ഐഎസ് ബന്ധം: കോയമ്പത്തൂരില്‍ മൂന്നുപേര്‍ അറസ്റ്റില്‍: നഗരത്തില്‍ നിരോധനാജ്ഞ…

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഒരു സംഘം പ്രവര്‍ത്തിക്കുന്നെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) റെയ്ഡിനു പിന്നാലെ കോയമ്പത്തൂരില്‍ പോലീസിന്റെയും റവന്യൂ അധികൃതരുടെയും നേതൃത്വത്തിലും പരിശോധന നടന്നു.

വ്യാഴാഴ്ചയും തുടര്‍ന്ന പരിശോധനയില്‍ കഴിഞ്ഞ ദിവസം പിടിയിലായ ആറുപേര്‍ക്ക് പുറമേ മുന്നു പേര്‍ കൂടി പിടിയിലായതായി റിപ്പോര്‍ട്ട്. ഇവരില്‍ നിന്നും സംശയാസ്പദമായ വസ്ഥുക്കള്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഉക്കടം, കരിമ്പുകടൈ, വിന്‍സന്റ് റോഡ് എന്നിവിടങ്ങളിലായിരുന്നു വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് പരിശോധന. എന്‍.ഐ.എ. റെയ്ഡിനുപിന്നാലെയാണ് കോയമ്പത്തൂരില്‍ പോലീസിന്റെയും റവന്യൂ അധികൃതരുടെയും നേതൃത്വത്തിലും പരിശോധന.

അതേസമയം, ജൂണ്‍ 26 വരെ കോയമ്പത്തൂര്‍ നഗരത്തില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടംകൂടുന്നതും ജാഥകളും പ്രതിഷേധപ്രകടനങ്ങളും നിരാഹാരസമരങ്ങളും നിരോധിച്ചിട്ടുണ്ട്. ലഘുലേഖകള്‍ വിതരണംചെയ്യുന്നതും പോസ്റ്റര്‍ പതിക്കുന്നതും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും തടഞ്ഞു. കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ സുമിത് ശരണ്‍ ആണ് ഉത്തരവിറക്കിയത്.
നിയന്ത്രണത്തില്‍ ഇളവുവേണ്ടവര്‍ അഞ്ചുദിവസംമുമ്പ് പോലീസിന് അപേക്ഷ നല്‍കണം. അംഗീകൃത ആരാധനാലയങ്ങള്‍ക്കും വിവാഹം, ശവസംസ്‌കാരം, മതപരമായ മറ്റു ചടങ്ങുകള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ല. എന്നാല്‍ നിരോധനാജ്ഞയ്ക്ക് ഐഎസ് റെയ്ഡുകളുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീനെ കൊച്ചി എന്‍.ഐ.എ. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്‍ഐഎ റെയ്ഡിന് പിന്നാലെ എന്‍.ഐ.എ. കേസെടുത്ത മറ്റ് അഞ്ച് പേര്‍ ഇന്നലെ എന്‍ഐഎക്ക് മുന്നില്‍ ഹാജറായി.
ഉക്കടം സ്വദേശികളായ ഷെയ്ഖ് ഹിദായത്തുള്ള (38), ഷാഹിന്‍ ഷാ (28), പോത്തന്നൂര്‍ തിരുമറൈ നഗറിലെ അക്രം സിന്ധ (26), കുനിയമുത്തൂരിലെ എം. അബൂബക്കര്‍ (29), ഉമ്മര്‍ നഗറിലെ സദ്ദാം ഹുസൈന്‍ (26) എന്നിവരാണ് വ്യാഴാഴ്ച കൊച്ചിയില്‍ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ക്കുമുമ്പാകെ ഹാജരായത്.

Share this news

Leave a Reply

%d bloggers like this: