടീഷ്് പൗരന്മാരുടെ അവകാശങ്ങള്‍, വടക്കന്‍ അയര്‍ലണ്ടും അയര്‍ലണ്ട് റിപബ്ലിക്കും തമ്മിലുള്ള അതിര്‍ത്തി എന്നീ നാല് പ്രശ്നങ്ങളില്‍ വ്യക്തതവരാതെ വ്യാപാര ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ യുറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അനുവദിക്കാന്‍ സാധ്യതയില്ല. ഡിസംബറിലെ ബ്രസല്‍സ് ഉച്ചകോടിയില്‍ നിര്‍ണായക പുരോഗതി കൈവരിച്ചില്ലെങ്കില്‍ വരുന്ന മാര്‍ച്ചില്‍ നടക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ യോഗം വരെ ബ്രക്സിറ്റ് ചര്‍ച്ചകള്‍ സ്തംഭിക്കാനാണ് സാധ്യത.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: