ഐഎസിന് യൂറോപ്പ് ആക്രമണ പദ്ധതിയെന്ന് ഇന്റര്‍പോള്‍; സുരക്ഷാ ശക്തമാക്കി അയര്‍ലണ്ട്

പശ്ചിമേഷ്യയിലെ താവളങ്ങള്‍ തകര്‍ത്തതിനു പ്രതികാരനടപടിയായി യൂറോപ്പിനെ തകര്‍ക്കാന്‍ ഐഎസ് തയ്യാറെടുക്കുന്നതായി ഇന്റര്‍പോള്‍ സര്‍ക്കുലര്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിവിധ ഇടങ്ങളില്‍ സ്ഫോടനം നടത്താനാണ് ഐഎസ് ശ്രമമെന്നും സര്‍ക്കുലറില്‍ പറയുന്നു. ആക്രമണങ്ങള്‍ക്കായി പ്രത്യേക പരിശീലനം നേടിയതായി കണ്ടെത്തിയ 173 പേരുടെ പട്ടികയും ഇന്റര്‍പോള്‍ പുറത്തുവിട്ടു. ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നു യുഎസ് അന്വേഷണ ഏജന്‍സിക്കു ലഭിച്ച രേഖകളെ ആധാരമാക്കിയാണ് സര്‍ക്കുലര്‍.

ഇറാഖിലെയും സിറിയയിലെയും ഐഎസ് കേന്ദ്രങ്ങള്‍ തകര്‍ത്തതില്‍ യൂറോപ്പിന്റെ ഭീകരവിരുദ്ധ വിഭാഗത്തിനു പങ്കുണ്ട്. ഇക്കാരണത്താലാണ് ഐഎസ് യൂറോപ്പിനെ ലക്ഷ്യമാക്കുന്നതെന്നാണ് ഇന്റര്‍പോള്‍ സര്‍ക്കുലറില്‍ പറയുന്നത്. അതെസമയം ഇന്റര്‍പോളിന്റെ പട്ടികയിലുള്‍പ്പെടുന്നവര്‍ ആരല്ലൊമാണെന്ന സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. മെയ് 27നാണ് പട്ടിക ഇന്റര്‍പോള്‍ ജനറല്‍ സെക്രട്ടേറിയറ്റ് യൂറോപ്യന്‍ യൂനിയന് കൈമാറിയത്. ആക്രമണങ്ങള്‍ നടത്തുന്നതിനായി 173 പേര്‍ സജ്ജമായിട്ടുണ്ടെന്നും ഇവര്‍ രാഷ്ട്രങ്ങളെ തകര്‍ക്കാന്‍ പറ്റിയ പരിശീലനം നേടിയവരാണെന്നും ഇന്റര്‍പോള്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. അതിശക്തമായ സ്ഫോടകവസ്തുക്കളും ഉപകരണങ്ങളും ഇവരുടെ പക്കലുണ്ടെന്നും രേഖയില്‍ പറയുന്നു. ഒറ്റയ്ക്കുള്ള ആക്രമണങ്ങള്‍ക്കാണ് ഇവര്‍ തയ്യാറെടുക്കുന്നതെന്നും രേഖയില്‍ സൂചനയുണ്ട്.

അയര്‍ലണ്ടില്‍ നിലവിലെ സാഹചര്യത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഭീകരാക്രമണങ്ങളെ നേരിടാനുള്ള കഴിവ് ഗാര്‍ഡയ്ക്ക് ഉണ്ടെന്ന് കഴിഞ്ഞ ആഴ്ച നടന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി ലിയോ വരേദ്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏതു തരത്തിലുള്ള ആക്രമണങ്ങളും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ അയര്‍ലണ്ട് സുരക്ഷിതവും സുസ്ഥിരവുമായ രാജ്യമാണ്, ലോകത്തിലെ സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്ന്. എന്നാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്ന യുകെയില്‍ അടുത്തിടെ ഉണ്ടായ ആക്രമണ പരമ്പരകള്‍ അയര്‍ലണ്ടിലെ ദേശീയ സുരക്ഷാ സംവിധാനങ്ങളില്‍ ചോദ്യമുയര്‍ത്തുന്നു. പ്രതിരോധ സേന, ഗാര്‍ഡ,ഫയര്‍ സര്‍വീസ്, ആംബുലന്‍സ് സര്‍വീസ്, മറ്റ് പ്രതികരണ ഏജന്‍സികള്‍ എന്നിവയ്ക്ക് കൂടുതല്‍ പരിശീലനം നല്‍കേണ്ടതുണ്ട്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: