ഏഴുവര്‍ഷത്തിനിടെയില്‍ ജീവനൊടുക്കിയത് 300 മാലാഖമാര്‍; യു.കെ നേഴ്സുമാരുടെ കൂട്ട ആത്മഹത്യ; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍ ഏജന്‍സികള്‍…

ലണ്ടന്‍: കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ യു.കെയില്‍ 300 എന്‍.എച്ച്.എസ് നേഴ്സുമാര്‍ ജീവനൊടുക്കിയതായി യു.കെയിലെ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വെളിപ്പെടുത്തല്‍. ആഴ്ചയില്‍ ഓരോ നേഴ്സുമാര്‍ വീതം കഴിഞ്ഞ വര്‍ഷം വരെ ആത്മഹത്യ ചെയ്തു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2011 മുതല്‍ 2017 വരെയുള്ള കാലയളവിലാണ്. യു.കെയിലെ ദേശീയ ആത്മഹത്യാ നിരക്കിനേക്കാള്‍ 23 ശതമാനം കൂടുതലാണ് എന്‍.എച്ച്.എസ് നേഴ്സുമാരുടെ ആത്യമഹത്യാ കണക്കുകളെന്നും സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വിലയിരുത്തുന്നു. 2016 നു ശേഷമാണ് നേഴ്സുമാരുടെ ആത്മഹത്യാ നിരക്കില്‍ കുറവ് വന്നുതുടങ്ങിയത്.

20 മുതല്‍ 64 വയസ്സ് വരെ പ്രായമുള്ള 51 നേഴ്സുമാര്‍ 2016-ല്‍ ജീവനൊടുക്കിയിരുന്നു. 2017-ല്‍ ഇത് 32 ആയി കുറഞ്ഞു. 2014-ല്‍ ആണ് നേഴ്‌സിങ് ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ കാലയളവില്‍ 54 നേഴ്സുമാരാണ് ജീവനൊടുക്കിയത്. ശമ്പളക്കുറവും അമിതജോലിഭാരവുമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ആത്മഹത്യ ചെയ്തവരില്‍ ജൂനിയര്‍ നേഴ്സുമാര്‍ മുതല്‍ സീനിയര്‍ ആയവര്‍ വരെ ഉണ്ടായിരുന്നു എന്നതും കൗതുകകരമാണ്.

മുന്‍ യു.കെ സര്‍ക്കാരുകളുടെ ചെലവ് ചുരുക്കല്‍ നയങ്ങള്‍ നേഴ്സുമാരെ ആത്മഹത്യയില്‍ കൊണ്ടെതിച്ചെന്നും ആരോപണം ഉയരുന്നു. 7 വര്‍ഷത്തോളം ശമ്പളവര്‍ദ്ധനവ് ഇല്ലാതെ ജോലി ചെയ്യേണ്ടിവന്ന കാലയളവിലാണ് ആത്മഹത്യാ നിരക്കുകള്‍ വര്‍ധിച്ചത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി നേഴ്‌സിങ് റിക്രൂട്‌മെന്റുകള്‍ കുറഞ്ഞു. പകരം നിലവിലെ നേഴ്സുമാര്‍ക്ക് അമിത ജോലിഭാരവും ഏറ്റെടുക്കേണ്ടി വന്നു. ഇതിനിടെ ശമ്പള വര്‍ധനവും ഇല്ലാതായതോടെ ഇവര്‍ പ്രതിസന്ധിയിലുമായി.

മാനസിക സമ്മര്‍ദ്ദങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഒരുമിച്ച് നേരിടേണ്ടി വന്നതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെയാണ് ഭൂരിഭാഗം നേര്‌സുമാര്‍ക്കും ജീവനൊടുക്കേണ്ടി വന്നതെന്ന് കണക്കാക്കപെപ്പടുന്നു. നേഴ്സുമാരുടെ ആത്മഹത്യാ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ എന്‍.എച്ച്. എസ്സില്‍ യു.കെ സര്‍ക്കാര്‍ അഴിച്ചുപണികള്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തിരമായി നേഴ്സുമാരുടെ മാനസിക പിരിമുറുക്കം കുറക്കാന്‍ ഇവര്‍ക്ക് കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കുന്ന നടപടികളും ഉടന്‍ ആരംഭിച്ചേക്കും.

Share this news

Leave a Reply

%d bloggers like this: