ഐഎസ് ഭീകരര്‍ റഷ്യന്‍ വിമാനദുരന്തം ആഘോഷിക്കുന്ന വീഡിയോ പുറത്ത്

 

സിറിയയില്‍ ഐഎസിനെതിരെ റഷ്യ നടത്തുന്ന വ്യോമാക്രമണത്തിന്റെ പ്രതികാരമായാണ് ഈജിപ്റ്റിലെ സിനായില്‍ റഷ്യന്‍ വിമാനം തകര്‍ത്തതെന്ന് അവകാശപ്പെട്ട് ഐഎസ് ഭീകരര്‍ വിജയം ആഘോഷിക്കുന്ന പുതിയ വീഡിയോ പുറത്തുവന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആലപ്പോ പ്രവിശ്യയിലെ മാധ്യമവിഭാഗമാണ് ഏഴുമിനിറ്റ് നീളുന്ന വീഡിയോ പുറത്തുവിട്ടത്. ഒകോടോബര്‍ 31 ന് ഈജിപ്റ്റിലെ ഷല്‍ അറം ഷെയ്ഖിലേക്ക് വിനോദ സഞ്ചാരികളുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 224 പേരും മരിച്ചിരുന്നു. വിമാനം തകര്‍ന്നു വീണതിന്റെ ഉത്തരവാദിത്വം ഐഎസ് നേരത്തെ ഏറ്റെടുത്തിരുന്നു.

പുതിയ വീഡിയോയില്‍ വിമാനം തകര്‍ത്തതിന് ഐഐസ് ഭീകരരെ അഭിനന്ദിക്കുന്നുണ്ട്. നോര്‍ത്തേണ്‍ സിറിയന്‍ ശൈലിയില്‍ അഞ്ചുപേര്‍ ഐഎസ് ഭീകരര്‍ക്ക് നന്ദിപറയുകയും റഷ്യയുടെ അതിക്രമത്തിന് പ്രതികാരമായി റഷ്യന്‍ യാത്രാവിമാനം തകര്‍ത്ത് ഐഎസിലെ ലയണ്‍ ഫൈറ്റേഴ്‌സ് നേടിയ വിജയത്തെ ഇവര്‍ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

ഐഎസ് നേതാവായ അല്‍-ബാഗ്ദാദിയും ഐഎസിനെതിരെ പോരാടുന്നവരെ നശിപ്പിക്കുമെന്ന് സന്ദേശം നല്‍കി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എല്ലാ മുസ്ലിം രാജ്യങ്ങള്‍ക്കും സമാധാനവും സുരക്ഷിതത്വവും ആസ്വദിക്കാനാവാത്തിടത്തോളം കാലം മറ്റ് രാജ്യങ്ങളില്‍ സമാധാനവും സുരക്ഷിതത്വവും തങ്ങള്‍ അനുവദിക്കില്ലെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു.

റഷ്യന്‍ വിമാനം തകര്‍ത്തത് തങ്ങളാണെന്നവകാശപ്പെടുന്ന ഐഎസ് ഭികരര്‍ എപ്പോഴാണ്,എങ്ങനെയാണ് തുടങ്ങിയ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് സൂചിപ്പിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോ പുറത്തുവിടുന്ന Isdarat എന്ന സൈറ്റിലൂടെയാണ് ഈ വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം വിമാനം തകരാന്‍ കാരണം ബോംബ് സ്‌ഫോടനമാകാം എന്ന നിഗമനത്തിലേക്കാണ് അന്വേഷമണങ്ങള്‍ എത്തുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: